
ദേശീയ പുരസ്കാരം നേടിയ നടന്, കൈയടി നേടിയ ‘കപ്പേള’യെന്ന ആദ്യ സംവിധാനം സംരംഭം. ഇപ്പോഴിതാ രണ്ടാമത്തെ സംവിധാന സംരംഭം റിലീസിന് ഒരുങ്ങുന്നു. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ഒരുകൂട്ടം യുവതാരങ്ങളും അണിനിരക്കുന്ന ചിത്രമാണ് മുസ്തഫയുടെ ‘മുറ’. സുഹൃത്തും നടനും തിരക്കഥാകൃത്തുമായ സുരേഷ് ബാബുവാണ് രചന. ‘ഉപ്പും മുളകും’ പരിപാടിയുടെ എഴുത്തും അഭിനയവുമായി ശ്രദ്ധേയനാണ് സുരേഷ്.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘അയ്ന്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മുസ്തഫയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചത്. ദേശീയ പുരസ്കാരം നേടിയതിനുശേഷം ചെറിയ വേഷങ്ങളിലേയ്ക്ക് വിളിക്കാന്‍ പലരും മടിച്ചുവെന്ന് പറയുകയാണ് മുസ്തഫ. തങ്ങളുടെ സിനിമ വിശേഷങ്ങള്‍ മുസ്തഫയും സുരേഷും മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
മനസ്സിനെ നോവിച്ച ചില കാഴ്ചകളുണ്ടായിരുന്നു, അന്നത് സിനിമയാക്കണമെന്നും കരുതിയിരുന്നു
മുസ്തഫ: തിരുവനന്തപുരത്തെ ഭൂമികയില്‍ നിന്നുകൊണ്ട് പറയുന്ന ഒരു ലോക്കല്‍ ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ‘മുറ’. പല ആളുകളുടേയും പ്രണയവും സംഘട്ടനവും പാട്ടുകളും ഒക്കെ ചിത്രത്തിലുണ്ട്. മുറയ്ക്ക് അടുത്തൊരു തലമുറ എന്ന് അര്‍ഥമുണ്ട്. അതിലുപരി ചിത്രം കണ്ടതിനുശേഷം ആളുകള്‍ക്ക് മനസിലാവുന്ന ഒരു കാര്യം കൂടിയുണ്ട്.
സുരേഷ്: നമ്മള് കണ്ടുപരിചയിച്ച കഥ തന്നെയാണ് ‘മുറ’യുടേത്. തിരുവനന്തപുരം നഗരത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. കുറച്ച് വര്‍ഷങ്ങളായി ഈ സിനിമയുടെ ആശയം മനസിലുണ്ട്. സ്കൂള്‍ കാലം തൊട്ടെ ചെറിയ ഗ്യാങ്സ്റ്റര്‍ കൂട്ടങ്ങള്‍ കാണാം. പിന്നെ അത് ഭിന്നിക്കപ്പെട്ടു. പണ്ടും നമ്മള് ഇത് ചര്‍ച്ച ചെയ്യുമായിരുന്നു. മനസ്സിലെ നോവിക്കുന്ന ചില കാഴ്ചകള്‍, ചില സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പണ്ടേ സംസാരിക്കാറുണ്ടായിരുന്നു. ഈ സംഭവങ്ങളെല്ലാം ചേര്‍ത്ത് ഒരു കഥ പറയാം എന്ന ചിന്തയുണ്ടായിരുന്നു. ഇപ്പോഴാണ് അതിനുള്ള അവസരം ഉണ്ടാകുന്നത്.
മുസ്തഫ: ആക്ഷന്‍ ഈ സിനിമയുടെ പ്രധാന ഘടകമാണ്. എട്ടോളം സംഘട്ടനങ്ങള്‍ ചിത്രത്തിലുണ്ട്. അതിനെല്ലാം ഉപരി ഒരു ഇമോഷണല്‍ വശം കഥയിലുണ്ട്.
