
ദില്ലി: കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. 25 വിമാനങ്ങൾക്ക് ഇന്ന് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ഇൻഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഇഡിൻഡിഗോ വിമാനത്തിനുൾപ്പെടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 275 ആയി.
കഴിഞ്ഞ ദിവസം 85 വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവയുടെ 20 വീതം വിമാനങ്ങൾക്കും ആകാശയുടെ 25 വിമാനങ്ങൾക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർച്ചയായി വ്യാജ ബോംബ് ഭീഷണികൾ ലഭിക്കുന്ന സാഹചര്യത്തിൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണ്. അന്വേഷണത്തെ സഹായിക്കുന്നതിന് ഈ ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ മെറ്റ, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വിമാന കമ്പനികൾക്ക് ബോംബ് ഭീഷണി നൽകുന്നവരെ നേരിടാൻ സഹായിക്കുന്ന നിയമ നിർമ്മാണ നടപടികൾ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു അടുത്തിടെ പറഞ്ഞിരുന്നു. വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാർക്ക് അസൗകര്യവും വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാക്കുന്നത്. ഇതേ തുടർന്ന് സൈബർ കമാൻഡോകളുടെ പ്രത്യേക വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]