
പ്രതിമാസം 4000 ഡോളർ (മൂന്നുലക്ഷം രൂപ) വാടക നൽകുന്ന അപാർട്മെന്റ്, അവിടെ എലികളെക്കൊണ്ട് ജീവിക്കാനാവുന്നില്ല എന്ന് വന്നാൽ എന്തായിരിക്കും അവസ്ഥ? എന്തായാലും, അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിരിക്കയാണ് ന്യൂയോർക്ക് സിറ്റിയിലെ ഈ അപാർട്മെന്റിലെ താമസക്കാർക്ക്.
അവസാനം കെട്ടിടത്തിന്റെ ഉടമയോട് സംഘടിതമായി പോരാടാൻ തീരുമാനിച്ചിരിക്കുകയാണത്രെ ഇവിടുത്തെ വാടകക്കാർ. സ്റ്റാർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ബുഷ്വിക്ക് സൈറ്റിലെ അപാർട്മെന്റിലെ താമസക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. വാടകക്കാരിൽ ഒരാളായ ഹണ്ടർ ബൂൺ മാധ്യമങ്ങളോട് പറഞ്ഞത്, കെട്ടിടത്തിലെ ഈ വൃത്തിഹീനമായ താമസം കാരണം തനിക്കും തൻ്റെ നായയ്ക്കും രോഗങ്ങൾ പിടിപെട്ടു എന്നാണ്. എലിവിസർജ്ജനങ്ങളാൽ നിറഞ്ഞിരിക്കയാണ് അപാർട്മെന്റ്, അത് കാരണം രോഗങ്ങൾ ഒഴിയുന്നില്ല എന്നാണ് വാടകക്കാരുടെ പരാതി.
വീടുകളിൽ നിറയെ പൂപ്പലാണ്. എലികൾ കാരണം പൈപ്പുകളടക്കം പൊട്ടി. ഇവയെല്ലാം നന്നാക്കുന്നതിന് വേണ്ടി തന്റെ കുടുംബം ആറ് ദിവസം ഇവിടെ നിന്നും മാറിത്താമസിക്കുന്ന അവസ്ഥ വരെയുണ്ടായി എന്നാണത്രെ ഒരു വാടകക്കാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബത്ത്റൂമിന്റെ നിലത്ത് മുഴുവനും ദ്വാരം വീണിരിക്കുകയാണ്. മനുഷ്യന് താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടെ എന്നാണ് വാടക്കാരുടെ പരാതി.
ബൂൺ പറയുന്നത്, പലതവണ വാടകക്കാർ കെട്ടിടം ഉടമയോട് പരാതി പറഞ്ഞു. എന്നാൽ, അത് വൃത്തിയാക്കാനോ ഈ എലികളെ ഇല്ലാതാക്കാനോ ഒന്നും തന്നെ അയാൾ ഒന്നും ചെയ്തില്ല. അതിനാൽ, വാടകക്കാർക്ക് എല്ലാവരേയും ഒരുമിപ്പിച്ച് നിർത്തി പ്രതികരിക്കേണ്ടുന്ന അവസ്ഥ വന്നിരിക്കയാണ് എന്നാണ്.
എന്നാലും, ഈ മൂന്നുലക്ഷം മാസവാടകയുള്ള അപാർട്മെന്റിലാണോ ഇത്ര ഗതികെട്ട് താമസിക്കേണ്ടി വരുന്നത് എന്നാണ് ആളുകളുടെ ചോദ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]