
കല് ഹൊ നാ ഹോ, സലാം ഇ ഇഷ്ക്, ചാന്ദ്നി ചൗക് ടു ചൈന എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ് കവര്‍ന്ന സംവിധായകനാണ് നിഖില്‍ അദ്വാനി. 2024-ല്‍ ജോണ്‍ എബ്രഹാമിനെ നായകനാക്കി ചെയ്ത ‘വേദ’ എന്ന ചിത്രമാണ് നിഖിലിന്റെ സംവിധാനത്തില്‍ അവസാനം ഇറങ്ങിയ ചിത്രം. 1990-2000 കാലയളവില്‍ ധര്‍മ പ്രൊഡക്ഷന്സിന്റെയും യഷ് രാജ് ഫിലിംസിന്റെയും ബാനറില്‍ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട് നിഖില്‍. ഈ കാലയളവിലെ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിഖില്‍.
കരണ്‍ ജോഹറിന്റെ ആദ്യ രണ്ട് സംവിധാന സംരംഭങ്ങളിലും സഹസംവിധായകനായിരുന്നു നിഖില്‍. 1998-ല്‍ ഇറങ്ങിയ കുച് കുച് ഹോതാ ഹെ, 2001-ല്‍ ഇറങ്ങിയ കഭി ഖുഷി കഭി ഗം എന്നീ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളായിരുന്നു. രണ്ടു ചിത്രങ്ങളിലും ഷാരൂഖ് ആയിരുന്നു നായകന്. ഇതിന്റെ ചില പിന്നാമ്പുറക്കഥകളാണ് സൈറസ് സെയ്സ് എന്ന യൂട്യൂബ് ചാനല്‍ നടത്തിയ അഭിമുഖത്തിലൂടെ നിഖില്‍ പറയുന്നത്. ഷാരൂഖിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഇന്‍ട്രൊഡക്ഷന്‍ സീന്‍ ആയിരുന്നു കഭി ഖുഷി കഭി ഗമ്മിലേത് എന്നതിന് ആരാധകര്‍ക്കിടയില്‍ തര്‍ക്കമില്ല.
എന്നാല്‍ ഷാരൂഖ് ഈ സീനില്‍ അത്ര തൃപ്തനല്ലായിരുന്നു എന്നാണ് നിഖിലിന്റെ വെളിപ്പെടുത്തല്‍. ‘കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു കഭി ഖുഷി കഭി ഗമ്മിന്റേത്. മാതാപിതാക്കളും മക്കളും സഹോദരങ്ങളുമൊക്കെ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കഥ. ചിത്രത്തില്‍ ഷാരൂഖിന്റെ അമ്മയായി എത്തുന്നത് ജയാ ബച്ചനാണ്. അമ്മയും മകനും തമ്മില്‍ വല്ലാത്തൊരു വൈകാരിക ബന്ധമാണ് ഈ ചിത്രത്തിലുള്ളത്. വിദേശത്ത് പഠനത്തിനായി പോയി മകന് വരുന്നത് അറിയാതെ തന്നെ, അവന് വീട്ടുമുറ്റത്ത് കാലുകുത്തുമ്പോള്‍ ഉള്ളുകൊണ്ട് അതറിയുന്ന അമ്മയാണ് ചിത്രത്തിലുള്ളത്.
പൂജാ താലവും കൈയിലേന്തി മകനെ സ്വീകരിക്കാന്‍ വീട്ടുപടിക്കലെത്തുന്ന അമ്മയും അമ്മയുടെ സ്നേഹത്തില്‍ അത്യധികം സന്തോഷിക്കുന്ന മകനും.. ആകെക്കൂടി വൈകാരികമായ സീനാണത്. ഹെലികോപ്ടറിലാണ് ഷാരൂഖ് ഈ സീനില്‍ വന്നിറങ്ങുന്നത്. അത് പറഞ്ഞപ്പോള്‍ തന്നെ ഷാറൂഖ് ത്രില്ലിലായി. എന്നാല്‍ താഴെ ലാന്‍ഡ് ചെയ്യുന്ന ഹെലികോപ്ടറില്‍ നിന്ന് പതിയെ ചാടിയിറങ്ങുന്നതാണ് സീന്‍ എന്ന് പറഞ്ഞതോടെ ഷാരൂഖ് ആകെ നിരാശനായി. ഉയരത്തില്‍നിന്നും നായകന് അതിസാഹസികമായി ഹെലികോപ്ടറില്‍നിന്നും ചാടിയിറങ്ങും എന്നാണ് അദ്ദേഹം വിചാരിച്ചത്,’ ചിരിയോടെ നിഖില്‍ പറയുന്നു.
അതുമാത്രമല്ല, കുച് കുച് ഹോതാ ഹെയിലെ ബാസ്കറ്റ് ബാള്‍ കോര്‍ട്ടിലെ സീനിനും ഇത്തരത്തില്‍ ഒരു പിന്നാമ്പുറക്കഥ ഉണ്ടെന്ന് പറയുന്നു നിഖില്‍. ‘കജോളിന്റെ കഥാപാത്രവുമായി വഴക്കിടുന്ന ഷാരൂഖിന്റെ കഥാപാത്രം വാശിയോടെ, ദേഷ്യത്തോടെയാണ് അവള്‍ക്കെതിരെ ബാസ്കറ്റ് ബോള്‍ കളിക്കുന്നത്. ഈ സീന്‍ ശരിക്കും കൊറിയോഗ്രഫി ചെയ്തത് ഷാരൂഖ് തന്നെയാണ്. ഒരു സംഘട്ടനരംഗം കൊറിയോഗ്രാഫ് ചെയ്യുന്നതുപോലെയാണ് അദ്ദേഹമത് ചെയ്തത്. ഈ സീന്‍ ഒരുക്കിയതിന് കുച് കുച് ഹോതാ ഹെയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഷാരൂഖിന് ക്രെഡിറ്റ്സും നല്‍കിയിട്ടുണ്ട്,’ നിഖില്‍ അദ്വാനി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]