പകയ്ക്കും പ്രതികാരത്തിനുമിടയിൽ സൗഹൃദങ്ങൾക്ക് സ്ഥാനമെന്താണ് ? മറ്റെന്തിനേക്കാളും സ്ഥാനമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് മുറ എന്ന ചിത്രത്തിലൂടെ സംവിധായകൻ മുസ്തഫ. തിരുവനന്തപുരം നഗരത്തിലെ പ്രധാന ഗുണ്ടാ സംഘവും അവർക്കിടയിലേക്ക് അവരിലൊരാളായി എത്തിപ്പെടുന്ന നാല് യുവാക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രത്തിൽ മുസ്തഫ ഒരുക്കിയിരിക്കുന്നത്.
തലസ്ഥാന നഗരിയിലെ പ്രധാന ഗുണ്ടാ സംഘത്തിന്റെ നേതാവാണ് അനി. നഗരത്തിൽ നടക്കുന്ന എന്ത് വിഷയങ്ങൾക്കും പ്രശ്നങ്ങൾക്കും അവസാന വാക്ക് അത് അനിയുടേതാണ്. അനിയെ എതിർക്കാനോ അനിക്കെതിരേ നിൽക്കാനോ ധൈര്യപ്പെടുന്നവർ ഇല്ലെന്നതാണ് വാസ്തവം. പണമിടപാട് സ്ഥാപനങ്ങളടക്കം പല ബിസിനസുകളുമുള്ള രമയാണ് അനിയുടെ ബോസ്. രമ ചേച്ചിക്ക് വേണ്ടി തല്ലാനും കൊല്ലാനും അനിയുടെ നേതൃത്വത്തിൽ വലിയ സംഘം തന്നെയുണ്ട്.
അനിയുടെ ഈ സംഘത്തിലേക്കാണ് ഉറ്റ ചങ്ങാതിമാരായ അനന്തു, മനാഫ്, സജി, മനു എന്നിവർ എത്തിപ്പെടുന്നത്. കഷ്ടപ്പാടുകൾ നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ എത്തുന്ന നാല് പേർക്കും അടിയും ഇടിയുമൊക്കെ പ്രായത്തിന്റെ ചോരത്തിളപ്പിൽ വലിയ ഹരമാണ്. തെറിച്ചു നിൽക്കുന്ന ഇവരുടെ ഈ സ്വഭാവം കണ്ടാണ് അനി ഇവരെ ദുഷ്കരമായ ഒരു ദൗത്യം ഏൽപ്പിക്കുന്നത്. വരുംവരായ്കകളെ കാര്യമാക്കാതെ നാല് പേരും ആ ദൗത്യം ഏറ്റെടുക്കുന്നു ഒപ്പം ഇവർക്ക് കൂട്ടായി മുൻപ് ഈ ദൗത്യത്തിൽ പരാജയപ്പെട്ട, ഇവരുടെ അതേ സ്വഭാവമുള്ള രണ്ട് പേർ കൂടിയെത്തുന്നു. പിന്നീട് ഇവരുടെയും അനിയുടെയും രമയുടെയുമൊക്കെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് മുറ പറയുന്നത്. ഒപ്പം കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും കറയില്ലാത്ത സൗഹൃദങ്ങളുടെ കഥയും ചിത്രം പങ്കുവയ്ക്കുന്നുണ്ട്.
കപ്പേളയ്ക്ക് ശേഷം മുസ്തഫയൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മുറ. അനിയെന്ന വില്ലൻ കഥാപാത്രമായി ഞെട്ടിച്ച പ്രകടനമായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റേത്. സിന്ദൂരക്കുറിയണിഞ്ഞും വെള്ളമുണ്ടുടുത്തും വെളുക്കെ ചിരിച്ചും വില്ലത്തരം കാണിച്ച് ഫൈറ്റും തനിക്ക് ഈസിയായി വഴങ്ങുമെന്നും അനിയെന്ന കഥാപാത്രത്തിലൂടെ സുരാജ് തെളിയിച്ചു. മെയ്ക്കോവർ കൊണ്ടും പ്രകടനം കൊണ്ടും രമയെന്ന കഥാപാത്രമായി ഞെട്ടിച്ചു മാല പാർവതിയും. കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇരുവർക്കും മുറയിലേത്. സുരാജിനും മാലാ പാർവതിയ്ക്കും പുറമേ ചിത്രത്തിൽ ഞെട്ടിച്ച പ്രകടനം കാഴ്ച്ച വച്ചത് പ്രധാന കഥാപാത്രങ്ങളായി വന്ന നാല് പുതുമുഖങ്ങളാണ്..സിനിമ സ്വപ്നമായി കൊണ്ട് നടന്നിരുന്ന ഹൃദു ഹാരൂണ്‍, അനുജിത്ത് കണ്ണന്, യദു കൃഷ്ണന്, ജോബിന് ദാസ് എന്നീ പുതുമുഖങ്ങൾ തുടക്കക്കാരന്റെ സങ്കോചങ്ങളേതുമില്ലാതെയുള്ള പ്രകടനമാണ് കാഴ്ച്ച വച്ചത്.
കനി കുസൃതി, കണ്ണന് നായര്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. റിയാ ഷിബുവാണ് നിർമാണം.
വൈലൻസിന്റെ അതിപ്രസരം ചിലരെ അലോസരപ്പെടുത്തിയേക്കാം. എങ്കിലും ആദ്യാവസാനം പ്രേക്ഷകനിൽ ആകാംക്ഷ നിറച്ച് പിടിച്ചിരുത്താനുള്ള ട്വിസ്റ്റുകൾ ഒളിപ്പിച്ചാണ് മുസ്തഫ പ്രേക്ഷകന് മുന്നിൽ മുറ എത്തിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]