.news-body p a {width: auto;float: none;}
വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്ത കിറ്റിലാണ് പുഴുവരിച്ച ഭക്ഷ്യധാന്യങ്ങളും, ഉപയോഗിച്ചതും മുഷിഞ്ഞതുമായ വസ്ത്രങ്ങളും കണ്ടെത്തിയത്. മേപ്പാടി പഞ്ചായത്താണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്. കിറ്റിലുണ്ടായിരുന്ന ആട്ട, റവ തുടങ്ങിയവയും പഴകിയതാണ്. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കി. യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
കുന്നമ്പറ്റയിൽ താമസിക്കുന്ന നാലു കുടുംബങ്ങൾക്ക് ലഭിച്ച കിറ്റിലാണ് കട്ടപിടിച്ചതും പുഴുവരിച്ചതുമായ അരിയുൾപ്പെടെ ലഭിച്ചത്. മേപ്പാടി പഞ്ചായത്ത് ഇ.എം.എസ് ഹാളിലെ കളക്ഷൻ സെന്ററിൽ സൂക്ഷിച്ചിരുന്ന കിറ്റുകളാണിവ. ഇവിടെ കെട്ടിക്കിടന്ന് കാലാവധി കഴിഞ്ഞ കിറ്റുകൾ വിതരണം ചെയ്തുവെന്നാണ് ആക്ഷേപം. അരി, റവ, ആട്ട, പഞ്ചസാര, പരിപ്പ്, പയർ തുടങ്ങിയ സാധനങ്ങളാണ് കിറ്റിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദുരന്തശേഷം നൂറിലധികംപേരാണ് പഞ്ചായത്തിൽ നിന്ന് കിറ്റുകൾ വാങ്ങുന്നത്. സ്പോൺസർമാരിൽ നിന്നടക്കം ലഭിച്ച ഭക്ഷ്യസാധനങ്ങളാണ് യഥാസമയം വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്നത്. പ്രതിഷേധിച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ലോഡ് കണക്കിന് അരിയുൾപ്പെടെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഭൂരിപക്ഷവും കാലാവധി കഴിഞ്ഞതും പഴകിയതുമായിരുന്നു.
കളക്ടറേറ്റിൽ കെട്ടിക്കിടന്ന സാധനങ്ങളാണ് പഞ്ചായത്തിലെത്തിച്ച് വിതരണം ചെയ്തതെന്നാണ് ഭരണസമിതിയുടെ വിശദീകരണം. ഉദ്യോഗസ്ഥരാണ് വിതരണം ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും പറഞ്ഞു. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പരാതി പരിഹാര ഉദ്യോഗസ്ഥനായ എ.ഡി.എമ്മിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.