ട്രംപ് അധികാരത്തിലെത്തുമെന്ന സൂചനകള്‍ വന്നതോടെ കുതിച്ചുകയറി ബിറ്റ്കോയിന് വില. ബിറ്റ്കോയിന് ആദ്യമായി 75,000 ഡോളര്‍ കടന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിറ്റ്കോയിന് വില 9 ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസമായി ബിറ്റ്കോയിന്റെ വില 20.28 ശതമാനം ആണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ 112 ശതമാനം ആണ് വിലയിലുണ്ടായ വര്‍ധന. ക്രിപ്റ്റോകറന്‍സി വിപണിക്ക് ട്രംപിന്റെ നയങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നാണ് ബിറ്റ്കോയിന് നിക്ഷേപകരുടെ വിശ്വാസം. ട്രംപ് അധികാരത്തിലെത്തിയാല്‍ ബിറ്റ്കോയിന്റെ വില ഇനിയും ഉയരുമെന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നു. ക്രിപ്റ്റോകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കുന്നത് തന്നെയാണ് ലക്ഷ്യം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ ക്രിപ്റ്റോകറന്സികളില് നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16 ശതമാനമാണ്, തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക് ശക്തിയുണ്ട് എന്നുള്ളതുകൂടിയാണ് ക്രിപ്റ്റോയോടുള്ള ട്രംപിന്റെ പ്രിയത്തിന് കാരണം.
ട്രംപ് വരുന്നതോടെ ക്രിപ്റ്റോകറന്‍സികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനും വിപണി സ്വാതന്ത്ര്യത്തിനുമുള്ള കൂടുതല്‍ അനുകൂലമായ തീരുമാനങ്ങളും നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ബിറ്റ്കോയിന്റെ കുതിച്ചുചാട്ടത്തിന് പുറമേ, മറ്റൊരു ക്രിപ്റ്റോകറന്‍സിയായ ഈതറിന്റെ മൂല്യത്തിലും ഗണ്യമായ ഉയര്‍ച്ച കണ്ടു. 7.5% നേട്ടമാണ് ഈതര്‍ കൈവരിച്ചത്. എല്ലാ ക്രിപ്റ്റോ ആസ്തികളുടെയും മൊത്തം വിപണി മൂല്യം ഏകദേശം 11 ശതമാനം വര്‍ധിച്ച് 2.5 ട്രില്യണ്‍ ഡോളറിലെത്തി. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള ഗണ്യമായ ഒഴുക്കും ക്രിപ്റ്റോ കറന്‍സികള്‍ക്ക് അനുകൂലമായി. ബിറ്റ്കോയിന് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് (ഇടിഎഫ്) യുണൈറ്റഡ് സ്റ്റേറ്റ്സ് റെഗുലേറ്ററി അംഗീകാരം നല്‍കിയിരുന്നു. അപകട സാധ്യതയുള്ള വികേന്ദ്രീകൃതമായ പ്ലാറ്റ്ഫോമുകളിലൂടെ കടന്നുപോകുന്നതിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സ്പോട്ട് ബിറ്റ്കോയിന് ഇടിഎഫ് സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]