സുരാജ് ഏട്ടന്റെ വരവ് ഗുണം ചെയ്തു
മുസ്തഫ: തിരക്കഥ ഫൈനലായതിന് ശേഷമാണ് കാസ്റ്റിങ്ങിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയത്. പുതിയ ആളുകള്‍ വന്നാല്‍ രസമായിരിക്കും ഒരു ഫ്രെഷ്നസ് ലഭിക്കും എന്ന ചിന്തയുണ്ടായിരുന്നു. തിരുവനന്തപുരത്ത് വീട് എടുത്തായിരുന്നു എഴുത്ത്. ആ സമയംതൊട്ട് ഞാനും സുരേഷും ഒരുമിച്ചുണ്ട്.
അനി എന്ന കഥാപാത്രം ആരുചെയ്യണം എന്നതില്‍ കൂടുതലൊന്നും ആലോചിച്ചിട്ടില്ല. സുരാജ് ഏട്ടന് വന്നാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നലുണ്ടായി. സുരാജ് ഏട്ടന് പരിപാടി ഇഷ്ടപ്പെട്ടു. നമുക്കിത് പൊളിക്കാം എന്നൊക്കെ പറഞ്ഞു. പിന്നീടുള്ള ചര്‍ച്ചകളില്‍ സുരാജേട്ടനും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ലോക്കല്‍ ഏരിയകളെക്കുറിച്ച് ധാരണയുള്ള ആളായത് ഞങ്ങള്‍ക്ക് വളരെയധികം സഹായകരമായി.
മുസ്തഫ: പിള്ളേരുടെ വേഷം ചെയ്യാന്‍ തിരുവനന്തപുരത്ത് നിന്നുള്ള ആളുകള്‍ വേണമെന്ന് കരുതിയാണ് കാസ്റ്റിങ് കാള്‍ ഇട്ടത്. പക്ഷേ പലയിടത്തുനിന്നും വന്നു. തിരുവനന്തപുരം സ്ലാങ്ങില്‍ നിന്നാണ് കണ്ണന് ചേട്ടന് (സുരേഷ് ബാബു) കഥ പറയുന്നത്. അതുകൊണ്ട് ഇവിടെ നിന്നുള്ളവരാണെങ്കില്‍ നന്നാവുമെന്ന് കരുതി. കുറെ നാളായി ഈ സ്ലാങ്ങ് കേള്‍ക്കുന്നത് കൊണ്ട് ഇതിനൊരു താളമുണ്ടെന്ന് എനിക്കറിയാം. സുരാജ് ഏട്ടന് സിനിമയില്‍ വന്നതിന് പിന്നില്‍ ഈ കാരണവുമുണ്ട്. തിരുവനന്തപുരത്തിന് പുറത്തുള്ള അധികമാരും ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല.
സുരേഷ് ബാബു: സിനിമയിലെ 99 ശതമാനം പേരും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്. എഴുതുന്ന സമയത്ത് കഥാപാത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ മനസില്‍.
ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളും അവരുടെ ഇമോഷനുകളും
മുസ്തഫ: ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ഗ്രേ ഷേഡ് ഉള്ളവരാണ്. അതില്‍ നിന്ന് പറയുന്ന ഒരു ഇമോഷനുണ്ട്. അതിന് വളരെയേറെ പ്രാധാന്യമുണ്ട്. അവരുടെ നോട്ടത്തിനും ചലനത്തിനും എല്ലാം പ്രാധാന്യമുണ്ട്. ആ രീതിയില്‍ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.
പണത്തിന് ചിത്രത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. പണത്തിന് ആവശ്യമില്ലാത്തവരായി ആരുണ്ട്. പണത്തിന്റെ ധാരാളിത്തത്തെക്കുറിച്ചും പണം ഇല്ലാത്തതിനെക്കുറിച്ചുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. ഒരുപാട് ലെയറുകളുണ്ട് ചിത്രത്തിന്. ആ ലെയറുകളാണ് ചിത്രത്തിന് ‘മുറ’ എന്ന പേര് നല്കിയതും.
