കൊച്ചി∙ സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ദിനത്തിൽ വാശിയേറിയ പോരാട്ടത്തിനിടെ ഭാഗ്യദൗർഭാഗ്യങ്ങളുടേയും വേദിയായി മഹാരാജാസ് കോളജ് സ്റ്റേഡിയം. 5000 മീറ്റർ സീനിയർ റേസ് വോക്കില്‍ മത്സരിച്ച കോഴിക്കോട്ടുകാരൻ ആൽബിൻ ബോബി, മത്സരത്തിനിടെ ഷൂസ് ഊരിപ്പോയതിന്റെ പേരിൽ പിന്നിലായിപ്പോ കഥയാണു പങ്കുവയ്ക്കുന്നത്. മത്സരത്തിനിടെ സഹതാരത്തിന്റെ കാലു തട്ടിയാണ് ഷൂസ് ഊരിപ്പോയതെന്നും അതു ശരിയാക്കാൻ വേണ്ടി 25 സെക്കന്‍ഡോളം നഷ്ടപ്പെട്ടതായും ആൽബിൻ പറഞ്ഞു. അതിവേഗം പ്രശ്നങ്ങള്‍ പരിഹരിച്ച ആൽബിൻ എതിരാളികളെ പിന്നിലാക്കി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
എങ്കിലും ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിന്റെ സങ്കടം ആൽബിൻ മനോരമ ഓൺലൈനിനോടു പങ്കുവച്ചു. 23 മിനിറ്റ് 57 സെക്കൻഡുകൊണ്ടാണ് ആൽബിൻ മത്സരം പൂർത്തിയാക്കിയത്.
‘‘മത്സരം തുടങ്ങി രണ്ടാമത്തെ കർവിൽനിന്നാണ് ഒരാളുടെ ചവിട്ട് കിട്ടി ഷൂസ് ഊരിപ്പോയത്. ഷൂസിന്റെ പുറകിൽ ചവിട്ടുമ്പോൾ അത് ഊരിപ്പോകുന്നതു സാധാരണമാണ്. ശക്തമായ മത്സരത്തിനിടെ ലീഡ് ചെയ്യുമ്പോഴായിരുന്നു അത്. അഡ്ജസ്റ്റ് ചെയ്തു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഷൂസില്ലാതെ മത്സരിച്ചാൽ ഫൗൾ ആകും. അതുകൊണ്ടുതന്നെ മത്സരിക്കുന്നതു നിര്‍ത്തി ഷൂസ് ശരിയാക്കേണ്ടിവന്നു.’’
‘‘ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്താൻ സാധിക്കില്ലെന്നായിരുന്നു കരുതിയത്. ഒടുവിൽ രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചു. കരിയറിലെ മികച്ച സമയത്ത് എത്താൻ എനിക്കു കഴിഞ്ഞില്ല. രണ്ടാം സ്ഥാനം കിട്ടിയതിൽ സന്തോഷമുണ്ട്. പക്ഷേ സ്വർണം പ്രതീക്ഷിച്ചാണ് വന്നത്. കുഴപ്പമില്ല. അടുത്ത വർഷം നോക്കാം.’’– ആൽബിൻ വ്യക്തമാക്കി.
പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആല്ബിന്. താരം ആദ്യമായാണ് സീനിയർ വിഭാഗം റേസ് വോക്കിൽ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ജൂനിയർ വിഭാഗത്തിലാണ് ആൽബിൻ മത്സരിച്ചത്.
ആനക്കാംപൊയിൽ സ്വദേശിയായ ആല്ബിൻ മലബാർ സ്പോർട്സ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. പരിശീലകൻ ദിനൂപ് ഗോപി. ആനക്കാംപൊയിൽ ബോബി തോമസ്– ജിഷ ദമ്പതികളുടെ മകനാണ് ആൽബിൻ. മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരിയിലെ എ.കെ. മുഹമ്മദ് സുൽത്താനാണ് ഈയിനത്തിൽ ഒന്നാം സ്ഥാനം. സമയം 23:35:28. ഐഡിയൽ സ്കൂളിലെ തന്നെ എ.വി. ദിൽജിത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സമയം 24:35.29.
English Summary:
Determination Triumphs: Albin Boby Clinches Silver After Mid-Race Setback
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]