ഷീലയും ശാരദയും മലയാള സിനിമയില്‍ നായികമാര്‍ എന്ന നിലയില്‍ ജ്വലിച്ചുനില്‍ക്കുമ്പോഴാണ് ജയഭാരതിയുടെ വരവ്. അവര്‍ രണ്ടുപേരും നായികമാരായി അഭിനയിക്കുന്ന ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടായിരുന്നു ജയഭാരതിയുടെ തുടക്കം. പി ഭാസ്കരന് സംവിധാനം ചെയ്ത കാട്ടുകുരങ്ങിലെ ‘അമ്പിളി’ എന്ന കഥാപാത്രത്തിലൂടെയാണ് ജയഭാരതി നായികാനിരയിലേക്കുയര്ന്നത്.
രതിനിര്‍വേദം എന്ന സിനിമയില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ കൗമാരക്കാരനുമായി അടുത്തിടപഴകുന്ന കഥാപാത്രമായുള്ള ജയഭാരതിയുടെ അഭിനയം അവരെ പെട്ടെന്ന് പ്രശസ്തയാക്കി. പദ്മരാജന്റെ അപൂര്‍വതയുള്ള രചനയും ഭരതന്റെ മികച്ച സംവിധാനവും രതിനിര്‍വേദത്തെ ഒരു വ്യത്യസ്ത ചിത്രമാക്കി. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത സംവിധായകര്‍ പോലും അദ്ഭുതത്തോടെയാണ് അതിനെ നിരീക്ഷിച്ചത്.
ജയഭാരതിയുടെ കരിയറിലെ ഏറ്റവും ചര്‍ച്ചയായ ഈ സിനിമയുടെ ചിത്രീകരണ സമയത്തെ ചില ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്. ജയഭാരതിയേയും നടന് സത്താറിനേയും തനിക്ക് വ്യക്തിപരമായി അറിയാമെന്നും രതിനിര്‍വേദത്തിന്റെ പോസ്റ്ററില്‍ വന്ന ചിത്രം കണ്ട് ജയഭാരതി ഏറെ ക്ഷോഭിച്ചുവെന്നും അസ്വസ്ഥത കാണിച്ചുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. തന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അഷ്റഫ് ഓര്‍മകള്‍ പങ്കുവെയ്ക്കുന്നത്.
‘ജയഭാരതിക്ക് സിനിമയോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്നറിയാന്‍ ഒരൊറ്റ സിനിമ കണ്ടാല്‍ മതി. കൃഷ്ണചന്ദ്രനൊപ്പം അഭിനയിച്ച രതിനിര്‍വേദം എന്ന സിനിമയാണ് അത്. ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ അവരെടുത്ത റിസ്ക്കും കഷ്ടപ്പാടുകളുമൊക്കെ സിനിമയെയും കലയെയും സ്നേഹിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. രതിനിര്‍വേദത്തില്‍ ജയഭാരതിയും കൃഷ്ണചന്ദ്രനും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ചില രംഗങ്ങളുണ്ട്. ആ സമയത്ത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അടക്കം എല്ലാവരെയും സെറ്റില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഫോട്ടോ എടുക്കാന്‍ പോലും ആരേയും സമ്മതിപ്പിച്ചിരുന്നില്ല.
അതിനുശേഷം സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പുറത്തുവന്ന പോസ്റ്ററുകളില്‍ വളരെ നേര്‍ത്ത വസ്ത്രത്തില്‍ നനഞ്ഞിരിക്കുന്ന ജയഭാരതിയുടെ ഫോട്ടോയാണ് കൊടുത്തിരുന്നത്. കേരളം മുഴുവനും ഈ പോസ്റ്റര്‍ തന്നെയാണ് ഒട്ടിച്ചിരുന്നത്. അതും വലിയ പോസ്റ്ററുകള്‍ ആയിരുന്നു. ഇക്കാര്യത്തില്‍ ജയഭാരതിക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. അതിന്റെ ഡിസൈനറും എന്റെ സുഹൃത്തുമായ കുര്യന് വര്ണശ്ശാലയോട് കാര്യം അന്വേഷിച്ചപ്പോഴാണ് ആ പോസ്റ്ററിന് പിന്നിലെ കഥ പറയുന്നത്.
ചിത്രീകരണത്തിന്റെ സമയത്ത് സ്റ്റില്‍ ഫോട്ടോഗ്രാഫറെ ഒന്നും അവിടേക്ക് അടുപ്പിച്ചിരുന്നില്ല. എന്നാല്‍ ഭരതന്റെ മനസ്സില്‍ ഇതുപോലൊരു ഫോട്ടോ പോസ്റ്ററില്‍ വേണമെന്നുണ്ടായിരുന്നു. അങ്ങനെ സിനിമയിലെ ഒരു പാട്ട് സീനില്‍ ജയഭാരതി ഇങ്ങനെ കിടക്കുന്നൊരു ഭാഗമുണ്ട്. അന്ന് ക്യാമറയിലല്ല ഷൂട്ട് ചെയ്യാറുള്ളത്. ഫിലിമാണുണ്ടായിരുന്നത്. ആ ഫിലിമില്‍ നിന്ന് ഒന്ന് രണ്ട് ഭാഗം കട്ട് ചെയ്ത് അതിന്റെ നെഗറ്റീവ് എടുത്താണ് കുര്യന് ആ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
ആ ചിത്രത്തിലുള്ളതുപോലെ അത്രയും ജയഭാരതി നനഞ്ഞിട്ടുണ്ടായിരുന്നില്ല. അതെല്ലാം ഡിസൈനിലൂടെ ചെയ്തതാണ്. എന്തായാലും പോസ്റ്റര്‍ പുറത്ത് വന്നതോടെ ജയഭാരതി ആകെ ദേഷ്യത്തിലായി. അവരുടെ ദേഷ്യം മുഴുവന്‍ കുര്യനോട് ആയിരുന്നു. കുര്യന് കുറേക്കാലം ജയഭാരതിയുടെ മുന്നില്‍പ്പെടാതെ ഒളിച്ചു നടന്നു.’- ആലപ്പി അഷ്റഫ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]