
.news-body p a {width: auto;float: none;}
ന്യൂഡൽഹി: ലോകത്ത് 195 രാജ്യങ്ങളിലായി 180 കറൻസികളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയേയും പാകിസ്ഥാനെയുമൊക്കെ പോലെ നേപ്പാളിനും അവരുടേതായ കറൻസി ഉണ്ട്. ഇന്ത്യ നൂറ് രൂപയുടെയും മറ്റും നോട്ടുകളിൽ മാറ്റം വരുത്തിയതുപോലെ അടുത്തിടെ നേപ്പാൾ അവരുടെ നൂറ് രൂപ നോട്ടിന്റെ രൂപകൽപനയിൽ മാറ്റം വരുത്താൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഈ തീരുമാനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. നോട്ടിലുള്ള രാജ്യത്തിന്റെ ഭൂപടമാണ് പ്രശ്നങ്ങൾക്ക് കാരണം. തർക്ക പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപടമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
നേപ്പാൾ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തർക്ക പ്രദേശങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി രേഖ ശർമ്മ
വ്യക്തമാക്കിയിരുന്നു.
‘കറൻസി നോട്ടിലെ നിലവിലെ മാപ്പിന് പകരം പുതുക്കിയ മാപ്പ് നൽകാൻ സർക്കാർ നേപ്പാൾ രാഷ്ട്ര ബാങ്കിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. പുഷ്പ കമൽ ദഹൽ സർക്കാരിന്റെ അദ്ധ്യക്ഷതയിൽ ഈ വർഷം മേയിൽ ആണ് തീരുമാനമെടുത്തത്.”- മന്ത്രി വ്യക്തമാക്കി
ചൈനയുടെ പങ്ക്
വിഷയത്തിൽ ചൈനയ്ക്കും പരോക്ഷമായ പങ്കുണ്ട്. പുതിയ കറൻസി ഉണ്ടാക്കാനായി ചൈനീസ് പ്രിന്റിംഗ് കമ്പനിയായ ചൈന ബാങ്ക് നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷനാണ് നേപ്പാളിലെ സെൻട്രൽ ബാങ്കായ നേപ്പാൾ രാഷ്ട്ര ബാങ്ക് (NRB) കരാർ നൽകിയിരിക്കുന്നത്.
പുനർ രൂപകൽപ്പന ചെയ്ത 100 രൂപ നോട്ടിന്റെ 300 ദശലക്ഷം കോപ്പികൾ അച്ചടിച്ച് വിതരണം ചെയ്യണമെന്നുമാണ് കരാർ. 8.99 യു എസ് ഡോളറാണ് എസ്റ്റിമേറ്റഡ് പ്രിന്റിംഗ് കോസ്റ്റ്. അതായത് ഏകദേശം ഒരു നോട്ടിന് 4.04 രൂപ ചെലവാകും. ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടമാണ് കറൻസിയിൽ വയ്ക്കുന്നത്.
എന്താണ് ഇന്ത്യ – നേപ്പാൾ അതിർത്തി തർക്കം
ആംഗ്ലോ – നേപ്പാൾ യുദ്ധത്തിനുശേഷം 1816ൽ നേപ്പാളും ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഇന്ത്യയും തമ്മിൽ സുഗൗളി ഉടമ്പടി ഒപ്പുവച്ചതുമുതൽ നേപ്പാൾ – ഇന്ത്യ അതിർത്തി തർക്കം തുടരുകയാണ്. ഈ ഉടമ്പടി പ്രകാരം, കാളി നദി നേപ്പാളിന്റെ പടിഞ്ഞാറൻ അതിർത്തിയാണ്. അതിന്റെ കിഴക്ക് ഭാഗത്താണ് ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ ഉൾപ്പെടുന്നത്.
ഇതൊക്കെയാണെങ്കിലും, 1960 മുതൽ ഈ പ്രദേശങ്ങൾ ഇന്ത്യയുടെ ഭരണ നിയന്ത്രണത്തിലാണ്. 2019 നവംബറിൽ ഇന്ത്യ ഈ തർക്ക പ്രദേശങ്ങളെ അതിർത്തിയിൽ ഉൾപ്പെടുത്തി ഒരു പുതിയ ഭൂപടം പുറത്തിറക്കിയതോടെ ഈ പ്രദേശിക പ്രശ്നത്തെച്ചൊല്ലിയുള്ള പിരിമുറുക്കം രൂക്ഷമായി. ഈ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് 2020 മെയ് മാസത്തിൽ പരിഷ്കരിച്ച ഭൂപടം പ്രസിദ്ധീകരിച്ചുകൊണ്ട് നേപ്പാൾ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കറൻസിയിലും ഈ മാറ്റം വരുത്തിയതോടെ വിമർശനവുമായി വദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തെത്തിയിട്ടുണ്ട്. നേപ്പാളിന്റെ ഏകപക്ഷീയമായ നടപടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. നേപ്പാളുമായി ഞങ്ങൾ അതിർത്തി കാര്യങ്ങൾ ചർച്ച ചെയ്തുവരികയാണ്. ഇതിനിടയിൽ, അവർ അവരുടെ ഭാഗത്തുനിന്ന് ചില ഏകപക്ഷീയമായ നടപടികൾ സ്വീകരിച്ചു.’- അദ്ദേഹം പറഞ്ഞു.
ആശങ്കയ്ക്ക് പിന്നിൽ
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷന് നേപ്പാളി സർക്കാർ കറൻസി നോട്ട് അച്ചടി കരാർ നൽകിയതോടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ടെൻഡർ വിളിച്ചാണ് ചൈന ബാങ്ക് നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ തിരഞ്ഞെടുത്തത്. ഇന്ത്യ -ചൈന – നേപ്പാൾ ത്രിരാഷ്ട്ര അതിർത്തി മേഖലയിലെ തന്ത്രപ്രധാനമായ സംഘർഷങ്ങൾക്കിടയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.
കറൻസി നോട്ടുകൾ അച്ചടിക്കുന്നതിൽ ചൈനയുടെ ഇടപെടൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ദേശീയ വികാരങ്ങളെ ആകർഷിക്കാൻ നേപ്പാൾ സർക്കാരിന് പുതിയ കറൻസി ഫോർമാറ്റ് ഉപയോഗിക്കാമെന്ന് ഇന്ത്യയിലെ നിരവധി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
അതിർത്തി സംഘർഷങ്ങൾക്കിടയിലും, നേപ്പാളും ഇന്ത്യയും തമ്മിലുള്ള മതപരവും സാംസ്കാരികവുമായ പങ്കുവയ്ക്കലുകൾ മുതൽ സാമ്പത്തിക നിക്ഷേപങ്ങൾ വരെ നടത്തിയിരുന്നു. ജലവൈദ്യുത നിലയങ്ങൾ പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഗണ്യമായ നിക്ഷേപം നടത്തുന്ന ഇന്ത്യ നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി തുടരുന്നു. പുതിയ നോട്ടുകൾ അച്ചടിക്കാനുള്ള നേപ്പാളിന്റെ നീക്കം ഇരു രാജ്യങ്ങളും കാലങ്ങളായി പങ്കിടുന്ന സാമ്പത്തിക സഹകരണം അടക്കമുള്ളവ ഇല്ലാതാക്കുമെന്ന് വിദ്ഗ്ദർ ചൂണ്ടിക്കാണിക്കുന്നു.