![](https://newskerala.net/wp-content/uploads/2024/11/1730995116_suresh-gopi-1024x576.jpg)
‘സിനിമ പാഷനാണ്, അഭിനയിക്കാനായില്ലെങ്കില്‍ ചത്തുപോകും. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ…’ കേന്ദ്രമന്ത്രിയായതിന് ശേഷം കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആദരിക്കല്‍ ചടങ്ങില്‍ സുരേഷ് ഗോപി നടത്തിയ ഈ പ്രസംഗം വലിയ വാര്‍ത്തയായിരുന്നു. അത്രയേറെ ആത്മവിശ്വാസത്തോടെയും ആഗ്രഹത്തോടെയുമാണ് ഒറ്റക്കൊമ്പനെന്ന തന്റെ 250-ാം ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം സുരേഷ് ഗോപി പങ്കുവച്ചത്. ഏറെക്കാലമായി ഒറ്റക്കൊമ്പനിലെ മാസ് വേഷത്തിനായി സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരുന്നു പൊതുവേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നതും.
എന്നാല്‍ തിരഞ്ഞെടുപ്പുകാലം മുതല്‍ ശ്രദ്ധയോടെ കൊണ്ടുനടന്ന താടി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. സിനിമാഭിനയത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കാന്‍ വൈകുന്നതിനാലാണ് അദ്ദേഹം തന്റെ ലുക്ക് മാറ്റാന്‍ തീരുമാനിച്ചത്. ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന ക്യാപ്ഷനോടെയാണ് ക്ലീന്‍ ഷേവ് ലുക്കിലുള്ള ചിത്രം അദ്ദേഹം സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്.
ഇതോടെ ‘ഒറ്റക്കൊമ്പന്’ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സൂചനയും പ്രേക്ഷകര്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഏതാണ്ട് 22ഓളം ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി പ്രേക്ഷകരിലേക്ക് എത്താനുണ്ടായിരുന്നത്. പലതും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിക്കഴിഞ്ഞവയുമാണ്. അതില്‍ പ്രധാനപ്പെട്ട ചിത്രമാണ് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്. ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ഒറ്റക്കൊമ്പനില്‍ പാലാക്കാരന് അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.
സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടന്‍തന്നെ പറഞ്ഞിരുന്നു. ഒറ്റക്കൊമ്പന് ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രത്തോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും കിട്ടിയിട്ടില്ലെന്നും സെപ്റ്റംബര്‍ ആറിന് ചിത്രീകരണം തുടരുമെന്നുമായിരുന്നു ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.
‘സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബര്‍ ആറിന് ഞാന്‍ ഒറ്റക്കൊമ്പന് തുടങ്ങുകയാണ്. എല്ലാവരുടെയും ആശിര്‍വാദം ഉണ്ടാവണം. ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകളുടെ തിരക്കഥ ആര്‍ത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’- അന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇപ്പോള്‍ താടിയെടുത്ത സാഹചര്യത്തില്‍ ഒറ്റക്കൊമ്പന് ഇനിയെന്ന് യാഥാര്‍ഥ്യമാവുമെന്ന ആശങ്ക സുരേഷ് ഗോപി ആരാധകര്‍ക്കുണ്ട്. ഒപ്പം അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന മറ്റ് ചിത്രങ്ങളുടെയും ഭാവി സംബന്ധിച്ച ആശങ്ക ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്.
കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന. സെപ്റ്റംബറില്‍ അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു.
ഇറ്റലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തില്‍ അംഗമാണ് സുരേഷ് ഗോപി. തിരിച്ചെത്തിയാലുടന്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബര്‍ പകുതിയോടെയേ അവസാനിക്കൂ. അതിനാല്‍, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവര്‍ഷംകൂടി കാത്തിരിക്കണം എന്നതാണ് സ്ഥിതി. ഇതും താടി ഉപേക്ഷിക്കാന്‍ കാരണമായെന്ന് പറയുന്നു.
രാഹുല്‍ രാമചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന SG251, പ്രവീണ്‍ നാരായണന് സംവിധാനം ചെയ്യുന്ന ജാനകി V/S സ്റ്റേറ്റ്, ‘ഗഗനചാരി സിനിമാറ്റിക് യൂണിവേഴ്സി’ല്‍ അരുണ്‍ ചന്തു ഒരുക്കുന്ന മണിയന് ചിറ്റപ്പന് ഉള്‍പ്പടെ പ്രേക്ഷക പ്രതീക്ഷ ഏറെയുള്ള മറ്റ് ചിത്രങ്ങളുടെ ഒരുക്കങ്ങളും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]