
.news-body p a {width: auto;float: none;}
കൊൽക്കത്ത : ഡോ സി.വി. ആനന്ദബോസ് ബംഗാളിൽ ഗവർണർ പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന വേളയിൽ രാജ്ഭവൻ രൂപം നൽകിയ ‘അപ്നാ ഭാരത് – ജഗ്ത ബംഗാൾ’പരിപാടിയിൽ കേരളത്തിന്റെ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റും. പെൺകുട്ടികൾക്കായി ആവിഷ്കരിക്കുന്ന ‘അഭയ പ്ലസ് – സ്വയം പ്രതിരോധ പരിശീലന പരിപാടി’യിലാണ് കരാട്ടേയ്ക്കൊപ്പം കളരിപ്പയറ്റും ഉൾപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം നോർത്ത് 24 പർഗാനസ് ജില്ലയിലെ ബരാസത്തിൽ “ഭായി ഫോട്ട” പരിപാടിയിൽ പങ്കെടുക്കവെയാണ് ഗവർണർ ആനന്ദബോസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബംഗാളിൽ കാളി പൂജയുടെ രണ്ടാം ദിവസം സഹോദരീ-സഹോദരബന്ധം ഊട്ടിയുറപ്പിക്കുന്നതിന് നടത്തുന്ന ആഘോഷമാണ് ‘ഭായി ഫോട്ട’. കളരിപ്പയറ്റും കരാട്ടെയും സമന്വയിപ്പിച്ചുള്ള പരിശീലനത്തിന് കളാ-ട്ടേ’ (‘Kala-te’)’ എന്നാണ് നാമകരണം ചെയ്യുക. രണ്ടിന്റെയും മികച്ചതും പഠിക്കാൻ ലളിതവുമായ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയുള്ള പരിശീലന പദ്ധതി തയ്യാറാക്കും. ഇതിനായി കേരളത്തിൽ നിന്നുള്ള പരിശീലകരെ പ്രയോജനപ്പെടുത്തുമെന്ന് ആനന്ദബോസ് പറഞ്ഞു.
പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ഈ പരിശീലനം അവരെ സഹായിക്കുമെന്നും രാജ്ഭവനിൽ തുടക്കം കുറിക്കുന്ന പരിപാടി ക്രമേണ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഗവർണർ അറിയിച്ചു.
ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗവർണർ കൈക്കൊണ്ട ഈ തീരുമാനം ഏറെ ശ്രദ്ധേയമാണെന്ന് ബംഗാളിലെ സാമൂഹിക സംഘടനകളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു.
സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, സമാധാനപരിപാലനം, യുവാക്കളുടെ പങ്കാളിത്തം, സാംസ്കാരിക – വിദ്യാഭ്യാസ പരിപോഷണം എന്നിവയ്ക്കുള്ള സംരംഭങ്ങൾക്കൊപ്പം മനുഷ്യക്കടത്തിനും മയക്കുമരുന്ന് ദുരുപയോഗത്തിനുമെതിരായ ക്യാംപെയ്നും രാജ്ഭവൻ രൂപം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിവിധ സർവകലാശാലകൾ – സാമൂഹിക-സാംസ്കാരിക സംഘടനകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ മേൽനോട്ടത്തിലാണ് പരിപാടികൾ നടപ്പാക്കുക.
ഗവർണറുടെ പുതിയ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ എല്ലാ ജില്ലകളിലുമായി 250 സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും. വിവിധ കോളേജ്, സ്കൂൾ കാമ്പസുകൾ സന്ദർശിച്ച് വിദ്യാർത്ഥികളെ സംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്യും