ആദ്യപടം എന്ന് തോന്നിക്കാത്ത പ്രകടനം
മുസ്തഫ: തങ്ങളുടെ ആദ്യചിത്രം എന്ന് തോന്നിക്കാത്ത പ്രകടനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. അവര്‍ക്ക് ഞങ്ങള്‍ ആക്ടിങ്ങിനും ഫൈറ്റിനും ഒക്കെ വര്‍ക്ക് ഷോപ്പ് നല്‍കിയിരുന്നു. ഇവരെയും കൊണ്ട് സിറ്റിയിലൊക്കെ കറങ്ങി. ഇവിടുള്ളവര്‍ ആയതുകൊണ്ട് സിറ്റിയുടെ പള്‍സ് ഇവര്‍ക്കറിയാം. ആദ്യമായി അഭിനയിക്കുന്ന പിള്ളേര് ആണെന്നുള്ളത് ഷൂട്ട് തുടങ്ങിയപ്പോഴെ മാറി. ഇവര്‍ നമ്മളെക്കാളും അനുഭവസമ്പത്ത് ഉള്ളവരാണോയെന്ന് തോന്നിപ്പോകും. എന്തും ചെയ്യാന്‍ റെഡി ആയിരുന്നു പിള്ളേര്. കപ്പേള ചെയ്ത ഫൈറ്റ് മാസ്റ്റര്‍ തന്നെയായിരുന്നു ഇതിലും. അന്ന് മുതലുള്ള ബന്ധമുണ്ട്. വര്‍ക്ക് ഷോപ്പില്‍ പിള്ളേര്‍ക്കൊപ്പം പുള്ളയും ഉണ്ടായിരുന്നു. ഭയങ്കര വൈബ് ആയിരുന്നു ലൊക്കേഷനില്‍ എല്ലാവരും.
സുരേഷ്: ആക്ഷനൊക്കെ ഉണ്ടെങ്കിലും സിനിമയിലെ വൈകാരികത ആണ് പ്രധാനം. അത് ആളുകള്‍ക്ക് കണക്ട് ആകണം.സ്നേഹബന്ധങ്ങള്‍ക്ക് ഇടയിലുണ്ടാകുന്ന വിള്ളലുകള്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് കാണേണ്ടത്.
മുസ്തഫ: ചിത്രത്തിലെ സംഗീത സംവിധായകനെക്കുറിച്ച് ടൈറ്റില്‍ ട്രാക്ക് കണ്ടതിനുശേഷം ഒരുപാട് പേര് വിളിച്ച് ചോദിക്കുന്നുണ്ട്. ക്രിസ്റ്റിയാണ് സംഗീതം. ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ക്രിസ്റ്റോ സേവ്യറാണ് ക്രിസ്റ്റിയെ എന്നോട് നിര്‍ദേശിച്ചത്. സംസാരിച്ചപ്പോള്‍ തന്നെ അദ്ദേഹവുമായി എനിക്ക് കണ്ക്ടായി. ഇങ്ങോട്ട് വന്ന് ഓരോ ഐഡിയ ഒക്കെ പറയും.
ആ തെങ്ങിന്റെ ചുവട്ടില്‍ നിന്ന് ആരംഭിച്ച സൗഹൃദം, യാത്ര ഇന്നും തുടരുന്നു
സുരേഷ്: അമൃത ചാനലില്‍ ഞാന്‍ ഒരു പ്രോഗ്രാം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് മുസ്തു അവിടെ വന്നത്.കുറച്ച് ആര്‍ട്ടിസ്റ്റുകളെ പരീക്ഷിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് കരുതിയിരിക്കുന്ന സമയത്താണ് മുസ്തുവും ശ്രീകുമാറും ആ പരിപാടിയിലേയ്ക്ക് എത്തുന്നത്. ഞാന്‍ വലിയ കാര്യത്തില്‍ സംസാരിക്കുകയും അഭിനയിക്കുകയും ഒക്കെ ചെയ്യുന്ന സമയത്ത് പുള്ളി കൂളായി എന്നെ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. വെള്ളായണിയില്‍ ഒരു തെങ്ങിന്റെ ചുവട്ടില്‍ നിന്നാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അന്ന് ആ നിമിഷം തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി. ആ യാത്ര ഇപ്പോഴും തുടരുന്നു.
