
.news-body p a {width: auto;float: none;}
ന്യൂഡൽഹി: അടുത്തകാലത്ത് ഇന്ത്യ നേടിയ വമ്പൻ നയതന്ത്ര വിജയങ്ങളിലൊന്നാണ് ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനുണ്ടായ അയവ്. ധാർഷ്ട്യത്തോടെ മാത്രം പെരുമാറുന്ന ചൈനയെ ചർച്ചയിലേക്ക് കൊണ്ടുവരാനും ഇരുരാജ്യങ്ങളുടെയും അതിർത്തിയായ 3488 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗിനുള്ള കരാറിലേക്ക് കൊണ്ടുവരാനുമായത് ഇന്ത്യയുടെ വിജയമാണ്.
2020ൽ സംഘർഷമുണ്ടായ ശേഷം ഇതാദ്യമായി റഷ്യയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ വിഷയത്തിൽ ചർച്ച നടക്കുകയാണ്. 17 റൗണ്ട് നയതന്ത്ര പ്രതിനിധി ചർച്ചകൾക്കും 21 റൗണ്ട് സൈനിക തല ചർച്ചകൾക്കും ശേഷമാണ് വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നത്. ‘ചർച്ചയിൽ തീർപ്പുകൽപ്പിക്കാത്ത പട്രോളിംഗ് പ്രദേശങ്ങൾ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ 2020ൽ നിലനിന്ന സ്ഥിതിയിലേക്ക് പോകും.’ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
നിലവിൽ 2020ൽ സംഘർഷമുണ്ടായ രണ്ട് ഭാഗങ്ങളിൽ മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനം ഉണ്ടാകാത്തത്. ഡെപ്സാംഗ്, ഡെംചോക്ക് എന്നീ പ്രദേശങ്ങളാണിവ. ഗോഗ്ര ഹോട്ട്സ്പ്രിംഗ്സ്, പാംഗോംഗ് ലേക്ക്, ഗാൽവാൻ താഴ്വര എന്നിങ്ങനെ ഇരു സേനാവിഭാഗവും നേരിട്ട് ഏറ്റുമുട്ടിയ പ്രദേശങ്ങളിൽ പ്രശ്നപരിഹാരം ഉണ്ടായിക്കഴിഞ്ഞു. വടക്കൻ ലഡാക്കിലെ ഡെപ്സാംഗ് സമതല പ്രദേശവും തെക്കുള്ള ഡെംചോക്കുമാണ് ഇരു രാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന ഭാഗം. ഒരുവർഷം മുൻപുവരെ ഈ പ്രദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ചൈന തയ്യാറായിരുന്നില്ല.
മലനിരകൾക്കിടയിലെ നിരപ്പായ പ്രദേശമാണ് ഡെപ്സാംഗ്. കാരക്കോറം ചുരത്തിലെ ഇന്ത്യൻ പ്രദേശമായ ദൗലത് ബെഗ് ഓൾഡിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം ദൂരത്താണ് ഈ പ്രദേശം. ഇവിടെ ഇന്ത്യൻ സൈന്യം സ്ഥിരമായി സഞ്ചരിക്കുന്ന 15 കിലോമീറ്ററോളം പ്രദേശം കൈയേറാൻ ചൈന ശ്രമിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യയിലെ 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശം തങ്ങളുടെതാണെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്. തർക്കം ബാധിച്ച അക്സായ് ചിൻ മേഖലയിലെ 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യയുടെ ലഡാക്ക് മേഖലയാണ്. അരുണാചൽ പ്രദേശ് സംസ്ഥാനവും തങ്ങളുടേതെന്നാണ് ചൈന പറഞ്ഞിരുന്നത്. എന്നാൽ അരുണാചൽ ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ് എന്ന് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു.
ഒരേസമയം അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധത്തിൽ മുന്നോട്ടു പോകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതാവും ചൈനയെ ഒരുപക്ഷേ ഒരു ചുവട് പിറകോട്ടു വയ്ക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. പാകിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ സംഘർഷങ്ങളിൽ അയവ് വന്നതിനു പിന്നിൽ റഷ്യയ്ക്കും നിർണായക പങ്കുണ്ടെന്ന് വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.