തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്. കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിന്റെ നോട്ടീസ്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്. നോട്ടീസിന് വിശദീകരണം നൽകുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്തിയിരുന്നു. സേവനവും ഉൽപ്പനങ്ങളും നൽകുമ്പോള് ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കിൽ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്.
1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്. പുതിയ നോട്ടീസ് സാമ്പത്തിക വിദഗ്ദരുമായി ചർച്ച ചെയ്തുവരുകയാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും തുക അടയ്ക്കേണ്ടിവരില്ലെന്നും ഇതിൽ വ്യക്തവരുത്തി മറുപടി നൽകുമെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]