
കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ബിജെപി. പ്രിയങ്ക അവസരവാദിയാണെന്ന് ബിജെപി ദേശീയ വക്താവ് സി.ആർ കേശവൻ ആരോപിച്ചു. പ്രിയങ്കയെ ‘പൊളിറ്റിക്കൽ ടൂറിസ്റ്റ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വയനാട്ടിൽ പ്രിയങ്ക പ്രചാരണത്തിനെത്തിയ ദിവസം തന്നെയാണ് രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയത്.
മണ്ഡലത്തിലെ വോട്ടർമാരെ ഗാന്ധി കുടുംബം വഞ്ചിച്ചെന്ന് സി.ആർ കേശവൻ കുറ്റപ്പെടുത്തി. ജൂണിൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞത് പരാമർശിച്ചായിരുന്നു വിമർശനം. രാഹുൽ ഗാന്ധി നടത്തിയ വഞ്ചനയിലൂടെ കയ്പേറിയ അനുഭവമാണ് വയനാട്ടിലെ വോട്ടർമാർക്ക് ഉണ്ടായത്. സഹോദരനായ രാഹുൽ ഗാന്ധിയെപ്പോലെ തന്നെ പ്രിയങ്ക ഗാന്ധി വാദ്രയെയും വിശ്വസിക്കാൻ കഴിയില്ലെന്നും അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേതെന്നും സി.ആർ കേശവൻ ആരോപിച്ചു.
വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വിജയിച്ചിരുന്നു. പിന്നീട് വയനാട് സീറ്റ് ഒഴിയുകയായിരുന്നു. ഗാന്ധി കുടുംബത്തിന് വോട്ടർമാരോട് ആത്മാർത്ഥമായ കരുതലോ വാത്സല്യമോ സ്നേഹമോ ഇല്ലെന്ന് വയനാട്ടിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും സി.ആർ കേശവൻ കൂട്ടിച്ചേർത്തു. നവംബർ 13നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]