
ചെന്നൈ: നടി സായി പല്ലവിക്കെതിരെ സൈബർ ആക്രമണം. ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചെന്നാണ് ആക്ഷേപം. 2022ലെ അഭിമുഖം കുത്തിപ്പൊക്കിയാണ് സൈബർ ആക്രമണം. പാകിസ്ഥാനിലുള്ളവർ ഇന്ത്യൻ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമർശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്. നക്സൽ പ്രസ്ഥാനത്തെ കുറിച്ചുള്ള പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചാണ് സൈബർ ആക്രമണം. 2022 ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് ആ സമയം നൽകിയ അഭിമുഖത്തിൽ സായ് പല്ലവി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബർ ആക്രമണത്തിൽ കലാശിച്ചിരിക്കുന്നത്.
ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞിരുന്നത് . ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി ഇതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നക്സലുകളേക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഈ മറുപടിയിലെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് നിലവിൽ സായ് പല്ലവിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം. നേരത്തെ സമാന രീതിയിലെ ആക്രമണം നടന്ന സമയത്ത് താൻ ഒരു കമ്മ്യൂണിറ്റിയെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതിൽ വേദനയുണ്ടെന്നുമായിരുന്നു സായ് പല്ലവി പ്രതികരിച്ചത്.
മറ്റന്നാൾ റിലീസ് ചെയുന്ന അമരൻ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സൈബർ ആക്രമണം. തമിഴ്നാട്ടിൽ നിന്നുള്ള മേജർ മുകുന്ദ് വരദരാജന്റെ ബയോപ്പിക് ആണ് അമരൻ. ഇതിന് പിന്നാലെ രാമായണം സിനിമയിൽ നിന്ന് സായി പല്ലവിയെ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാവുന്നുണ്ട്. രാമായണം സിനിമയിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായി പല്ലവി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]