
കൊച്ചി: യുവ ചലച്ചിത്ര സംവിധായിക അനു കുരിശിങ്കല്‍ സംഗീത സംവിധാന രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ്. അനു കുരിശിങ്കല്‍ രചനയും, സംഗീതവും നിര്‍വ്വഹിച്ച ‘ക്രൗര്യം’ എന്ന ചിത്രത്തിലെ ഗാനം തരംഗമാവുകയാണ്.
സുജാത മോഹന്‍, സിത്താര കൃഷ്ണകുമാര്‍, അജയ് വാസുദേവ്, എന്‍. എം. ബാദുഷ ശ്രീകാന്ത് മുരളി, ഡിജോ ജോസ് ആന്റണി, ബോബന് സാമുവേല്‍, ടിനി ടോം തുടങ്ങി നിരവധി താരങ്ങളുടെ ഫെസ്ബുക്ക് പേജിലൂടെയാണ് ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ റിലീസ് ചെയ്യപ്പെട്ടത്.
പുതുമുഖം സിനോജ് മാക്സ്,ആദി ഷാന്‍, ഏയ്ഞ്ചല്‍ മോഹന്‍, നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമിക്ക്മിടയില്,മേരെ പ്യാരെ ദേശ് വാസിയോം എന്നീ സിനിമകള്‍ക്കു ശേഷം സന്ദീപ് അജിത്കുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് ക്രൗര്യം. വിജയന് വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവന് റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേല് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിധു പ്രതാപ് ആലപിച്ച ക്രൗര്യത്തിലെ ഈ മനോഹരമായ മെലഡി ഗാനവും ജനങ്ങളുടെ ഖല്ബില് ഇതിനോടകം ഇടം നേടിക്കഴിഞ്ഞു. അസോസിയേറ്റ് ഡയറക്ടറായി ക്രൗര്യത്തില്‍ ജോയിന്‍ ചെയ്ത ഈ കലാകാരി തന്നെയാണ് ക്രൗര്യത്തിലെ മനോഹര ഗാനതിന് വരികളും എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുറുക്കന് സിനിമയുടെ സംവിധായകന് ജയലാല്‍ ദിവാകരണാണ് അനുവിന്റെ ഈ ആദ്യഗാനം ലോഞ്ച് ചെയ്തത്. ‘എന്റെ ഖല്‍ബിലെ’ എന്ന ഹിറ്റ് ഗാനത്തിന്റെ മ്യൂസിക് ഡയറക്റ്റര്‍ അലക്സ് പോളിന്റെ ശിഷ്യയാണ് അനു.
2014ല്‍ അലക്സ് പോള്‍ ആരംഭിച്ച ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ടെക്നോളജി’ എന്ന സ്ഥാപനത്തില്‍ മ്യൂസിക് ടെക്നോളജി കോഴ്സ് പഠിച്ച അനു ഗാനരചനയിലൂടെയാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. ബേര്‍ണി-ഇഗ്നേഷ്യസിലെ ബേര്‍ണിയുടെ മകന് ടാന്സണ് നല്കിയ സംഗീതത്തിനും, ശേഷം സംഗീത സംവിധായകന് മെജ്ജോ ജോസഫിന്റെ ഈണത്തിനും തമിഴ് വരികള്‍ എഴുതിയായിരുന്നു അനുവിന്റെ തുടക്കം. ആദ്യമായി എഴുതിയ തമിഴ് ഗാനം വായിച്ച് പ്രശസ്ത ഗാനരചയിതാവ് എസ്. രമേശന് നായര്‍ പറഞ്ഞ പ്രോത്സാഹനപരമായ വാക്കുകള്‍ ഇന്നും അനു മനസ്സില്‍ പിടിക്കുന്നു.
ചെരാതുകള്‍ എന്ന ആന്തോളജി സിനിമയില്‍ അനു സംവിധാനം ചെയ്ത ‘ദിവാ ‘എന്ന ചിത്രത്തിലെ മെജ്ജോ ജോസഫ് ഈണം നല്കിയ പ്രണയഗാനത്തിലും അനുവിന്റെ വരികളാണ്. ചിന്നു ചാന്ദിനി, ആനന്ദ് മധുസൂദനന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂരജ് ടോം സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ‘വിശേഷ’ത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അനുവിന്റെ കലാജീവിതം ഗാനരചന, സംവിധാനം, ഇംഗ്ലീഷ് സബ്ടൈറ്റ്ലിങ്ങ് എന്നിവയില്‍ തുടങ്ങി ഇന്ന് സംഗീത സംവിധാനത്തില്‍ വരേ എത്തിനില്‍ക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]