കേരള കായിക ചരിത്രത്തിന് തിലകക്കുറി ചാർത്തിയ ഒട്ടേറെ പൊൻതാരങ്ങളെ സമ്മാനിച്ച മഹാരാജാസ് കോളജ് ഗ്രൗണ്ട്. അവിടെ തിങ്ങിനിറഞ്ഞ ഗാലറികളുടെ ആരവങ്ങൾക്കു നടുവിൽ ട്രാക്കിലൂടെ വീൽചെയറിൽ വന്ന എസ്.യശ്വിതയും അനു ബിനുവും ചേർന്ന് ദീപശിഖ എനിക്കു കൈമാറിയപ്പോൾ അക്ഷരാർഥത്തിൽ അനുഭവിച്ചതു രോമാഞ്ചമായിരുന്നു. ആ ദീപശിഖ സ്കൂൾ മേളയുടെ കെടാവിളക്കിലേക്കു പകരാൻ ഉദ്ഘാടകനായ മന്ത്രി വി.ശിവൻകുട്ടിക്കും എനിക്കുമൊപ്പം ഉണ്ടായിരുന്നത് ഭിന്നശേഷിക്കാരിയായ മറ്റൊരു താരമാണ്; ഫോർട്ട് കൊച്ചി വെളി സ്കൂളിലെ ശ്രീലക്ഷ്മി.
ഒളിംപിക്സിൽ പോലും കണ്ടിട്ടില്ലാത്ത ഉൾക്കൊള്ളലിന്റെ മഹനീയമായ മറ്റൊരു ‘കേരള മോഡൽ’ സൃഷ്ടിച്ചാണ് ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സ്കൂൾ കായികമേളയ്ക്കു തുടക്കമായത്. ഭിന്നശേഷിക്കാരുടെ ഒളിംപിക്സായ പാരാലിംപിക്സ്, ഒളിംപിക്സിനൊപ്പമല്ല മറിച്ച് അതിനു ശേഷമാണ് അതേ വേദിയിൽ സംഘടിപ്പിക്കുക. പക്ഷേ, ഇവിടെ സ്കൂൾ കായിക മേളയ്ക്കൊപ്പം തന്നെയാണ് ഭിന്നശേഷിക്കാർക്കുള്ള കായികമേളയും സംഘടിപ്പിക്കുന്നത്. ദീപശിഖാ പ്രയാണത്തിൽ മാത്രമല്ല, മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ ജില്ലാ ടീമുകളുടെയും മാർച്ച് പാസ്റ്റിന്റെ മുന്നണിയിൽ അണിനിരന്നതും ഭിന്നശേഷി താരങ്ങളാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന അവരെ പ്രത്യേകമായല്ല, ഒപ്പം തന്നെ പരിഗണിക്കണമെന്ന സന്ദേശത്തിന്റെ വിളംബരം. ഈ മേളയെ അത് അത്രമേൽ സുന്ദരമാക്കുന്നു.
ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നു നൂറുകണക്കിന് കുട്ടികൾ അണിനിരന്ന വിളംബര ജാഥയോടെയായിരുന്നു തുടക്കം. ഗാലറികൾ നിറഞ്ഞ് കവിഞ്ഞ് ഗ്രൗണ്ടിനുള്ളിലും നിറയെ ആളും ആരവവും. മുഖ്യാതിഥിയായ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കൂടി എത്തിയതോടെ ആവേശമേറി. മാർച്ച് പാസ്റ്റിനും ഉദ്ഘാടന ചടങ്ങിനും ശേഷമായിരുന്നു കലാവിരുന്ന്. കഥകളിയും പുലികളിയും ചെണ്ടമേളവും തിരുവാതിരയും ഒപ്പനയും സുംബയും കൊച്ചിൻ കാർണിവലുമെല്ലാം ഒന്നിനു പിറകേ ഒന്നായി മൈതാനം നിറഞ്ഞു. നാലായിരത്തോളം കുട്ടികളുടെ മാസ്മരിക വിരുന്നുകണ്ടാകണം പെയ്യാനുറച്ചു വന്ന മഴമേഘങ്ങളും അറച്ചുനിന്നു.
4 ഒളിംപിക്സുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും സംസ്ഥാന സ്കൂൾ മേളയിൽ ഒരിക്കൽ പോലും മത്സരിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ആളാണ് ഞാൻ. ജില്ലാ സ്കൂൾ മീറ്റിൽ ഷോട്പുട്ടിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ജി.വി.രാജ സ്കൂളിൽ പ്രവേശനം കിട്ടി ഹോക്കിയിലേക്കു മാറിയതോടെ പിന്നെ സ്കൂൾ മീറ്റിൽ അവസരമില്ലാതായി. പക്ഷേ ഭാര്യ അനീഷ്യ സംസ്ഥാന സ്കൂൾ മീറ്റിൽ 100 മീറ്ററിലും ലോങ് ജംപിലും മത്സരിച്ചിട്ടുണ്ട്. എന്റെ പാത പിന്തുടർന്ന് മകൾ അനുശ്രീയും ഇപ്പോൾ ഷോട്പുട്ടിന്റെ വഴിയേയാണ്. സംസ്ഥാന സ്കൂൾ മീറ്റിൽ മത്സരിച്ചിട്ടില്ലെങ്കിലും പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ഞാൻ കഴിഞ്ഞ ഏതാനും മേളകളിൽ സംഘാടക പക്ഷത്തായിരുന്നു. ഇത്തവണ ബ്രാൻഡ് അംബാസഡറുമായി.
സ്കൂൾ വിദ്യാർഥികളുടെ ഒളിംപിക്സ് തന്നെയാണിത്. മത്സരിക്കാനും ജയിക്കാനും മാത്രമല്ല, വലിയ മത്സര സമ്മർദത്തെ എങ്ങനെ നേരിടാം എന്നു കൂടിയാണ് ഇവിടെ കുട്ടികൾ പഠിക്കുക. അത് അവരെ കരുത്തരാക്കും. വലിയ ലക്ഷ്യങ്ങളിലേക്കു നയിക്കും. ഈ മേളയെ അതിഗംഭീരമാക്കേണ്ടത് ഇനിയുള്ള ഉജ്വല പ്രകടനങ്ങളാണ്. ജയിക്കാനായി തന്നെ മത്സരിക്കുക. പക്ഷേ, അതു തോൽവി കൂടി ഉൾക്കൊള്ളാനും മുന്നേറാനുമുള്ള മനസ്സോടെയാകണം.
English Summary:
P.R. Sreejesh Inspires at Inclusive Kerala School Athletics Meet
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]