
കോട്ടയം: വിവാഹം കഴിഞ്ഞ് 28 വർഷത്തിന് ശേഷം പിറന്ന ഏകമകൻ സ്കൂളിൽ പോയ സമയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള കടനാട്ടിലാണ് 60 വയസുള്ള ഭർത്താവും 55 കാരിയായ ഭാര്യയേയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കണംകൊമ്പിൽ റോയി ഭാര്യ ജാൻസി ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഏകമകനും 3ാം ക്ലാസ് വിദ്യാർത്ഥിയുമായ 9 വയസുകാരൻ സ്കൂളിലായിരുന്ന സമയത്താണ് സംഭവം.
ഭാര്യ ജാൻസിയെ കൊന്ന് കണംകൊമ്പിൽ റോയി തൂങ്ങിമരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സാമ്പത്തിയ ബാധ്യതയെ തുടർന്നാണ് ദമ്പതികളുടെ കടുംകൈ എന്നാണ് സംഭവത്തേക്കുറിച്ച് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനകത്ത് മരിച്ച നിലയിലായിരുന്നു ഇരുവരുമുണ്ടായിരുന്നത്. റോയിയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും ജാൻസിയുടെ മൃതദേഹം മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. ജാൻസിയെ കൊലപ്പെടുത്തിയതിനു ശേഷം റോയ് തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിൻ്റെ നിഗമനം.
ജീവനൊടുക്കുകയാണെന്ന് റോയ് നേരത്തെ സഹോദരനോട് പറഞ്ഞിരുന്നു. തുടർന്ന് ഇയാൾ അയൽവീട്ടിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണോ ക്രൂരകൃത്യത്തിന് പുറകിലെന്ന് പൊലീസ് സംശയിക്കുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]