
1998-ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലെ ‘സമയമിതപൂര്‍വ സായാഹ്നം’ എന്ന പാട്ടിന്റെ റെക്കോഡിങ്ങിനായി അഞ്ച് മണിക്കൂറിലേറെ സമയം ചെലവഴിച്ചുവെന്ന് ഗായകന് എംജി ശ്രീകുമാര്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഈ പാട്ട് പാടിയത് എംജി ശ്രീകുമാറും യേശുദാസും ചേര്‍ന്നാണ്. അന്നത്തെ റെക്കോഡിങ്ങിനെ കുറിച്ചും ‘പൊന്നെ പൊന്നമ്പിളി’ എന്ന പാട്ടില്‍ നിന്ന് തന്നെ മാറ്റിയതിനെ കുറിച്ചുമെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍.
‘ഔസേപ്പച്ചന് ചേട്ടന് എല്ലാ തരത്തിലും പൂര്‍ണത നോക്കുന്നയാളാണ്. ഓരോ വരി പാടി നോക്കുമ്പോഴും ചിലപ്പോള്‍ എനിക്ക് തൃപ്തിയാകില്ല. ചിലപ്പോള്‍ ഔസേപ്പച്ചന് ചേട്ടന് തൃപ്തിയാകില്ല. അങ്ങനെ പാടിപ്പാടി അഞ്ച് മണിക്കൂറിന് മുകളില്‍ പോയി റെക്കോഡിങ്. ഒടുവില്‍ എനിക്ക് മടുത്തു.
ആ പാട്ടിലെ ദാസേട്ടന് പാടിയ ഭാഗം അമേരിക്കയിലാണ് റെക്കോര്‍ഡ് ചെയ്തത്. അദ്ദേഹം അമേരിക്കയില്‍ സെറ്റില്‍ഡ് ആകാന്‍ വേണ്ടി പോയതായിരുന്നു. ആ സമയത്ത് അവിടെയൊരു റെക്കോഡിങ് സ്റ്റുഡിയോയെല്ലാം സെറ്റ് ചെയ്തു. അതിനുശേഷം കുറേ പാട്ടുകളൊക്കെ അദ്ദേഹം അവിടെ നിന്ന് പാടി അയച്ചിട്ടുണ്ട്.’- എംജി ശ്രീകുമാര്‍ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു.
‘അതുപോലെ ഈ ചിത്രത്തിലെ ‘പൊന്നേ പൊന്നമ്പിളി’ എന്ന പാട്ടിന് പിന്നിലും ഒരു കഥയുണ്ട്. ആ പാട്ടിന് മോഹന്‍ലാലും മമ്മൂക്കയും ഒരുമിച്ച് സ്ക്രീനില്‍ വരുന്നുണ്ട്. മോഹന്‍ലാലിനുവേണ്ടി ഞാനും മമ്മൂക്കയ്ക്കുവേണ്ടി ദാസേട്ടനും പാടട്ടെ എന്നായിരുന്നു ആദ്യ തീരുമാനം. ആ ഉദ്ദേശത്തോടെയായിരുന്നു ഔസേപ്പച്ചന് പാട്ട് കംപോസ് ചെയ്തത്. ആ സമയത്ത് ഫാസില്‍ സാര്‍ പുതിയൊരു ആശയവുമായി വന്നു. മമ്മൂക്കയ്ക്കും മോഹന്ലാലിനുംവേണ്ടി ദാസേട്ടന്‍തന്നെ പാടട്ടെ എന്നായിരുന്നു ആ ആശയം. മോഹന്‍ലാലിനുവേണ്ടി പാടിയ ഭാഗം അല്പം സ്പീഡ് കൂട്ടുന്നു. അങ്ങനെ വരുമ്പോള്‍ ശബ്ദത്തില്‍ വ്യത്യാസം വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ആ പാട്ടില്‍ അങ്ങനെയൊരു വ്യത്യാസമൊന്നും വന്നില്ല. എന്നെയൊന്ന് മാറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത പരീക്ഷണമായിരുന്നു അത്.’-തമാശ കലര്‍ത്തി അല്പം ചിരിയോടെ എംജി ശ്രീകുമാര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]