
ദില്ലി: സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം തുടങ്ങുമെന്ന് റിപ്പോർട്ട്. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. എന്നാൽ ജാതി സെൻസസ് ഉണ്ടാകില്ല. സെൻസസ് പൂർത്തിയാക്കുന്നതിന് പിന്നാലെ മണ്ഡല പുനർ നിർണയ നടപടികളും തുടങ്ങും.
കൊവിഡ് അടക്കമുള്ള കാരണങ്ങളാലാണ് 2021 ൽ തുടങ്ങേണ്ടിയിരുന്ന സെൻസസ് നടപടികൾ ഇത്രയും വൈകിയതെന്നാണ് കേന്ദ്രസര്ക്കാര് വാദം. 2011 ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. സെൻസസ് നടപടികൾ ഉടൻ തുടങ്ങണമെന്നും ജാതിസെൻസസ് വേണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. ഒടുവിൽ നടപടികൾ ഉടൻ തുടങ്ങുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അടുത്ത വർഷം വിവരശേഖരണം തുടങ്ങാൻ തയാറെടുപ്പുകൾ പൂർത്തിയായെന്നാണ് സൂചന. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. എന്നാൽ ജാതി സെൻസസ് ഇത്തവണയുമുണ്ടാകില്ല. പതിവുപോലെ വ്യക്തികളുടെയും കുടുംബത്തിന്റെയും പേരുവിവരങ്ങൾ, മതം, പട്ടികജാതി പട്ടികവർഗമാണോ എന്നിവ രേഖപ്പെടുത്താൻ മാത്രമാണ് സെൻസസ് ഫോമിൽ കോളമുണ്ടാവുക.
അതേസമയം ജാതി സെൻസസ് നടത്താതെ ഒബിസി, പിന്നാക്ക വിഭാഗക്കാരെ കേന്ദ്രസർക്കാർ വീണ്ടും ചതിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ജാതി സെൻസസ് വേണമെന്ന് ജെഡിയു, ടിഡിപി തുടങ്ങിയ ഘടകക്ഷികളും ആവശ്യമുന്നയിച്ചിരുന്നു. ആർഎസ്എസും ജാതി സെൻസസിനോട് അനുകൂലമായാണ് പ്രതികരിച്ചത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറയുന്നത് ചന്ദ്രബാബു നായിഡു അടക്കമുള്ളവർ ഉന്നയിക്കുമ്പോൾ, സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർ നിർണയം നടപ്പിലാക്കുന്നത് കേന്ദ്രസർക്കാറിന് വെല്ലുവിളിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]