മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്കാണ് ഇനി പോകുന്നത്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 22ന് പെര്‍ത്തിലാണ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും ഇത്തവണ ഓസ്ട്ര്ലേയയില് എത്തുമ്പോള്‍ ഇന്ത്യക്ക് പരിഹാസവാക്കുകളാകും കേള്‍ക്കേണ്ടി വരികയെന്ന് തുറന്നു പറയുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 0-3ന്റെ തോല്‍വിയെക്കുറിച്ച് ഓരോ നിമിഷവും ഓസ്ട്രേലിയന്‍ താരങ്ങളും ആരാധകരും ഇന്ത്യയെ കുത്തിനോവിക്കുമെന്ന് സൈമണ്‍ ഡൂൾ പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇന്ത്യ കഴിഞ്ഞ രണ്ട് തവണയും ജയിച്ചിരിക്കാം. പക്ഷെ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ 0-3ന്റെ തോല്‍വിക്ക് ശേഷം ഓസ്ട്രേലിയയില്‍ എത്തുമ്പോള്‍ ഓസ്ട്രേലിയക്കാര്‍ മുഴുവന്‍ അക്കാര്യം പറഞ്ഞ് നിങ്ങള പരിഹസിക്കും. ഓസ്ട്രേലിയയില്‍ കാലെടുത്തുവെക്കുന്ന നിമിഷം മുതല്‍ അത് തുടങ്ങുമെന്നും സൈമണ്‍ ഡൂള്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവി, ഗൗതം ഗംഭീറിനും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ യോഗ്യത നേടാൻ ഇന്ത്യക്ക് വേണ്ടത് നാലു ജയവും ഒരു സമനിലയുമാണ്. ന്യൂസിലന്‍ഡിനെതിരായ തിരിച്ചടിയില്‍ നിന്ന് കരകയറി അത് നേടണമെങ്കില്‍ കുറച്ചൊന്നും മനക്കരുത്ത് പോരാ. ന്യൂസിലന്‍ഡിനെതിരെ കളിച്ച അതേ ടീം തന്നെയാണ് ഓസ്ട്രേലിയയിലേക്ക് പോകുന്നത്. അവര്‍ക്ക് അവിടെ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ലെന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഇക്കാലമത്രയുമുള്ള വിജയരഹസ്യം മികച്ച ബാറ്റിംഗ് വിക്കറ്റുകളില്‍ മികവ് കാട്ടാന്‍ കഴിയുന്ന അവരുടെ ബാറ്റിംഗ് നിരയും നിലവാരമുള്ള സ്പിന്നര്‍മാരുമായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ പന്ത് കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കിയതോടെ എതിർ ടീമിലെ സ്പിന്നര്‍മാര്‍ക്ക് ഇന്ത്യ അവസരം ഒരുക്കിക്കൊടുത്തു. എല്ലാ ബഹുമാനത്തോടെയും പറയട്ടെ അങ്ങനൊയാണ് മിച്ചല്‍ സാന്റ്നറെയും ടോം ഹാര്‍ട്ലിയെയും പോലുള്ള സ്പിന്നര്‍മാര്‍ ഇന്ത്യയില്‍ വിക്കറ്റ് കൊയ്തത്.
ന്യൂസിലന്‍ഡിനെതിരായ ദയനീയ തോല്‍വി, ടീം ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിന്; പന്തിനും ഗില്ലിനും പ്രശംസ
ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് സ്പിന്നര്‍മാരുണ്ട്. സ്പിന്നിനെ ചെറുതായി തുണക്കുന്ന പിച്ചില്‍ പോലും അവര്‍ക്ക് മികവ് കാട്ടാനാകുമെന്നിരിക്കെ റാങ്ക് ടേണേഴ്സുണ്ടാക്കി എതിര് ടീമിലെ സ്പിന്നര്‍മാര്‍ക്ക് ആധിപത്യം നേടാന്‍ അവസരമുണ്ടാക്കിയതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നും ഡൂള്‍ പറഞ്ഞു. മികച്ച ബാറ്റിംഗ് വിക്കറ്റുണ്ടാക്കുകയും ബാറ്റര്‍മാര്‍ക്ക് മികവ് കാട്ടാന്‍ അവസരമൊരുക്കുകയും എതിര് ടീമിലെ സ്പിന്നര്‍മാരെക്കാള്‍ മികച്ച സ്പിന്നര്‍മാരുള്ളതിനാല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയുമായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നതെന്നും ഡൂള്‍ ജിയോ സിനിമക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]