
.news-body p a {width: auto;float: none;}
ഇന്ത്യ ഔട്ട് പ്രചരണം നടത്തി 2023ല്‍ മാലദ്വീപില്‍ അധികാരത്തില്‍ വന്ന പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അതിരുകവിഞ്ഞ ചൈനീസ് ചായ്വും വിധേയത്വവും ഇന്ത്യ – മാലദ്വീപ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇന്ത്യന്‍ സൈനികരെ മാലദ്വീപ് പുറത്താക്കിയ നടപടി ബന്ധത്തില്‍ കൂടുതല്‍ അകലം സൃഷ്ടിച്ചു. പിന്നാലെ മാലദ്വീപിലെ മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മോശമാക്കി. നയതന്ത്രബന്ധം വഷളാക്കി. ഇതേത്തുടര്‍ന്ന്, ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലദ്വീപിനെ വ്യാപകമായി ബഹിഷ്കരിച്ചിരുന്നു.
2024 ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതോടെ മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന ചര്‍ച്ച സജീവമായി. ഇത് രസിക്കാത്ത മാലദ്വീപ് മന്ത്രിമാര്‍ മോദിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളാണ് വന്‍പ്രതിഷേധത്തിന് കാരണമായത്. ഒപ്പം മാലദ്വീപിന്റെ ടൂറിസം മേഖല വന്‍ തിരിച്ചടിയെ അഭിമുഖീകരിക്കേണ്ടിയും വന്നു. 2023 വരെ മാലദ്വീപില്‍ എത്തുന്ന സഞ്ചാരികളില്‍ മുൻപന്തിയില്‍ ഇന്ത്യക്കാരായിരുന്നു. വിവാദങ്ങള്‍ കനത്തതോടെ ഇന്ത്യയില്‍ നിന്നുള്ള മാലദ്വീപ് സഞ്ചാരികളുടെ എണ്ണത്തില്‍ 42 ശതമാനം കുറവ് രേഖപ്പെടുത്തി. മാലദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തായി.
അപകടം മണത്തതോടെ മാലദ്വീപ് ഭരണകൂടം ഇന്ത്യയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ തന്നെ അഭ്യര്‍ത്ഥനകളുമായി രംഗത്തെത്തി. ഇന്ത്യയില്‍ ടൂറിസം റോഡ് ഷോകള്‍ സംഘടിപ്പിച്ച മാലദ്വീപ് ഭരണകൂടം ഇന്ത്യയില്‍ നിന്ന് മാലദ്വീപിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും മുന്‍കയ്യെടുത്തു. ഇതേത്തുടര്‍ന്ന്, ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ മാലദ്വീപ് സന്ദര്‍ശനം നടത്തിയത് നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ തെളിവായി വിലയിരുത്തപ്പെട്ടു.
ഇന്ത്യയുടെ സഹകരണത്തില്‍ യുപിഐ പണമിടപാട് തുടങ്ങുന്നതിന് നാഷണല്‍ പേയ്മെന്റ് കോ – ഓപ്പറേഷന് ഒഫ് ഇന്ത്യയും മാലിദ്വീപിന്റെ സാമ്പത്തിക വികസന മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടതോടെ സാമ്പത്തിക സഹകരണത്തിന് തുടക്കമായി. ഇതിന് പുറമേ മാലദ്വീപില്‍ 1000 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണ്‍സും സിവില്‍ സര്‍വീസ് കമ്മിഷനും തമ്മിലുള്ള ധാരണാപത്രവും മറ്റ് ആറുമേഖലകളില്‍ സംയുക്ത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും കരാര്‍ ഒപ്പിട്ടു.
