ബേജാറാക്കാന്‍ വേണ്ടി കല്ലായി റോഡില്‍ നിന്ന് കൂടെക്കൂടിയതാണ് പണ്ഡിറ്റ് രാംനാരായണ്‍; നാല് പതിറ്റാണ്ടോളം മുന്‍പ്. പത്രപ്രവര്ത്തനമോഹങ്ങളുമായി കോഴിക്കോട്ട് വന്നിറങ്ങിയ 1980 കളുടെ മദ്ധ്യത്തിലായിരുന്നു ആദ്യ സമാഗമം. ഉസ്താദ് ബിസ്മില്ലാഖാന്റെ ഷഹനായ് തേടി ഒരു നാള് കല്ലായി റോഡിലെ സുഹൃത്തിന്റെ കാസറ്റ് കടയില്‍ ചെന്നതാണ്. നിര്‍ഭാഗ്യവശാല്‍ ഖാന് സാഹിബിന്റെ ആല്ബമില്ല അവിടെ. നിരാശനായി ഇറങ്ങിപ്പോരവേ സുഹൃത്ത് പിന്നില്‍ നിന്ന് കൈകൊട്ടി വിളിക്കുന്നു:
‘മാഷേ, നിങ്ങക്ക് ബേജാറായാല്‍ പോരേ ? അതിന് വേറൊരു കാസറ്റ് തരാം…’
ഇഷ്ടപ്പെട്ടു ആ പ്രയോഗം: കാസറ്റ് കേട്ട് ബേജാറാകുക. മംഗളവാദ്യമെന്നാണ് പേരെങ്കിലും പ്രശസ്തരുടെ വിയോഗനാള് ആകാശവാണിയിലും ദൂരദര്‍ശനിലും അലയടിക്കുന്ന രോദനമായിട്ടാണല്ലോ ഷഹനായ് നമുക്ക് സുപരിചിതം. തിരിച്ചു ചെന്നപ്പോള്‍ പിന്നിലെ റാക്കില്‍ നിന്ന് ഒരു കാസറ്റെടുത്ത് എന്റെ നേരെ നീട്ടുന്നു കടയുടമ. ‘ദാ, ഇത് കൊണ്ടുപോയി കേട്ടു നോക്ക്. സങ്കടം വരും, ഉറപ്പ്. ഇല്ലെങ്കില്‍ പൈസ മടക്കിത്തരാം..’
ചുമലോളം ഒഴുകിക്കിടക്കുന്ന മുടിയുള്ള പണ്ഡിറ്റ് രാംനാരായണ്‍ എന്നൊരാള്‍ കാസറ്റിന്റെ മുഖചിത്രത്തില്‍ നിന്ന് പുഞ്ചിരിക്കുന്നു. പേര് മുന്‍പും കേട്ടിട്ടുണ്ട്. പക്ഷേ നെഞ്ചോട് ചേര്‍ത്തുപിടിച്ച വാദ്യോപകരണം അത്ര പരിചിതമല്ല. സിത്താറിന്റെയും സരോദിന്റെയുമൊക്കെ കുടുംബത്തില്‍ പെടുന്ന ഒന്നാണെന്ന് മാത്രമറിയാം. എന്തായാലും കേട്ടുനോക്കുക തന്നെ. ബേജാറാകുമോ എന്നറിയാമല്ലോ.
കയ്യിലൊരു കൊച്ചു ടേപ്പ് റെക്കോര്‍ഡറുണ്ടായിരുന്നു അന്ന്. താമസിക്കുന്ന ഹോസ്റ്റലില്‍ ചെന്ന് അതില്‍ കാസറ്റിട്ട് പ്ലേ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ഒഴുകിവന്ന നാദവീചികള്‍ എന്റെ ആകാംക്ഷ അത്ഭുതമാക്കി മാറ്റുന്നു. എത്ര സുപരിചിതമാണീ നാദം. എത്രയെത്ര പ്രിയഗാനങ്ങളില്‍ ഈ വിഷാദമധുരവീചികള് കേട്ട് കോരിത്തരിച്ചിരിക്കുന്നു. ഹം ബേഖുദി മേ തും കോ പുകാരെ (കാലാപാനി), ജോ ബാത്ത് തുജ്മേ ഹേ, പാവോം ചൂലെനെ ദോ (താജ് മഹല്‍), ചല്‍ത്തേ ചല്‍ത്തേ (പാക്കിസ), മോഹേ പന്ഘട്ട് പെ, പ്യാര് കിയാ തോ ഡര്‍നാ ക്യാ (മുഗള്‍ എ അസം), കഹി പെ നിഗാഹേ, ആംഖോം ഹി ആംഖോം മേ (സി ഐ ഡി), യൂ ഹസ്രതോം കേ ദാഗ് മൊഹബ്ബത് കി (അദാലത്ത്), പിന്നെ ‘കശ്മീര്‍ കി കലി’യിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍….
വിഷാദമാണ് ആധാരശ്രുതിയെങ്കിലും സിനിമാഗാനങ്ങളില്‍ പ്രണയത്തില്‍ ചാലിച്ചാണ് രോഷനും ഒ പി നയ്യാറും മദന്മോഹനുമൊക്കെ സാരംഗി അധികവും ഉപയോഗിച്ചിട്ടുള്ളത്. മൂന്ന് സംഗീത സംവിധായകരുടെയും പ്രിയപ്പെട്ട സാരംഗി വാദകനായിരുന്നു രാംനാരായണ്ജി. സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് പറന്നുനടന്നു വായിച്ചിരുന്ന കാലം. ശാസ്ത്രീയ വേദികളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പണ്ഡിറ്റ്ജി തീരുമാനിച്ചതോടെയാണ് ഉസ്താദ് സുല്‍ത്താന്‍ ഖാനെ പോലുള്ളവര്‍ സിനിമയില്‍ സജീവമായത്.
