കൊച്ചി ∙ ട്രംപിന്റെ വിജയാഘോഷത്തിന് വേദിയായി ഓഹരി, ഡോളർ, ക്രിപ്റ്റോകറൻസി വിപണികൾ. അസംസ്കൃത എണ്ണ വിലയിൽ ഗണ്യമായ ഇടിവാണ് അനുഭവപ്പെട്ടത്. രാജ്യാന്തര വിപണിയിൽ സ്വർണവില വൻതോതിൽ ഇടിഞ്ഞു.
ലോകമെങ്ങുമുള്ള ഓഹരി വിപണികൾ വോട്ടെണ്ണലിന്റെ തുടക്കം മുതൽതന്നെ ട്രംപിന്റെ വിജയം മുന്നിൽക്കണ്ടുള്ള ആഘോഷത്തിന് ആരംഭം കുറിച്ചിരുന്നു. അമേരിക്കൻ വിപണികൾ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 3% കുതിപ്പു നടത്തി. ഇന്ത്യൻ വിപണിയിലെ മുന്നേറ്റം അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. സെൻസെക്സ് 901.50 പോയിന്റും നിഫ്റ്റി 270.75 പോയിന്റുമാണു മുന്നേറിയത്. എല്ലാ വിഭാഗത്തിൽപെട്ട ഓഹരികളിലും മുന്നേറ്റം ദൃശ്യമായി.
കുതിച്ച് ഐടി കമ്പനികൾ
ഐടി വ്യവസായത്തിൽനിന്നുള്ള ഓഹരികളിലാണ് ഏറ്റവും വലിയ കുതിപ്പുണ്ടായത്. നിഫ്റ്റി ഐടി സൂചിക 4% വർധന രേഖപ്പെടുത്തി. ട്രംപിന്റെ വിജയത്തോടെ യുഎസ് ഡോളറിനുണ്ടാകുന്ന നേട്ടം കയറ്റുമതിയെ ആശ്രയിക്കുന്ന ഐടി കമ്പനികൾക്കു ഗുണകരമാകുമെന്ന വിശ്വാസമാണു വൻ കുതിപ്പിനു പ്രേരകമായത്. അദാനി പോർട്സ്, എൽ & ടി, മാരുതി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികളിലും മികച്ച നേട്ടമുണ്ടായി.
തിരിച്ചടിക്കുമോ ഇറക്കുമതി നയം
ആഘോഷത്തിന്റെ ആരവമടങ്ങുന്നതോടെ യാഥാർഥ്യബോധം കൈവരുമെന്നും ട്രംപിന്റെ വിജയം വിപണിക്കു വെല്ലുവിളികളുയർത്തുമെന്നും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ട്രംപിന്റെ ഇറക്കുമതി നയം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു ദോഷകരമാകുമെന്ന് ആശങ്കയുണ്ട്. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഔഷധങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയവയാണ് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കു പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇവയ്ക്കുണ്ടാകുന്ന തിരിച്ചടി വിപണിയെ സാരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക. ട്രംപിന്റെ വിജയം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിയാൻ കാരണമാകുമെന്നതു വിപണിക്ക് ആശ്വാസകരകമാണ്. എണ്ണ ഇറക്കുമതിക്കു ചെലവു കുറയുമെന്നതു സമ്പദ്വ്യവസ്ഥയ്ക്കു സഹായകമാകുമെന്നു വിപണി കണക്കാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]