
ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ‘കൊറിയൻ ലാലേട്ടൻ’ എന്ന് മലയാളികൾ സ്നേഹപൂർവ്വം വിളിക്കുന്ന, ‘ഡോൺ ലി അണ്ണൻ’ എന്ന് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകാറുള്ള കൊറിയൻ താരം മാങ് ഡോങ് സിയോക്. ട്രെയിൻ ടു ബുസാൻ, ദ കോപ്, ദ ഡെവിൾ, ദ ബാഡ് ഗയ്സ് അടക്കം സിനിമാ പ്രേമികൾ മറക്കാനിടയില്ലാത്ത നിരവധി ചിത്രങ്ങളാണ് മാങ് ഡോങ് സിയോകിന്റേതായിട്ടുള്ളത്.
ഇടക്കാലത്ത് താരത്തിന്റെ മലയാള എൻട്രിയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻ ലാൽ ചിത്രം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ താരം എത്തുന്നുവെന്ന പ്രചാരണം സോഷ്യൽ മീഡിയകളിൽ അടക്കം പ്രചരിച്ചിരുന്നു. ഫാൻമെയ്ഡ് പോസ്റ്ററുകളടക്കം മാങ് ഡോങ്ങിന്റേതെന്ന തരത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണങ്ങളൊന്നു ഉണ്ടായിരുന്നില്ല. ഇതിനിടെ താരം ഇന്ത്യൻ ചിത്രങ്ങളിലേതെങ്കിലുമൊന്നിൽ മുഖം കാണിച്ചേക്കുമെന്ന് ചർച്ചകളും ശക്തമായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന അഭ്യൂഹങ്ങളനുസരിച്ച്, ഡോൺ ലി അണ്ണൻ തെലുഗുവിലേക്കുള്ള മാസ് എൻട്രി ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
കഴിഞ്ഞ ദിവസം അദ്ദേഹം പ്രഭാസിന്റെ ‘സാലാർ പാർട്ട് 2’ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇത് അഭ്യൂഹങ്ങൾക്ക് ശക്തിവർധിപ്പിക്കുന്നുണ്ട്. വിവിധ ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പ്രഭാസ് ആരാധകരെക്കൊണ്ട് നിറയുകയാണ്. ഫോട്ടോകളും കമന്റുകളും തെലുഗുവിലേക്കുള്ള മാസ് എൻട്രിക്കുവേണ്ടിയുള്ള സ്വാഗത പോസ്റ്റുകളും കൊണ്ട് ‘ഡോൺലി അണ്ണനെ’ വീർപ്പുമുട്ടിക്കുകയാണ്. ഇതിനിടെ മലയാളത്തിലേക്കുള്ള എൻട്രി ഔദ്യോഗികമാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. ‘അണ്ണാ, അണ്ണൻ എമ്പുരാനിൽ ഉണ്ട് എന്നത് സത്യമാണോ’ എന്നാണ് ആരാധകർ ചോദിക്കുന്നത്.
സാലാർ ആദ്യ ഭാഗത്തിൽ പ്രഭാസിനൊപ്പം മറ്റൊരു പ്രധാനവേഷത്തിൽ പൃഥ്വിരാജും എത്തിയിരുന്നു. പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ ചിത്രീകരണം അവസാന ഘട്ടത്തിലെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]