
നെപ്പോകിഡ്സിനെ അടിച്ചാക്ഷേപിക്കുന്ന ബോളിവുഡില്‍ കഴിവുകൊണ്ട് സൂപ്പര്‍സ്റ്റാറായ നടിയാണ് ആലിയ ഭട്ട്. ഹൈവേ, ലവ് യു സിന്ദഗി, ഗംഗുഭായ്, റാസി അങ്ങനെ നീളുന്നു ആലിയയുടെ ഹിറ്റ് ലിസ്റ്റുകള്‍. നിരൂപക പ്രശംസ നേടി മുന്നേറുന്നതിനിടയിലും നുണപ്രചരണങ്ങളിലൂടെ തന്റെ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ മനപ്പൂര്‍വം ശ്രമിക്കുന്നതായി തുറന്നടിച്ചിരിക്കുകയാണ് ഈ യുവനടി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നീണ്ട ഒരു കുറിപ്പ് പങ്കുവെച്ചാണ് ആലിയ തനിക്കെതിരെ ഡോക്ടര്‍ എന്ന് സ്വയം പറയുന്ന ഒരാള്‍ നടത്തുന്ന നുണപ്രചരണങ്ങളെപ്പറ്റി തുറന്നുപറഞ്ഞിരിക്കുന്നത്.
തന്റെ ചിരി വക്രിച്ചതാണെന്നും അത് ബോട്ടോക്സ് ചെയ്ത് പരാജയപ്പെട്ടതിന്റെ ഭാഗമാണെന്നും അടക്കം ഈ ‘ഡോക്ടര്‍’ വീഡിയോകള്‍ പടച്ചിറക്കി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി ആലിയ പറയുന്നു. ഇത് വിശ്വാസത്തിലെടുത്ത് ചില മാധ്യമങ്ങളടക്കം വാര്‍ത്തകളും നല്കുന്നു. എന്നാല്‍ ഇതിനുപിന്നിലെ സത്യാവസ്ഥ എന്താണെന്നോ, ആ ഡോക്ടര്‍ക്ക് അയാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും തെളുവുകള്‍ ഉണ്ടോയെന്നോ ആരും അന്വേഷിക്കാന്‍ തയ്യാറാവുന്നില്ലെന്നും ആലിയ കുറ്റപ്പെടുത്തുന്നു.
‘സ്വയം ജീവിക്കൂ, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കൂ’, പല സന്ദര്‍ഭങ്ങളിലായി നിരവധിപേര്‍ പറഞ്ഞുകേട്ട ഈ വാചകം എടുത്ത് പറഞ്ഞാണ് ആലിയ ഭട്ട്, തനിക്കെതിരെ നുണപ്രചരണങ്ങള്‍ നടത്തിയ ആളെക്കുറിച്ച് പറയുന്നത്. ബോട്ടോക്സ് അടക്കം സൗന്ദര്യവര്ധനത്തിനായുള്ള ചികിത്സകള്‍ നടത്തുന്നവരെ മോശക്കാരായി ചിത്രീകരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷേ അവരെയെല്ലാം മോശക്കാരായി ചിത്രീകരിക്കുന്ന ഈ ‘ഡോക്ടറെ’ നിലയ്ക്ക് നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ആലിയ പറയുന്നു.
‘നിങ്ങളുടെ ശരീരം നിങ്ങളുടെ അവകാശമാണ്. എന്റെ ചിരി വക്രിച്ചതാകുന്നതും സംസാരം വല്ലാത്ത രീതിയിലാകുന്നതും നിങ്ങളുടെ കാഴ്ചപ്പാടിലാണ്. മനുഷ്യന്റെ മുഖത്തെ ഇങ്ങനെ സുക്ഷ്മനിരീക്ഷണം നടത്തുന്നത് എന്തടിസ്ഥാനത്തിലാണ്. ഇപ്പോഴിതാ എന്റെ ഒരുവശം തളര്ന്നുപോയതാണെന്ന് നിങ്ങള്‍ പറയുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊക്കെ പറയുന്നത്. ഞാനിത് മുഖവിലയ്ക്കെടുക്കില്ലായിരിക്കും പക്ഷേ ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്നവരുണ്ടാവും. നിങ്ങളെ വിശ്വസിക്കുന്നവരെ മണ്ടന്മാരാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
എന്തുതരം ലോകമാണിത്. സ്ത്രീശരീരങ്ങളെ സൂക്ഷ്മദര്‍ശിനികളിലൂടെ നോക്കുന്നവരാണ് ചുറ്റും. ഞങ്ങളുടെ മുഖവും ശരീരവും വ്യക്തിജീവിതവും വരെ ചര്‍ച്ചചെയ്യുന്നു സൈബര്‍ ലോകം. നിങ്ങളുടെ മോശം കമന്റുകള്‍ കാരണം അവര്‍ക്ക് ഉള്ളതുകൊണ്ടൊന്നും തൃപ്തിപ്പെടാന്‍ കഴിയാതെ വരുന്നു പെണ്‍കുട്ടികള്‍ക്ക്. ഇനിയും മികച്ച മുഖവും ശരീരവും തൊലിനിറവുമൊക്കെ വേണമെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കുന്നത് നിങ്ങളെപ്പോലെയുള്ളവരാണ്. ഇത് അപകടമാണ്’, ഇന്‍സ്റ്റാ സ്റ്റോറിയില്‍ ആലിയ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]