
തളിപ്പറമ്പ് (കണ്ണൂർ) ∙ ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്കു സമ്മാനമായി ഒലിവ് പുഷ്പചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും. കണ്ണൂർ തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഈ വിജയകിരീടം തയാറാക്കിയത്. പുരാതന ഒളിംപിക്സിൽ വിജയികൾക്കു സമ്മാനിച്ചിരുന്ന ഒലിവ് ചക്രത്തിന്റെ മാതൃകയിലാണു കിരീടം തയാറാക്കിയത്. ഒന്നാം സ്ഥാനക്കാർക്ക് മെറൂൺ നിറത്തിലും 2–ാം സ്ഥാനക്കാർക്ക് നീല നിറത്തിലും 3–ാം സ്ഥാനക്കാർക്ക് ഓറഞ്ച് നിറത്തിലുമുള്ള കിരീടങ്ങളാണു നൽകുന്നത്.
മൂത്തേടത്ത് സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രൊഡക്ഷൻ സെന്ററിൽ 5700 കിരീടങ്ങളാണു നിർമിച്ചത്. 8,9 ക്ലാസുകളിലെ 12 വിദ്യാർഥികളുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. തലയണ നിർമാണത്തിനായി ആരംഭിച്ച പ്രൊഡക്ഷൻ സെന്ററാണ് കിരീടനിർമാണത്തിലേക്കു വഴിമാറിയതെന്ന് പ്രവൃത്തിപരിചയ വിഭാഗം അധ്യാപിക പി.വി.വർഷ പറഞ്ഞു.
കുട്ടികൾ അധ്യാപകരുടെ പിന്തുണയോടെ ആവേശപൂർവം കിരീടനിർമാണം ഏറ്റെടുത്തു. വെൽവെറ്റ് ഉൾപ്പെടെയുള്ള തുണികൾകൊണ്ടാണ് കിരീടം നിർമിച്ചത്. സ്വർണം, വെള്ളി, വെങ്കല നിറങ്ങളിലുള്ള ലെയ്സുകൾ ഉപയോഗിച്ച് മനോഹരമാക്കുകയും സംസ്ഥാന കായികമേളയുടെ ചിഹ്നം തുന്നിച്ചേർക്കുകയും ചെയ്തു.
ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ, നിർമാണത്തിൽ പങ്കാളികളായ 12 വിദ്യാർഥികളും അധ്യാപിക വർഷയും ചേർന്ന് മന്ത്രി വി.ശിവൻകുട്ടിക്കു കിരീടങ്ങൾ കൈമാറി. എറണാകുളം ഡിഡിഇ ഹണി ജി.അലക്സാണ്ടർ, സ്കൂളിലെ അധ്യാപികമാരായ കെ.പി.രജിന, പി.വി.ശ്രീവിദ്യ, പി.അനുപമ, മാനേജ്മെന്റ് പ്രതിനിധി ദിനേശൻ ആലിങ്കൽ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന വേദി മാറി
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായിക മേളയുടെ ഉദ്ഘാടന വേദിയിൽ മാറ്റം. കായിക മേളയിലെ അത്ലറ്റിക്സ് മത്സരങ്ങൾ നടത്തുന്ന മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തന്നെയാണു നവംബർ നാലിനു വൈകിട്ട് ഉദ്ഘാടന സമ്മേളനവും നടക്കുക. നേരത്തേ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയമാണ് ഉദ്ഘാടന വേദിയായി നിശ്ചയിച്ചിരുന്നത്.
എന്നാൽ ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിലെ ടർഫിൽ ഉദ്ഘാടനം നടത്താൻ സാധിക്കില്ലാത്തതിനാലാണ് വേദി മാറ്റിയത്. നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ വിവിധ വേദികളിലായാണു സംസ്ഥാന കായികമേള.
English Summary:
Crown for winners in school sports fair
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]