കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയും ലിസ്റ്റഡ് കമ്പനിയുമായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ (MSCI) ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സ് സൂചികയിലേക്ക്. ഓഹരികൾക്ക് രാജ്യാന്തര നിക്ഷേപകരുടെ ശ്രദ്ധകിട്ടുന്ന ഇന്റർനാഷണൽ സൂചികയാണിത്. ഇന്ന് നടക്കുന്ന എംഎസ്സിഐ സ്റ്റാൻഡേർഡ് ഇൻഡക്സ് പുനഃക്രമീകരണത്തിലാണ് കല്യാൺ ജ്വല്ലേഴ്സും ഇടംപിടിക്കുക. നവംബർ 25ന് പുനഃക്രമീകരണം പ്രാബല്യത്തിലാകും.
എംഎസ്സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഇടംപിടിക്കുന്നതോടെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികളിലേക്ക് അധികമായി 241 മില്യൺ ഡോളർ (ഏകദേശം 2,000 കോടി രൂപ) നിക്ഷേപം എത്തുമെന്നാണ് ഗവേഷണ സ്ഥാപനമായ നുവമ ഓൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ചിന്റെ വിലയിരുത്തൽ. എംഎസ്സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഇടംപിടിക്കുമെന്ന സൂചനകളെ തുടർന്ന് ഇന്നലെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 8.08% കുതിച്ച് 705 രൂപയിൽ എത്തിയിരുന്നു. 72,701 കോടി രൂപ വിപണിമൂല്യവുമായി കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വലിയ കമ്പനിയുമാണ് ഇപ്പോൾ കല്യാൺ ജ്വല്ലേഴ്സ്. 76,000 കോടി രൂപ വിപണിമൂല്യമുള്ള മുത്തൂറ്റ് ഫിനാൻസ് ആണ് ഒന്നാമത്.
കഴിഞ്ഞ 4 വർഷത്തിനിടെ നിക്ഷേപകർക്ക് 830 ശതമാനത്തോളം നേട്ടം (റിട്ടേൺ അഥവാ ഓഹരിവിലയിലെ വളർച്ച) സമ്മാനിച്ച ഓഹരിയാണ് കല്യാൺ ജ്വല്ലേഴ്സ്. കഴിഞ്ഞ ഒരുവർഷത്തിനിടെ 107% വളർച്ചയും (മൾട്ടിബാഗർ നേട്ടം/100 ശതമാനത്തിലധികം വളർച്ച) ഓഹരിവിലയിലുണ്ടായി. നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ കല്യാൺ ജ്വല്ലേഴ്സ് 37% സംയോജിത വരുമാന വളർച്ച നേടിയിരുന്നു. നടപ്പുവർഷം ആകെ 130 പുതിയ ഷോറൂമുകൾ തുറക്കുകയാണ് ലക്ഷ്യമെന്നും കല്യാൺ വ്യക്തമാക്കിയിരുന്നു. ഇതിൽ 51 ഷോറൂമുകൾ കഴിഞ്ഞപാദത്തോടെ തന്നെ തുറന്നിരുന്നു
സൂചികയിലേക്ക് ഇവരും; ഇന്ത്യക്ക് മികച്ച നേട്ടം
എംഎസ്സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിലേക്ക് കല്യാൺ ജ്വല്ലേഴ്സ് ഉൾപ്പെടെ പുതുതായി 5 ഇന്ത്യൻ കമ്പനികളാണ് ഇടംപിടിക്കുന്നത്. പുനഃക്രമീകരണത്തിന്റെ ഭാഗമായി സൂചികയിൽ നിന്ന് ഇന്ത്യൻ കമ്പനികളൊന്നും പുറത്തുപോകുന്നുമില്ല. പുനഃക്രമീകരണത്തോടെ ഇന്ത്യൻ കമ്പനികളുടെ എണ്ണം 156 ആയി ഉയരുകയും ചെയ്യും.
ബിഎസ്ഇ (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്), വോൾട്ടാസ്, ആൽകെം ലാബ്, കല്യാൺ ജ്വല്ലേഴ്സ്, ഒബ്റോയ് റിയൽറ്റി എന്നിവയാണ് പുതുതായി ഇടംപിടിക്കുന്നത്. ഇതിൽ വോൾട്ടാസ് ആണ് കൂടുതൽ വിദേശ നിക്ഷേപം നേടിയേക്കുക (300 മില്യൺ ഡോളർ/2,500 കോടി രൂപ). ബിഎസ്ഇയിലേക്ക് 260 മില്യൺ ഡോളർ (ഏകദേശം 2,200 കോടി രൂപ) എത്തിയേക്കും. ഒബ്റോയ് റിയൽറ്റി 215 മില്യൺ ഡോളറും (1,800 കോടി രൂപ), ആൽകെം ലാബോറട്ടറീസ് 201 മില്യൺ ഡോളറും (1,700 കോടി രൂപ) നേടുമെന്നാണ് വിലയിരുത്തലുകൾ.
‘വെയിറ്റ്’ കൂട്ടി എച്ച്ഡിഎഫ്സി ബാങ്ക്
എംഎസ്സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ പുനഃക്രമീകരണത്തിന്റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ വെയിറ്റേജ് കൂടും. ഇത് ബാങ്കിന്റെ ഓഹരികളിലേക്ക് 188 കോടി ഡോളറിന്റെ (ഏകദേശം 15,800 കോടി രൂപ) നിക്ഷേപമെത്താൻ വഴിയൊരുക്കുമെന്ന് നുവമ പറയുന്നു. ടാറ്റാ പവർ, ജെഎസ്ഡബ്ല്യു എനർജി, സംവർധന മദേഴ്സൺ, ജിൻഡാൽ സ്റ്റീൽ, പിബി ഫിൻടെക്, എപിഎൽ അപ്പോളോ ട്യൂബ്സ് എന്നിവയുടെ വെയിറ്റേജും കൂടും. ഇവയിലേക്കും മികച്ച നിക്ഷേപമൊഴുകും.
അതേസമയം അദാനി ഗ്രീൻ എനർജി, ജിഎംആർ എയർപോർട്സ് ഇൻഫ്ര, അദാനി പവർ എന്നിവയുടെ വെയിറ്റേജ് കുറയും. സൂചികയിലേക്ക് പുതുതായി അദാനി എനർജി സൊല്യൂഷൻസും എത്തിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കുറി ഇടംനേടാൻ കമ്പനിക്കായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]