
കൊച്ചി: ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ നടി തനിക്കുണ്ടായ ദുരനുഭവം ഹേമ കമ്മിറ്റിക്ക് മുമ്പാകെ മറച്ചുവെച്ചുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ഇക്കാര്യത്തിൽ തനിക്ക് വല്ലായ്മ തോന്നിയതായും അഷ്റഫ് താൻ പങ്കുവെച്ച യൂട്യൂബ് വീഡിയോയിൽ പറയുന്നു.
ആലപ്പുഴയിലെ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടലിൽ താമസിക്കുമ്പോൾ റൂമിൽ വരാറുണ്ടായിരുന്ന റൂം ബോയ് സ്പെയർ കീ ഉപോഗിച്ച് നടി ഉറങ്ങുന്ന സമയത്ത് അകത്ത് കയറി എന്നാണ് അഷ്റഫ് പറയുന്നത്. നടിയെ സ്പർശിച്ചതോടെ ഇവർ വലിയ ബഹളമുണ്ടാക്കിയെന്നും തുടർന്ന് ആളുകൾ ചേർന്ന് റൂംബോയിയെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അപമാനഭീതിയാൽ പിന്നീട് നടി കേസ് പിൻവലിക്കുകയായിരുന്നു. എന്നാൽ, ഹേമ കമ്മിറ്റിയുടെ മുമ്പാകെ നടി തനിക്കൊരു അനുഭവമേ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും അഷ്റഫ് വ്യക്തമാക്കി.
“ഡബ്ല്യുസിസിയുടെ സ്ഥാപക നടി ഷൂട്ടിങ് സംബന്ധമായി ഒരു ദിവസം ആലപ്പുഴയിലെ ഹോട്ടലിൽ വന്ന് താമസിച്ചു. അവിടെയുണ്ടായിരുന്ന റൂംബോയിയോട് വളരെ അനുകമ്പയോടെയും സഹോദര സ്നേഹത്തോടെയും അവർ പെരുമാറി. ഒരു ദിവസം സ്പെയർ കീ ഉപയോഗിച്ച് നടിയുടെ റൂം തുറന്നു അവർ കിടക്കുന്നത് നോക്കി അവൻ ഇരുന്നു. കുറച്ചുനേരെ ആസ്വദിച്ചു ഇരുന്നതിന് ശേഷം അവൻ അവരെ സ്പർശിച്ചു. നടി ചാടി എഴുന്നേറ്റതോടെ അവൻ ഓടി. അലറിക്കൊണ്ട് അവരും പിന്നാലെ ഓടി. ആകെ ബഹളമായി.
പിന്നീട്, ഈ യുവാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൊണ്ടുപോയി മർദിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ടുമിട്ടിരുന്നു. ഇത് ഞാൻ വായിച്ചതാണ്. എന്നാൽ, അവർക്കുണ്ടായേക്കാവുന്ന നാണക്കേട് ഭയന്ന് കേസ് പിൻവലിച്ച് വിഷയം രഹസ്യമാക്കി വയ്ക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. ഈ വിവരം അവർ ഹേമ കമ്മിറ്റിയിലോ ഡബ്ല്യുസിസിയിലോ പറഞ്ഞിട്ടില്ല. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നവർ നിർഭയരായിരിക്കണം. അല്ലെങ്കിൽ, മാറിനിന്ന് മറ്റ് ആൾക്കാരെ ചുമതല ഏൽപ്പിക്കണം. അതുകൊണ്ട് ഡബ്ല്യുസിസി ഒന്ന് ഉടച്ചുവാർക്കുന്നതിനെ പറ്റി ആലോചിച്ചാൽ നന്നായിരിക്കും”, അഷ്റഫ് പറഞ്ഞു.
“ഒരുപാട് യാതനകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് ഒരുപറ്റം നടിമാർ ഡബ്ല്യുസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവർക്ക് അന്നും ഇന്നും പൊതുസമൂഹത്തിന്റെ മുഴുവൻ പിന്തുണയുമുണ്ട്. മലയാള സിനിമയിൽ പീഡനവും വേദനയും അവഗണനയും നേരിട്ട നടിമാരെ കണ്ടെത്തി അവരെ ഹേമ കമ്മിറ്റിക്ക് മുമ്പിലെത്തിച്ച് നീതി വാങ്ങി കൊടുക്കുവാനും കണ്ണീരൊപ്പാനും കൂടെ നിന്ന സംഘടനയാണ് ഡബ്ല്യുസിസി. അവർക്ക് നമ്മുടെയെല്ലാം പിന്തുണയുണ്ട്.
ചില സ്ഥാപക നടിമാർ അവർക്കുണ്ടായ അനുഭവങ്ങൾ ഹേമ കമ്മിറ്റിയിൽ പങ്കുവച്ചിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം കൂടിയാണ്. സംഘടനയുടെ നേതൃത്വത്തിലുള്ളവർ മറ്റുള്ളവർക്ക് മാതൃക കാണിക്കേണ്ട ഉത്തരവാദിത്വമുള്ളവരാണ് എന്നുള്ളത് ഒരിക്കലും മറക്കാൻ പാടില്ല”, ആലപ്പി അഷ്റഫ് കൂട്ടിച്ചേര്ത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]