ഒട്ടാവ: ഇന്ത്യയുമായി നയതന്ത്ര ഭിന്നത തുടരുന്നതിനിടെ രാജ്യത്ത് ഖാലിസ്ഥാൻവാദികളുണ്ടെന്ന് തുറന്നുസമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എന്നാൽ കാനഡയിലെ എല്ലാ സിഖുകാരും അങ്ങനെയല്ല. ഖാലിസ്ഥാൻ ഭീകരർക്ക് കനേഡിയൻ സർക്കാർ അഭയം നൽകുന്നെന്ന് ഇന്ത്യ ആവർത്തിക്കുമ്പോഴാണ് പാർലമെന്റ് ഹില്ലിലെ ദീപാവലി ആഘോഷത്തിനിടെയുള്ള ട്രൂഡോയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ഹിന്ദുക്കൾ കാനഡയിലുണ്ട്. എന്നാൽ രാജ്യത്തെ ഹിന്ദു സമൂഹം മൊത്തത്തിൽ അങ്ങനെയൊണെന്ന് പറയാനാകില്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.