കണ്ണൂർ: എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് കണ്ണൂര്‍ കണ്ണപുരത്ത് വെച്ചാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടികളില്‍ വീഴ്ചയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വൈകിയതെന്നും കമ്മീഷണര്‍ പ്രതികരിച്ചു. പൊലീസ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം തള്ളിയതെന്നും കമ്മീഷണര്‍ പറഞ്ഞു. പി പി ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് ഉടന്‍ നീങ്ങുമെന്നാണ് വിവരം.
പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകർപ്പിൽ പ്രൊസിക്യൂഷനെ കോടതി പരാമർശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു. ദിവ്യയെ കമ്മീഷണർ ഓഫീസിലേക്ക് ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താൻ കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി തള്ളിയിരുന്നു. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]