
സംസ്ഥാന സ്കൂൾ കായികമേള എന്റെ പ്രിയപ്പെട്ട നഗരത്തിലേക്ക്, കൊച്ചിയിലേക്കു വന്നെത്തിയിരിക്കുന്നു. ഓർമകൾ അരനൂറ്റാണ്ടോളം പിന്നിലേക്കു പായുകയാണ്. ഞാനും പി.ടി.ഉഷയും ഷൈനി വിൽസനും മേഴ്സി കുട്ടനും റോസക്കുട്ടിയുമെല്ലാം സ്കൂൾ കായികമേളകളിലൂടെ കടന്നുവന്നവരാണ്. അത്ലറ്റിക്സിൽ മാത്രമല്ല മറ്റിനങ്ങളിലുമായി എത്രയെത്രപേർ പിന്നാലെ കടന്നുവന്നു. ഒളിംപിക്സിൽ രാജ്യത്തിനായി ഓടാൻവരെ ഞങ്ങളെ പ്രാപ്തരാക്കിയത് സ്കൂൾ മേളകളാണെന്നതു നന്ദിയോടെ മാത്രമേ ഓർക്കാനാകൂ.
ഞങ്ങളുടെ കാലത്തെല്ലാം തുറന്ന മൈതാനങ്ങളിലാണു സ്കൂൾ കായികമേളകൾ നടന്നിരുന്നത്. ഗ്രാമങ്ങളിൽനിന്നുവരെ കൂട്ടംകൂട്ടമായി നൂറുകണക്കിനു കാണികളെത്തും. ട്രാക്കിനോട് ഏറക്കുറെ ചേർന്നുവരെ ആളുകൾ തിങ്ങിനിൽക്കും. കയ്യടിച്ച്, ആരവങ്ങളോടെ പ്രോൽസാഹിപ്പിക്കും. ആ കയ്യടികളും പ്രോൽസാഹനവും വളർച്ചയിലും മുന്നേറ്റത്തിലും ഞങ്ങളുടെ കഠിനാദ്ധ്വാനത്തിനൊപ്പംനിന്ന ഉത്തേജനങ്ങളായി. ഇന്നും കാതുകളിൽ മുഴങ്ങുന്നു, ആ കയ്യടികൾ.
ഇന്നു സ്കൂൾ മേളകൾക്കു വേദികൾ സ്റ്റേഡിയങ്ങളായി. തുറന്ന മൈതാനങ്ങളിലെ മേളകൾ ഓർമയിലേക്കു മറഞ്ഞു. സൗകര്യങ്ങൾ വർധിച്ചെങ്കിലും പഴയപോലെ ആളുകളെത്തുന്നുണ്ടോ എന്നു സംശയമാണ്. ടെലിവിഷനിൽ കളികൾ കാണാനാണ് ഇന്നു ജനത്തിനിഷ്ടം. സ്റ്റേഡിയത്തിലെത്തി നേരിട്ട് ഓട്ടവും ചാട്ടവും നീന്തലും കാണുന്നത് ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ‘വേറൊരു ലെവലാണ്, വൈബാണ്.’ ഇതാ, നമ്മുടെ ഭാവിതാരങ്ങൾ തൊട്ടരികിലെത്തിയിരിക്കുന്നു. കേരളത്തിന്റെ, ഇന്ത്യയുടെ വാഗ്ദാനങ്ങളാണവർ. അവരെ നമ്മളല്ലെങ്കിൽ ആരാണു പ്രോൽസാഹിപ്പിക്കുക!
ആയിരക്കണക്കിനു കുട്ടികളാണു പല ഇനങ്ങളിലായി നമുക്കു മുന്നിൽ മത്സരിക്കുന്നത്. എറണാകുളം ജില്ലയിൽ സൗകര്യപ്രദമായ സ്ഥലങ്ങളിലാണു മത്സരങ്ങൾ നടക്കുന്നത്. പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് കായികരംഗത്ത് ഏറെ ചരിത്രങ്ങൾക്കു സാക്ഷിയായ മൈതാനമാണ്. കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ ട്രോഫി നേടിയത് ഇതേ മണ്ണിലായിരുന്നു. ആ മൈതാനത്തെ ‘വൈബ്’ ഒന്നു വേറെയാണ്.
നഗരത്തിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണു മഹാരാജാസ് കോളജ് ഗ്രൗണ്ട്. അവിടെ, നാളെ അത്ലറ്റിക്സ് മത്സരങ്ങൾ ആരംഭിക്കുന്നു. എല്ലാവരും വരിക, നമ്മുടെ കുട്ടികളെ പ്രോൽസാഹിപ്പിക്കുക. ഒരു കയ്യടി, ആരവം. അതു മതി നമ്മുടെ നാടിന്റെ കായിക യശസ്സുയർത്താൻ.
English Summary:
MD Valsamma about state school sports fair
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]