
ഐഎസ്എലിലെ ഒന്നാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിലുള്ള മത്സരം. കിക്കോഫിനു മുൻപേ ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു പോരാട്ടത്തിന്റെ വിശേഷണം ഇങ്ങനെയായിരുന്നു. കളത്തിൽ പക്ഷേ, കണ്ടതു മറ്റൊരു ചിത്രമാണ്. തുടക്കത്തിൽതന്നെ ഒരു ഗോൾ വഴങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് ഉശിരൻ എന്നു പറയാവുന്ന കളി.
എതിരാളികളെ നിലംതൊടാൻ അനുവദിക്കാതെ ബ്ലാസ്റ്റേഴ്സ് പറന്നുകളിച്ചതാണ് സമനില ഗോളിനു വഴിയൊരുക്കിയത്. ബ്ലാസ്റ്റേഴ്സ് ഏതു നിമിഷവും ലീഡ് എടുക്കുമെന്ന പ്രതീതിയിലാണ് പിന്നെ മത്സരം മുന്നോട്ടുപോയത്. പക്ഷേ, അവസരങ്ങൾ തുറന്നെടുത്താൽ മാത്രം പോരല്ലോ. പന്തു വലയിൽ അടിച്ചു കയറ്റുന്നവരുടെ പക്ഷത്താണ് ഫുട്ബോളിലെ അവസാനത്തെ ചിരി.
ബെംഗളൂരു അതു സമർഥമായി ചെയ്തു. എങ്കിലും ഈ തോൽവിയിൽ ബ്ലാസ്റ്റേഴ്സ് തല താഴ്ത്തേണ്ടതില്ല. ഈ സീസണിലെ ഏറ്റവും മികച്ച കളിയാണു ലീഗിലെ ഏറ്റവും കരുത്തരായ എതിരാളികൾക്കെതിരെ പുറത്തെടുത്തത്. അതും തീപ്പൊരി ഫോമിൽ കളിക്കുന്ന നോവ സദൂയി ഇല്ലാതിരുന്നിട്ടും.
ഒന്നാം സ്ഥാനക്കാരുമായുള്ള ഏറ്റുമുട്ടലിൽ നിന്ന് ഒന്നുരണ്ടു കാര്യങ്ങൾ കൂടി ബ്ലാസ്റ്റേഴ്സ് മനസ്സിലാക്കണം. ആക്രമണനിര എത്രതന്നെ തകർത്തുകളിച്ചാലും പ്രതിരോധത്തിൽ വരുത്തുന്ന നിസ്സാരപിഴവുകൾ ടീമിന്റെ കഠിനാധ്വാനം നിമിർഷാർധം കൊണ്ട് ഇല്ലാതാക്കും. ബെംഗളൂരു അടിച്ചുകൂട്ടിയ മൂന്നു ഗോളുകൾക്കു പിന്നിലും ആതിഥേയരുടെ ‘സഹായം’ ഉണ്ട്. അതുപോലെ ബെംഗളൂരുവിന്റെ ജയത്തിനു പിന്നിലുമുണ്ടൊരു ‘കൈസഹായം’. അത് അവരുടെ ഗോളി ഗുർപ്രീത് സിങ് സന്ധുവിന്റേതാണ്. അദ്ദേഹത്തിന്റെ മനസ്സാന്നിധ്യം പലവട്ടം ബെംഗളൂരുവിനു തുണയായി.
സ്വന്തം ഗോളിനു മുന്നിൽ ചില നിമിഷങ്ങളിൽ ഒന്നും ‘പിടി’ കിട്ടാത്ത നിലയിലാകുന്ന ബ്ലാസ്റ്റേഴ്സിന് അതും ഒരു പാഠമാകണം. ഗോൾകീപ്പറുടെ ‘കയ്യബദ്ധം’ മൂലം നഷ്ടമാകുന്ന മത്സരങ്ങളുടെ എണ്ണം ഇങ്ങനെ നീളുന്നതു ബ്ലാസ്റ്റേഴ്സ് തടഞ്ഞേ പറ്റൂ.
English Summary:
IM Vijayan evaluates the performance of Kerala Blasters
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]