
പണി എന്ന സിനിമയെ വിമര്‍ശിച്ചയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വലിയ വിമര്‍ശനം നേരിടുന്ന നടനും സംവിധായകനുമായ ജോജു ജോര്‍ജിന് പിന്തുണയുമായി അഖില്‍ മാരാര്‍. പണി എന്ന ചിത്രത്തിനെതിരെ ആദര്‍ശ് എച്ച്എസ് എന്നയാള്‍ നടത്തിയ വിമര്‍ശനത്തിന് പിന്നില്‍ സ്ഥാപിത താല്പര്യങ്ങളുണ്ടെന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
എന്നാല്‍ ജോജു ജോര്‍ജിന് അനുകൂലമായി സംസാരിക്കുന്നത് അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരില്‍ അല്ലെന്നും കഴിഞ്ഞ മൂന്ന് മാസമായി ജോജുവുമായി യാതൊരു ബന്ധവുമില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ അഖില്‍ പറയുന്നു. വാട്സാപില്‍ പോലും സംസാരിക്കാറില്ലെന്നും ജോജു തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അതിനുള്ള കാരണം എന്താണെന്നറിയില്ലെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്.
സിനിമയുടെ പൂജാ സമയത്ത് നിലവിളക്ക് കൊളുത്തിയവരില്‍ ഒരാളാണ് താനെന്നും പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളില്‍ പോയിരുന്നുവെന്നും അഖില്‍ പറയുന്നു. ഷൂട്ട് കഴിഞ്ഞ സമയത്തും എഡിറ്റിങ് സമയത്തും ഈ സിനിമ 80 ശതമാനത്തോളം കണ്ട ആളാണ്. എങ്കിലും യാതൊരു വിധത്തിലും താന്‍ സിനിമയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞു. ജോജുവുമായുള്ള ബന്ധത്തിന്റെ പേരിലല്ല തന്റെ ശരികളുടെ പേരിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലെ പീഡന രംഗത്തിനെതിരെയുള്ള ആദര്‍ശ് എന്നയാളുടെ വിമര്‍ശനം ബോധപൂര്വാണെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്.
നിഷ്കളങ്കനായ ഒരു വിദ്യാര്‍ഥി സിനിമകണ്ട് തന്റെ അഭിപ്രായം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു എന്നു കരുതിയെങ്കില്‍ തെറ്റി. മുമ്പ് ഒരു ചാനലില്‍ പ്രവര്‍ത്തിച്ചിരുന്നയാളും കെപിസിസി വാര് റൂമില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമാണ്. കോണ്‍ഗ്രസുകാരനായ ഇയാള്‍ക്ക് ജോജുവിനോട് വിരോധം ഉണ്ടാവുക സ്വാഭാവികമാണ്.
മുമ്പ് കോണ്‍ഗ്രസിന്റെ ഇന്ധനവില പ്രതിഷേധ സമരത്തിനിടെ വഴിതടയല്‍ ചോദ്യം ചെയ്ത ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മില്‍ പിന്നീടുണ്ടായ പ്രശ്നങ്ങള്‍ അഖില്‍ മാരാര്‍ ചൂണ്ടിക്കാണിക്കുന്നു. ആ സംഭവത്തിന് ശേഷം ജോജു ജോര്‍ജിനെതിരെയുണ്ടായ സൈബറാക്രമണങ്ങളില്‍ ചുക്കാന്‍ പിടിച്ചവരില്‍ ഒരാളാവാം ആദര്‍ശ് എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
മറ്റുള്ളവര്‍ അറിയണം എന്ന ഉദ്ദേശ്യത്തിലാണ് നമ്മള് ഫേബ്സുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. നമ്മുടെ സ്വന്തം പ്രൊഫൈലില്‍ അഭിപ്രായം പങ്കുവെക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ആ പോസ്റ്റ് സിനിമാ ചര്‍ച്ചകള്‍ നടക്കുന്ന വിവിധ സിനിമാ ഗ്രൂപ്പുകളില്‍ അത് പങ്കുവെക്കുകയും സിനിമ മോശമാണ് കാണരുതെന്ന് കമന്റും ചെയ്യുന്നു.
ഈ സിനിമയിലെ റേപ്പ് സീന്‍ ചിത്രീകരിച്ച് ശരിയായില്ലെന്നാണ് അയാള്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്നം. അത് കാണുന്നവര്‍ക്ക് അരോജകമാകുമെന്നാണ് പറയുന്നത്. അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളെ കുറിച്ചും അയാള്‍ വ്യാകുലപ്പെടുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ ചെറുപ്പക്കാരുടെ ജീവിതം അനുകരിക്കാന്‍ തുടങ്ങിയാല്‍ സമൂഹത്തില്‍ എത്രത്തോളം അധഃപതനം ഇവിടെയുണ്ടാവുമെന്ന് കാര്യം ആരും ചര്‍ച്ചയില്‍ കൊണ്ടുവന്നിട്ടില്ല. ആത്യന്തികമായും അത് ഒരു സിനിമയാണെന്നും അതിന് സമൂഹത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നുമുള്ള ബോധ്യമുള്ളവരാണ് നമ്മളെല്ലാം. സദയം എന്ന സിനിമയും അഖില്‍ മാരാര്‍ സമാനമായി ചൂണ്ടിക്കാണിക്കുന്നു.
ചുരുളി എന്ന സിനിമ ഇഷ്ടപ്പെടുകയും മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുതെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സിനിമയാണെന്നും അഭിപ്രായപ്പെട്ടയാളാണ് ആദര്‍ശെന്നും അഖില്‍ മാരാര്‍. വയനാട്ടില്‍ എത്തിയ മോഹന്‍ലാലിനെ അധിക്ഷേപിച്ച് സംസാരിച്ച ചെകുത്താനെ അനുകൂലിച്ച് പോസ്റ്റിട്ടയാളാണ് ആദര്‍ശ്. ഇയാളുടെ മനോനില പരിശോധിക്കേണ്ടതുണ്ടെന്നും അഖില്‍ പറഞ്ഞു.
മുന്‍കാലത്ത് കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ നടന് അയാള്‍ സംവിധായകനായസമയത്ത് ലഭിക്കുന്ന ജനപ്രീതികണ്ട് ഹാലിളകിയ ഒരു സൈബര്‍ കൊങ്ങിയുടെ ധീനരോദനമാണ് ആദര്‍ശ് രേഖപ്പെടുത്തിയെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
സിനിമയെ ബോധപൂര്‍വം നിശിപ്പിക്കാന്‍ നോക്കുന്ന കൃമികീടങ്ങളെ തിരിച്ചറിയണമെന്നും ആരെയും അനുകൂലിക്കാനോ എതിര്‍ക്കാനോ പറയുന്നില്ലെന്നും ജോജുവിന്റെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കണമെന്നും അഖില്‍ മാരാര്‍ വീഡിയോയില്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]