മുസ്തഫ: ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന ഒരു സിനിമയുടെ വര്‍ക്ക് നടന്നുവരികയാണ്. കപ്പേളയ്ക്ക് മുന്‍പ് ചര്‍ച്ച ചെയ്തതൊക്കെയാണ് ഞങ്ങള്‍ ഇപ്പോള്‍ പേപ്പറിലാക്കിക്കൊണ്ട് ഇരിക്കുന്നത്. നിമിഷ നേരം കൊണ്ട് കണ്ക്ട് ആകുന്ന ആളുകളെ ഞങ്ങള്‍ ജീവിതത്തില്‍ ഉടനീളം കൂടെക്കൂട്ടുന്നു. അത്തരത്തിലൊന്നും ‘മുറ’യില്‍ പറഞ്ഞുപോകുന്നുണ്ട്.
ചിത്രീകരണത്തിന് ശേഷം സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും
കപ്പേളയ്ക്ക് മുന്‍പും ഉണ്ടായിരുന്നു നാല് വര്‍ഷത്തെ ഇടവേള
മുസ്തഫ: ഒരു സിനിമയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് സ്വാഭാവികമായ ഒരു ഇടവേളയുണ്ടല്ലോ. കപ്പേള ചെയ്യാന്‍ ഞാന്‍ എത്രവര്‍ഷം എടുത്തുവെന്ന് ആരും ചോദിക്കാറില്ല. അതിന് ശേഷം അടുത്ത സിനിമയ്ക്കായി ഇത്രയും കൊല്ലം എടുത്തല്ലോ എന്ന അത്ഭുതമാണ് ആളുകള്‍ക്ക്. കപ്പേളയ്ക്കും ഇതുപോലെ നാലുകൊല്ലം എടുത്തു. കപ്പേളയ്ക്ക് ശേഷമുള്ള ഇടവേളയില്‍ സുഹൃത്തിനൊപ്പം ഒരു തമിഴ് സിനിമയില്‍ സഹായിക്കാന്‍ പോയി. ആ സഞ്ചാരം ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ പത്തോളം സബ്ജെക്ടുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തിരക്കഥ പൂര്‍ത്തിയായതും അല്ലാത്തതും ഒക്കെ ഇക്കൂട്ടത്തിലുണ്ട്. അത്തരമൊരു പ്രോസസിലൂടെ കടന്നുപോകുന്നത്.
‘കപ്പേള’ ചെയ്യുന്ന സമയത്തും ഒരുപാട് സബ്ജക്ടുകള്‍ ചര്‍ച്ചയിലുണ്ടായിരുന്നു. അതിന്റെയൊക്കെ കാന്‍വാസിന്റെ വലിപ്പം കൊണ്ടാകാം ആദ്യം അത് ചെയ്യാന്‍ മടിച്ചത്. ‘കപ്പേള’ പോലെ നമ്മുടെ ഒതുക്കത്തില്‍ ചെയ്യാന്‍ സാധിക്കുന്ന സബ്ജെക്ട് വന്നപ്പോള്‍ അതില്‍ വര്‍ക്ക് ചെയ്തു. മുറ ചര്‍ച്ച ചെയ്യുമ്പോള്‍ കണ്ണന് ഭായുടെ അനുഭവത്തിലുള്ളതും കണ്ടതുമായ പല കാര്യങ്ങളും വന്നു. അതെല്ലാം ഒന്നുപോലും ഒഴിവാക്കാനാകാത്തതാണ്. അദ്ദേഹത്തിന്റെ ചിന്തകളെ വിശാലമാക്കിക്കോളൂ, പരത്തി എഴുതൂ, നമുക്ക് അത് കുറുക്കി എടുക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. ഈ കഥ പ്രൊഡക്ഷനില്‍ പറഞ്ഞപ്പോള്‍ ഇത് ആദ്യം ചെയ്യാം എന്ന് തീരുമാനിച്ചു.
സുരേഷ്: ബോധപൂര്‍വം ‘മുറ’യിലേയ്ക്ക് എത്തിയതല്ല. വേറെ ഒന്നുരണ്ട് പ്രോജക്ടുകള്‍ മുസ്തുവിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്നു. ഒന്നും നമ്മള് മാറ്റിവെക്കുന്നില്ല. എല്ലാം നമ്മുടെ സിനിമ തന്നെയാണ്. ചര്‍ച്ച ചെയ്തപ്പോള്‍ ഇതിലേയ്ക്ക് എത്തിയതാണ്.
