തിരുവനന്തപുരം ∙ ഫൈനലിലെ ആറെണ്ണം ഉൾപ്പെടെ 4 കളികളിൽ നിന്നായി 15 ഗോളുകൾ! വനിതാ ഫുട്ബോളിൽ കേരളത്തിന്റെ നാളെയുടെ താരമാണ് സ്കൂൾ തലത്തിൽ നിന്ന് ഉദിച്ചുയരുന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഷിൽജി ഷാജി. സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ ചാംപ്യൻമാരാക്കിയതു ഷിൽജിയുടെ ഗോളടി മേളം. ആദ്യ റൗണ്ട് മുതൽ ഫൈനൽ വരെ 4 കളികളിലായി കണ്ണൂർ നേടിയത് 26 ഗോളുകൾ. ഒരു ഗോൾ പോലും വഴങ്ങിയതുമില്ല.
എതിരാളികൾക്ക് തൊടാൻ കഴിയാത്ത കളി മികവുമായാണ് കണ്ണൂർ ജില്ല ചാംപ്യൻമാരായത്. ഫൈനലിൽ കോഴിക്കോടിനെ തകർത്തത് 8–0ന്. ടീമിലെ 18 താരങ്ങളിൽ 15 പേരെയും സംഭാവന ചെയ്ത കണ്ണൂർ സ്പോർട്സ് ഡിവിഷനാണ് കരുത്ത്. അതിൽ ക്യാപ്റ്റൻ ഷിൽജി ഷാജി ഉൾപ്പെടെ 3 രാജ്യാന്തര താരങ്ങളുമുണ്ട്.
അണ്ടർ 17 ദേശീയ ടീം താരമാണ് ഗോകുലം കേരള വനിതാ ടീമംഗം ഷിൽജി ഷാജി. കഴിഞ്ഞ വർഷം ജോർദാനെതിരായ 2 സൗഹൃദ മത്സരങ്ങളിൽ മാത്രം ഷിൽജി നേടിയത് 8 ഗോളുകൾ. ജൂനിയർ സാഫ് കപ്പിലും 4 മത്സരങ്ങളിൽ 8 ഗോളുകൾ അടിച്ചുകൂട്ടി. ആ മികവിനുള്ള അംഗീകാരമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ എമേർജിങ് പ്ലെയർ പുരസ്കാരവും നേടി.
ഈ സ്കൂൾ മേളയുടെ ഉദ്ഘാടന വേദിയിൽ ദീപശിഖ വഹിച്ചതിനൊപ്പം താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഷിൽജിയാണ്. കോഴിക്കോട്ടെ സെവൻസ് ടീമായ ബ്ലാക്ക് ആൻഡ് വൈറ്റിൽ കളിച്ചിരുന്ന പിതാവ് ഷാജി ജോസഫിന്റെ കളി കണ്ടാണ് ഓട്ടവും ചാട്ടവും ഇഷ്ടപ്പെട്ടിരുന്ന ഷിൽജിക്കു ഫുട്ബോളിനോടു കമ്പമേറിയത്.
English Summary:
Shilji Shaji Scores Fifteen Goals in Four Matches for Kerala in Women’s Football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]