റിയാദ്: ‘പണി’ എന്ന സിനിമയെ വിമർശിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പെഴുതിയ ഗവേഷകവിദ്യാർഥിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ ജോജു ജോർജ്. അങ്ങിനെയൊരു കാര്യം ചെയ്യരുതായിരുന്നു എന്ന് ജോജു പറഞ്ഞു. റിയാദിൽ പണി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാനിപ്പോൾ നാട്ടിൽ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്. ഞാൻ ഭീഷണിപ്പെടുത്തി എന്ന കഥയായിരിക്കും നിങ്ങൾ കേട്ടിട്ടുണ്ടാകുക. ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതിലല്ല വിളിച്ചത്. ടിക്കറ്റെടുത്ത് സിനിമ കണ്ടവർ അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങിനെ തന്നെ പറയണം. എന്നാൽ, ഇവിടെ ഒരു പോസ്റ്റ് പല സ്ഥലങ്ങളില് പ്രചരിപ്പിച്ചു. അതിന്റെ പേരിലുണ്ടായ കോലാഹലത്തിൽ ഒരു കോൾ ചെയ്തുപോയതാണ്. അത് വിളിക്കരുതായിരുന്നു. അതിന്റെ പേരിൽ രണ്ട് ദിവസമായി ചർച്ചയാണ്. മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്. അതിനെക്കുറിച്ച് ചർച്ചയില്ല”, ജോജു പറഞ്ഞു.
കാര്യവട്ടം കാമ്പസ്സിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷകവിദ്യാർഥി എച്ച്.എസ്. ആദർശാണ് ജോജു ഭീഷണിപ്പെടുത്തിയെന്ന പരാതിയുയർത്തിയത്. സിനിമയിലെ ഒരു രംഗം ചിത്രീകരിച്ചത് പഴയകാല ബി-ഗ്രേഡ് സിനിമകളിലെപ്പോലെ അപക്വമായും സ്ത്രീകഥാപാത്രത്തെ ഉപഭോഗവസ്തുവാക്കുന്നതുപോലെയുമാണെന്നായിരുന്നു സാമൂഹികമാധ്യമത്തിൽ ആദർശ് കുറിപ്പിട്ടത്. ഇതിന് പിന്നാലെയാണ് ജോജു വാട്സാപ്പ് കോളിൽ ആദർശിനെ വിളിച്ച് തന്റെമുന്നിൽ വരാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ചത്. കാണാമെന്ന വെല്ലുവിളിയോടെയാണ് സംഭാഷണം അവസാനിപ്പിച്ചത്.
ജോജുവിന്റെ ഭീഷണി വിലപ്പോവില്ലെന്നും മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻവേണ്ടി പങ്കുവെക്കുന്നുവെന്നും പറഞ്ഞാണ് ആദർശ് ഫോൺസംഭാഷണം പുറത്തുവിട്ടത്. ആദർശ് സിനിമയെ ബോധപൂർവം തരംതാഴ്ത്താൻ ശ്രമിച്ചെന്നും അതിനെതിരേയാണ് പ്രതികരിച്ചതെന്നും ഫെയ്സ്ബുക്ക് ലൈവിൽ ജോജു പിന്നീട് വിശദീകരിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നു. അതിന്റെപേരിൽ രണ്ടുവർഷം അധ്വാനിച്ചുണ്ടാക്കിയ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പുറത്തുവിട്ടത് ശരിയല്ല. നിയമനടപടി സ്വീകരിക്കുമെന്നും ജോജു വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]