ഒരിക്കല്‍, ഒരേയൊരിക്കല്‍, സാരംഗി ഇതിഹാസവുമായി ഫോണില്‍ സംസാരിക്കാന്‍ ഭാഗ്യമുണ്ടായി; ഹ്രസ്വമായ ഒരു സംഭാഷണം. ഫോണില്‍ അദ്ദേഹത്തെ വിളിച്ചു തന്നത് സാരംഗി ആര്‍ട്ടിസ്റ്റ് കൂടിയായ കൊല്‍ക്കത്ത ജനറല്‍ പോസ്റ്റ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് മുഹിയുദ്ദീന് ഖാന്. പണ്ഡിറ്റ്ജിയുടെ വത്സല ശിഷ്യരിലൊരാള്‍. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ നടന്നുവന്നിരുന്ന ദേശീയ ലീഗ് ഫുട്ബോളിന്റെ റിപ്പോര്‍ട്ടുകള്‍ ഫാക്സ് ചെയ്യാന്‍ വേണ്ടി പതിവായി പോസ്റ്റ് ഓഫീസില്‍ ചെന്നുകൊണ്ടിരുന്ന നാളുകളില്‍ വീണുകിട്ടിയ അപൂര്‍വ സൗഹൃദം. രോഗബാധിതനായി സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു അന്ന് രാംനാരായണ്ജി. സിനിമാജീവിതത്തെ കുറിച്ചുള്ള എന്റെ ജിജ്ഞാസാഭരിതമായ ചോദ്യങ്ങള്‍ക്ക് എന്നിട്ടും ക്ഷമയോടെ അദ്ദേഹം ഉത്തരം തന്നു.
ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന് ആരെന്ന ചോദ്യത്തിന് ഒരേയൊരുത്തരം: രോഷന്‍. ആദ്യമായി സിനിമയില്‍ സാരംഗി വായിച്ചത് രോഷന്‍ വേണ്ടിയാണ്. ‘മല്ഹറി’ (1951) ലെ ‘ദില്‍ തുജേ ദിയാ’ എന്ന മുകേഷ് ഗാനത്തില്‍. റെക്കോര്‍ഡിംഗ് കഴിഞ്ഞു കരയുന്ന മുഖഭാവവുമായി തന്റെ മുന്നില്‍ വന്നുനിന്ന രോഷനെ രാംനാരായണ്‍ എങ്ങനെ മറക്കാന്‍ ? സാരംഗിയുടെ വിഷാദനാദം അത്ര കണ്ട് സ്പര്‍ശിച്ചിരുന്നു പൊതുവെ വികാരജീവിയായ രോഷനെ. പില്ക്കാലത്ത് രോഷന്‍ വേണ്ടി ബര്‍സാത് കി രാത്തിലും ചിത്രലേഖയിലും മമ്തയിലും താജ്മഹലിലുമെല്ലാം സാരംഗി മീട്ടി പണ്ഡിറ്റ്ജി.
ഏറ്റവും ആസ്വദിച്ച് വായിച്ച പാട്ടുകളിലൊന്ന് സീമയിലെ ‘മന്മോഹനാ.’ ലതാജിയുടെ നാദസൗന്ദര്യവും രാംനാരായണിന്റെ സാരംഗിയും ഇരു കൈവഴികളായി ഒഴുകിച്ചേരുന്നു ജയ് ജയ്വന്തി രാഗത്തില്‍ ശങ്കര്‍ ജയ് കിഷന് ചിട്ടപ്പെടുത്തിയ ആ പാട്ടില്‍.
സിനിമയെ ഒരിക്കലും വിലകുറച്ചു കണ്ടില്ല പണ്ഡിറ്റ്ജി. സംഗീത ജീവിതത്തിന്റെ തുടക്കത്തില്‍ ജീവിക്കാനുള്ള പണം നല്‍കിയത് സിനിമയാണല്ലോ. ഉസ്താദ് ബഡെ ഗുലാം അലി ഖാന്റെ അനുഭവം ഉദാഹരണമായി എടുത്തുപറയാറുണ്ട് അദ്ദേഹം. കച്ചേരിയില്‍ നിന്ന് കഷ്ടിച്ച് ആയിരം രൂപ പ്രതിഫലമായി കിട്ടിയിരുന്ന കാലത്താണ് ഒരൊറ്റ പാട്ട് പാടാന്‍ ഖാന് സാഹിബിന് ‘മുഗള്‍ എ അസ’മിന്റെ സംവിധായകന് കെ ആസിഫ് അന്‍പതിനായിരം രൂപ കൊടുത്തത്. സിനിമയെ പാവം കലാകാരന്മാര് പിന്നെങ്ങനെ വെറുക്കും?’
പണ്ഡിറ്റ് രാംനാരായണ്‍ ഇനിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ സാരംഗി വിഷാദമധുരമായി പാടിക്കൊണ്ടിരിക്കുന്നു ഓര്‍മ്മകളില്‍. ബേജാറാക്കാനാണ് വന്നതെങ്കിലും ഒടുവില്‍ ജീവിതത്തില്‍ സംഗീതവും സ്നേഹവും ആവോളം നിറച്ച മഹാകലാകാരനെ എങ്ങനെ മറക്കാന്‍?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]