
കാലംകഴിയുന്തോറും മാറ്റേറുന്ന തങ്കമാണ് മലയാളത്തിന്റെ മണിച്ചിത്രത്താഴ്. ഫാസിലും മധുമുട്ടവും ചേര്‍ന്നൊരുക്കിയ ഈ മാന്ത്രികചിത്രത്തിന്റെ അലയൊലികള്‍ ഇന്ത്യയൊട്ടുക്കും ഉണ്ടായിട്ടുണ്ട്. തമിഴ്, കന്നട, ബംഗാളി, ഹിന്ദി അങ്ങനെ നിരവധി ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2007-ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരില്‍ ഇറങ്ങിയ ചിത്രത്തില്‍ വിദ്യാ ബാലനും അക്ഷയ് കുമാറുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രം വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. എന്നാല്‍ 2022-ല്‍ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിനായി സമീപിച്ചപ്പോള്‍ വിദ്യാ ബാലന് നോ പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഭൂഷണ് കുമാര്‍.
ഡോ. സണ്ണി എന്ന മോഹന്‍ലാലിന്റെ ഐക്കോണിക് കഥാപാത്രത്തെ ഉള്‍പ്പെടുത്തി 2013-ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഭൂല്‍ ഭുലയ്യ 2. അനീസ് ബസ്മീ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ കാര്‍ത്തിക് ആര്യനും തബുവുമായിരുന്നു പ്രധാനവേഷത്തില്‍. ഈ ചിത്രത്തിനായി വിദ്യാ ബാലനെ സമീപിച്ചപ്പോള്‍ അവര്‍ വിസമ്മതിച്ചതായാണ് ഭൂഷണ് കുമാര്‍ പറഞ്ഞത്. ‘ഭൂല്‍ ഭുലയ്യക്ക് രണ്ടാം ഭാഗം വരുമ്പോള്‍ അതില്‍ വിദ്യാ ബാലന് ഉണ്ടായിരിക്കേണ്ടത് എനിക്ക് അനിവാര്യമായി തോന്നി. എന്നാല്‍ ഞാന്‍ ഇതുപറഞ്ഞ് ചെന്നപ്പോള്‍ തന്നെ വിദ്യ പറ്റില്ലെന്ന് പറഞ്ഞു. എന്തെങ്കിലും തരത്തില്‍ ചിത്രത്തിന്റെ ഭാഗമാകണമെന്ന് പറഞ്ഞാണ് വിദ്യയെക്കൊണ്ട് ട്രെയിലന്‍ ലോഞ്ച് ചെയ്യിച്ചത്,’ ഭൂഷണ് കുമാര്‍ പറയുന്നു.
എന്നാല്‍ ഭയം കൊണ്ടാണ് താന്‍ അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചതെന്ന് അതേവേദിയില്‍ തന്നെ വിദ്യ പറഞ്ഞു. ‘എനിക്ക് ഒരുപാട് നിരൂപക പ്രശംസ നേടിത്തന്ന ചിത്രമാണ് ഭൂല്‍ ഭുലയ്യ. അതിന് എന്തെങ്കിലും തരത്തില്‍ കോട്ടം സംഭവിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു റിസ്കെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഭൂല്‍ ഭുലയ്യ 2 സിനിമ കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു. മൂന്നാം ഭാഗം ഉണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാകാം എന്നും അറിയിച്ചിരുന്നു. അങ്ങനെയാണ് ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ഭൂഷണും അനീസും സമീപിച്ചപ്പോള്‍ അപ്പോള്‍ തന്നെ സമ്മതിച്ചത്. ചിത്രത്തിന്റെ തിരക്കഥ വളരെയധികം ഇഷ്ടപ്പെട്ടു. മാധുരി ദീക്ഷിതിനും കാര്‍ത്തിക് ആര്യനുമൊപ്പം ഒരു ചിത്രം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍,’ വിദ്യ പറയുന്നു.
ഭൂല്‍ ഭുലയ്യയില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ‘അമി ജെ തൊമര്‍’ എന്ന ഗാനത്തിന്റെ 3.0 വേര്‍ഷന്റെ ഒഫിഷ്യല്‍ ലോഞ്ച് വേദിയിലായിരുന്നു ഭൂഷണ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഭൂല്‍ ഭുലയ്യ 3 സിനിമയുടെ റിലീസിന്റെ മുന്നോടിയായി നടന്ന പരിപാടി ആയിരുന്നു ഇത്. നവംബര്‍ ഒന്നിന് ദീപാവലി റിലീസിനൊരുങ്ങുന്ന ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗത്തില്‍ വിദ്യാ ബാലനും മാധുരി ദീക്ഷിത്തുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. അനീസ് ബിസ്മി തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യനും തൃപ്തി ദിമ്രിയും മറ്റ് പ്രധാനകഥാപാത്രങ്ങളായും എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]