
കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണവുമായി താലിബാൻ. സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വിർജീനിയ ആസ്ഥാനമായുള്ള അമു ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ സ്ത്രീകൾ വാങ്ക് വിളിക്കുന്നതും തക്ബീർ മുഴക്കുന്നതും താലിബാൻ വിലക്കിയിരുന്നു. പിന്നാലെയാണ് ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതും വിലക്കിയത്. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പറഞ്ഞു.
പ്രാർത്ഥനക്കിടെ, സ്ത്രീകൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ സംസാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്ത്രീയുടെ ശബ്ദം സവിശേഷമായി കണക്കാക്കപ്പെടുന്നു. മറ്റുള്ള സ്ത്രീകൾ പോലും കേൾക്കാൻ പാടില്ലെന്നും താലിബാൻ അറിയിച്ചു. പുതിയ ഉത്തരവ് സ്ത്രീകൾ പുറത്ത് സംസാരിക്കുന്നത് വിലക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിമർശനമുയർന്നു. പുതിയ നിയമം സ്ത്രീകളുടെ സ്വകാര്യ സംഭാഷണങ്ങൾ പോലും പരിമിതപ്പെടുത്തുകയും സ്ത്രീകളുടെ സാമൂഹിക സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
നിലവിൽ സ്ത്രീകൾ മുഖമടക്കം മൂടണമെന്നാണ് താലിബാന്റെ ഉത്തരവ്. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി കാഴ്ച സമ്പർക്കം പുലർത്തുന്നത് നിരോധിച്ചിരുന്നു. ടാക്സി ഡ്രൈവർമാർക്ക് ഒരു പുരുഷ ബന്ധു കൂടെയില്ലാതെ സ്ത്രീകളെ കയറ്റിയതിന് പിഴകൾ നേരിടേണ്ടിവരും. വിലക്കുകൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷയാണ് നിഷ്കർഷിക്കുന്നത്. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ഭയത്തിൻ്റെ അന്തരീക്ഷമാണ് രാജ്യമാകെയെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. കാബൂൾ പോലുള്ള നഗരങ്ങളിലെ തെരുവുകളിൽ പരിമിതമായി മാത്രമേ സ്ത്രീകൾ പുറത്തിറങ്ങാറുള്ളൂവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Asianet News
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]