‘ഉപ്പും മുളകും’ ഒന്‍പത് വര്‍ഷം ആകുന്നു. അതിന് മുന്‍പേ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. അന്നേ ഞങ്ങളുടെ സിനിമ ചര്‍ച്ചകള്‍ തുടങ്ങി. അവിടെ നിന്നാണ് ‘ഉപ്പും മുളകി’ലേയ്ക്ക് പോകുന്നു. മുസ്തുവിനെ ഒക്കെ ഭയങ്കര സീരിയസായിട്ടാണ് വെച്ചിരിക്കുന്നത്. കോമഡി ഒക്കെ പുള്ളിക്ക് നന്നായിട്ട് ചെയ്യാനാകും. ഒരു മുഴുനീള കോമഡി ഹൊറര്‍ ഒക്കെ ചെയ്യാന്‍ പദ്ധതിയുണ്ട്.
മുസ്തഫ: ഇങ്ങനെ ഒരു സബ്ജെക്ട് ചര്‍ച്ച ചെയ്യാം എന്നുപറഞ്ഞ് ഞങ്ങള്‍ ഇരിക്കാറില്ല. യാത്രയ്ക്കിടയില്‍ ഒക്കെ ഓരോ ആശയങ്ങള്‍ വന്നുചേരുന്നതാണ്. രണ്ടുവര്‍ഷം മുന്‍പ് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് എഴുതുന്ന തിരക്കഥയ്ക്കായി വയനാട്ടില്‍ ഇരുന്നു. 14 ദിവസത്തില്‍ 10 ദിവസവും ഉപ്പും മുളകും എഴുതി അയക്കുന്ന തിരക്കിലായി. ബാക്കി നാല് ദിവസം മതിയായിരുന്നു അത് സീന്‍ ഓര്‍ഡര്‍ ആക്കാന്‍. കാരണം ഒരു വര്‍ഷം കൊണ്ട് ഫോണിലൂടെ സംസാരിക്കുന്ന സബ്ജെക്ട് ആയിരുന്നു അത്. ഞങ്ങളുടെ ഡ്രീം പ്രോജക്ട് ആണത്.
സുരാജ് വെഞ്ഞാറമൂട് ‘മുറ’ എന്ന ചിത്രത്തിൽ
ദേശീയ പുരസ്കാരം ലഭിച്ചശേഷം പലരും വിളിക്കാന്‍ മടിച്ചു
മുസ്തഫ: പൊതുവേ ആരെയും വിളിച്ചിട്ട് അവസരം ചോദിക്കുന്നയാളല്ല ഞാന്‍. അത് എനിക്ക് മടിയാണ്. വളരെ അടുത്ത ആളുകളോട് മാത്രമേ ഞാന്‍ ചോദിക്കാറുള്ളൂ. അതുകൊണ്ടാവാം ഞാന്‍ അഭിനയത്തില്‍ സജീവമാകാത്തത്. ചാനല്‍ പ്രോഗ്രാം ചെയ്യുന്ന സമയത്ത് എല്ലാവരും എന്നെ കണ്ടുകൊണ്ടിരുന്നു. ആ സമയത്ത് കുറച്ച് പടങ്ങളും ചെയ്യാന്‍ പറ്റി.
അവാര്‍ഡ് കിട്ടിക്കഴിഞ്ഞതിന് ശേഷം ആ ഒരു ബാധ്യത അല്ലെങ്കില്‍ ബഹുമാനം ആളുകള്‍ക്കുണ്ട്. ചെറിയ വേഷത്തിനൊക്കെ വിളിക്കണോ എന്ന തോന്നല്‍. എസ്.എന്‍ സ്വാമി സാറിന്റെ സീക്രട്ടില്‍ ഒരു സീന്‍ മാത്രമേ ഉള്ളൂ, അത് ഞാന്‍ പോയി ചെയ്തു. അഭിനയിക്കില്ല എന്ന തീരുമാനം ഒന്നുമില്ല.
കപ്പേളയില്‍ ഒരു വേഷം ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ മടിച്ച് നിന്നു. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുവല്ലേ. പക്ഷേ നിര്‍ബന്ധിച്ചപ്പോള്‍ ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]