
ന്യൂഡൽഹി∙ തിരുവനന്തപുരം അടക്കം 11 ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ–സിംഗപ്പൂർ എയർലൈൻസ് കോഡ് ഷെയറിങ് സഹകരണം വ്യാപിപ്പിക്കുന്നു. നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത വിമാനത്താവളങ്ങളിലേക്കു ഒന്നിലേറെ വിമാനക്കമ്പനികൾ സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിങ്. നിശ്ചിത വിമാനത്താവളത്തിലേക്ക് ഒരു കമ്പനിക്ക് സ്വന്തം സർവീസ് ഇല്ലെങ്കിലും മറ്റൊരു കമ്പനിയുടെ സർവീസ് ഉപയോഗിക്കാം.
തിരുവനന്തപുരം കോഡ് ഷെയറിങ്ങിൽ വരുന്നതോടെ എയർ ഇന്ത്യയിൽ ഒറ്റ ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് എയർ ഇന്ത്യയ്ക്ക് നേരിട്ട് സർവീസ് ഇല്ലാത്ത വിദേശ എയർപോർട്ടുകളിലേക്ക് സഞ്ചരിക്കാൻ കഴിയും.
മുംബൈ വഴിയായിരിക്കും സിംഗപ്പൂർ എയർലൈൻസിന്റെ കണക്ഷൻ ഫ്ലൈറ്റ്. അതുപോലെ വിദേശത്തുനിന്ന് സിംഗപ്പൂർ എയർലൈൻസിൽ ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് എയർ ഇന്ത്യയുടെ കണക്ഷൻ ഫ്ലൈറ്റ് വഴി തിരുവനന്തപുരത്തുമെത്താം. വേണമെങ്കിൽ ഡയറക്ട് ഫ്ലൈറ്റുകളും ഇത്തരത്തിൽ ലഭ്യമാക്കാം.
കോഡ്ഷെയറിങ് റൂട്ടുകൾ ഭാവിയിൽ പ്രഖ്യാപിക്കും. തിരുവനന്തപുരം എയർപോർട്ടിന്റെ രാജ്യാന്തര കണക്ടിവിറ്റി വലിയ തോതിൽ ഇതുവഴി വർധിക്കുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരത്തിനു പുറമേ അമൃത്സർ, കോയമ്പത്തൂർ, ലക്നൗ, വാരാണസി, അഹമ്മദാബാദ്, ഗോവ, ജയ്പുർ, കൊൽക്കത്ത, ഗുവാഹത്തി എന്നീ നഗരങ്ങളും കോഡ്ഷെയറിങ്ങിന്റെ പരിധിയിൽ വരും.
29 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം
സിംഗപ്പൂരിനു പുറമേ ഓസ്ട്രേലിയ, ബ്രൂണയ്, കംബോഡിയ, ഇന്തൊനീഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസീലൻഡ്, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ 29 വിമാനത്താവളങ്ങളിലേക്കു കൂടി ഇനി എയർ ഇന്ത്യ യാത്രക്കാർക്ക് കോഡ്ഷെയറിങ് വഴി യാത്രചെയ്യാനാകും.
ഒരേ ടിക്കറ്റിൽ ഒന്നിലേറെ കമ്പനികളുടെ വിമാനത്തിൽ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തെത്താൻ യാത്രക്കാർക്കു സാധിക്കുമെന്നതാണ് മെച്ചം. യാത്രക്കാർക്ക് രണ്ട് കമ്പനികളിൽ ഏതിലെങ്കിലും ഒന്നു വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]