പാലക്കാട്: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി. ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം.
”കുറച്ചുദിവസമായി ദിവ്യ ജയിലിൽ കിടക്കുകയാണ്. ദിവ്യക്ക് നീതി ലഭിക്കണം. ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. എന്ത് തന്നെയായാലും മനപൂർവ്വമല്ലാത്ത നിർഭാഗ്യകരമായ ഒരു സംഭവം എന്നേ പറയാൻ പറ്റൂ. ദിവ്യയുടെ ഭാഗത്ത് നിന്ന് മനപൂർവ്വമുണ്ടായ സംഭവമല്ല. പക്ഷേ ഉണ്ടായ സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിച്ചു, അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി എടുത്തത്. ഏതൊരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല.” പികെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേ സമയം, ദിവ്യക്ക് ജാമ്യം ലഭിച്ച വിഷയത്തിൽ പി. കെ ശ്രീമതി നടത്തിയ പ്രതികരണത്തിൽ രൂക്ഷവിമർശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ദിവ്യയുടെ ജാമ്യത്തിൽ സന്തോഷം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് വന്ന് പറയുകയാണ് ശ്രീമതി ടീച്ചർ എന്ന് വിമർശിച്ച രാഹുൽ ഒരാളെ കൊന്നിട്ട് ജാമ്യം ലഭിക്കുമ്പോൾ സന്തോഷമെന്ന് എങ്ങനെയാണ് പറയാൻ പറ്റുകയെന്നും ചോദിച്ചു. അത് പറഞ്ഞ് എങ്ങനെ വോട്ട് ചോദിക്കും? ഒരാളെ കൊന്നു എന്നതിനേക്കാൾ ഹീനമായി ഒന്നുമില്ല. അവർക്ക് ജാമ്യം കിട്ടിയത് സന്തോഷമാണെന്ന് പറഞ്ഞ് വോട്ടുപിടിക്കാൻ വരുന്നവർക്ക് പാലക്കാട്ടെ ജനത മറുപടി പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]