വാഷിംഗ്ടൺ : നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ അഫ്ഗാൻ പൗരനെതിരെ കുറ്റം ചുമത്തി യു.എസ്. ഫർഹാദ് ഷാകേരി (51) എന്നയാൾക്കെതിരെയാണ് നടപടി. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നേ ട്രംപിനെ വധിക്കാൻ ഇറാന്റെ റെവലൂഷനറി ഗാർഡ് പദ്ധതിയിട്ടെന്നും ഷാകേരിയെ അതിന്റെ ഭാഗമാക്കിയെന്നുമാണ് നീതി വകുപ്പിന്റെ റിപ്പോർട്ട്. ട്രംപിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ സെപ്തംബറിൽ ഷാകേരിയെ ചുമതലപ്പെടുത്തിയെന്നും പറയുന്നു. കുട്ടിയായിരിക്കെ യു.എസിലെത്തിയ ഷാകേരി കവർച്ചാ കേസിൽ 14 വർഷം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ഇയാളെ നാടുകടത്തി. ഇറാൻ ഭരണകൂടത്തിലെ ഉന്നതനും ഗൂഢാലോചനയിൽ ബന്ധമുണ്ടെന്ന് പറയുന്നു. യു.എസിൽ നിന്ന് കടന്ന ഷാകേരി ഇറാനിലേക്ക് പോയെന്നാണ് ആരോപണം. എന്നാൽ ഇറാൻ ഇത് നിഷേധിച്ചു. യു.എസിന്റേത് അടിസ്ഥാനരഹിതമായ വാദങ്ങളാണെന്ന് ഇറാൻ പ്രതികരിച്ചു. അതിനിടെ ഇറാന്റെ വിമർശകനായ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനെ കൊല്ലാൻ ഷാകേരി നിയോഗിച്ച രണ്ട് പേരെ യു.എസ് അറസ്റ്റ് ചെയ്തു. ഇരുവരും യു.എസ് പൗരന്മാരാണ്.