മാലദ്വീപ് വിദേശകാര്യമന്ത്രി മൂസസമീര് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറുമായി നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യ എല്ലാകാലത്തും മാലിദ്വീപിന്റെ അടുത്ത സുഹൃത്തും വികസന പങ്കാളിയുമാണെന്ന് മൂസ സമീര്‍ പറഞ്ഞപ്പോള്‍ മാലദ്വീപും ഇന്ത്യയും അയല്‍ രാജ്യങ്ങള്‍ മാത്രമല്ല സ്വാഭാവിക പങ്കാളിയാണെന്നാണ് ജയശങ്കര്‍ അഭിപ്രായപ്പെട്ടത്. മാലദ്വീപ് ടൂറിസം മന്ത്രിയും വിദേശകാര്യമന്ത്രിയും ഇന്ത്യാസന്ദര്‍ശനം നടത്തി സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നാലെയാണ് 2024 ഒക്ടോബര്‍ ഏഴിന് ഇന്ത്യയിൽ ഔദ്യോഗിക സന്ദര്‍ശനത്തിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരിട്ടെത്തുന്നത്.
മാലദീപ് ആദ്യം എന്ന നയം പിന്തുടരുമ്പോഴും ഇന്ത്യയുമായുള്ള ബന്ധത്തിന് മുന്‍ഗണന നല്‍കുമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികള്‍ക്കായി ഒട്ടേറെ കരാറുകളും ഒപ്പുവച്ചു. മാലദ്വീപിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇരുരാജ്യങ്ങളും തമ്മില്‍ 40 കോടി ഡോളറിന്റെ കറന്‍സി കൈമാറ്റ കരാര്‍ ഒപ്പുവച്ചത് സഹകരണ രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പാണ്.
ഇന്ത്യയുടെ റുപേ കാര്‍ഡ് മാലദ്വീപില്‍ പുറത്തിറക്കുകയും ഇന്ത്യയുടെ സഹായത്തോടെ ഹിമാധൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികസിപ്പിച്ച റണ്‍വേ മൂയിസും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ ആ രാജ്യത്തിനുണ്ടാക്കിവച്ച നഷ്ടങ്ങള്‍ പരിഹരിക്കാനും മോശമായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് മൂയിസുവിന്റെ നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഉണ്ടായത്.
ഇന്ത്യയുടെ സുരക്ഷാതാല്പര്യത്തെ ഹനിക്കുന്ന നടപടികള്‍ ഒന്നും മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് മുയിസു സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ചത്. നരേന്ദ്രമോദി മാലദ്വീപിനെ ഉറ്റസുഹൃത്തെന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല, ഇരുരാജ്യവും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ചര്‍ച്ച തുടങ്ങുമെന്നും മാലദ്വീപിലെ തിലാപുഷി തുറമുഖത്തിന്റെ വികസനത്തിന് സഹായം നല്കുവാനുള്ള ഇന്ത്യയുടെ തീരുമാനവും മോദി അറിയിച്ചു. സൗഹൃദ സമ്മാനമായി എക്സിം ബാങ്കിന്റെ ബയേഴ്സ് ക്രെഡിറ്റ് സംവിധാനത്തിന് കീഴില്‍ നിര്‍മ്മിച്ച 700 ഭവന യൂണിറ്റുകള്‍ മാലദ്വീപിന് ഇന്ത്യ കൈമാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യയെ മറികടന്ന് ചൈനയോട് ചായ്വ് കാട്ടിയ ശ്രീലങ്കയെ അവര്‍ വന്കടക്കെണിയില്പ്പെടുത്തിയത് ഇപ്പോള്‍ അതേദിശയില്‍ സഞ്ചരിക്കുന്ന മാലദ്വീപിന് പാഠമാകുകയാണ്. ഏഷ്യ പെസഫിക് മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ തന്ത്രങ്ങള്‍ മാലദ്വീപിന് മനസിലായി തുടങ്ങിയെന്നതിന് തെളിവാണ് ഇന്ത്യയുമായി ബന്ധം ശക്തമാക്കാനുള്ള ശ്രമം എന്നും കരുതാം.
* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡന്റുമാണ് ലേഖകൻ)