
മലയാളത്തിലെ മികച്ച ചിത്രങ്ങളായ ‘നീലക്കുയിലി’ന് എഴുപതും ‘ഭാർഗവീനിലയ’ത്തിന് അറുപതും വയസ്സ് പൂർത്തിയാകുമ്പോൾ ഈ കലാസൃഷ്ടികൾക്കൊപ്പം നിഴൽപോലെ പ്രവർത്തിച്ച ആർ.എസ്. പ്രഭു 95-ലെത്തി നിൽക്കുകയാണ്. എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകളുടെ റീലിൽ ഒരു പോറൽപോലുമേറ്റിട്ടില്ല. ടി.എ. പരീക്കുട്ടിയുടെ ചന്ദ്രതാര പ്രൊഡക്ഷൻസ് നിർമിച്ച നീലക്കുയിലിന്റെയും ഭാർഗവീനിലയത്തിന്റെയും പ്രൊഡക്ഷൻ എക്സിക്യുട്ടീവാണ് പ്രഭു.
ചെന്നൈ വത്സരവാക്കത്തെ വീട്ടിൽവെച്ചുള്ള കൂടിക്കാഴ്ചയിൽ പ്രഭു പറഞ്ഞ ഓരോ വാക്കിലും മലയാള സിനിമയുടെ നല്ലകാലത്തിന്റെ ചരിത്രം തുടിച്ചു. ‘‘നീലക്കുയിലിൽ പ്രവർത്തിച്ചവരിൽ ഇന്നു ജീവിച്ചിരിക്കുന്നത് ഞാനും ഛായാഗ്രാഹകൻ വിപിൻ മോഹനും മാത്രം. വിപിൻ അന്ന് ബാലതാരമായിരുന്നു. ഭാർഗവീനിലയത്തിനൊപ്പം ഉണ്ടായിരുന്നവരിൽ ഇപ്പോൾ ഞാനും മധുവും മാത്രം’’ -അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ ചിത്രീകരണം ഒഴികെ നീലക്കുയിലിന്റെ ബാക്കിജോലികൾ മദ്രാസിലെ വിജയവാഹിനി സ്റ്റുഡിയോയിലായിരുന്നു. രാമുകാര്യാട്ടും പി. ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ആറുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. സത്യനും മിസ് കുമാരിയും പുതുമുഖം പ്രേമയുമായിരുന്നു പ്രധാന വേഷത്തിൽ. 12 പ്രിന്റുൾപ്പെടെ മൊത്തം നിർമാണച്ചെലവ് 1.36 ലക്ഷം രൂപ. മൂന്നുലക്ഷം രൂപ കളക്ഷൻ നേടി. സത്യനും മിസ് കുമാരിക്കും 3000 രൂപവീതം പ്രതിഫലം നൽകി. പ്രേമയ്ക്ക് 1000 രൂപയും. രണ്ടു സംവിധായകർക്കും ഛായാഗ്രാഹകൻ വിൻസന്റിനും 3000 രൂപ വീതമായിരുന്നു പ്രതിഫലം. തിരുവനന്തപുരം ചിത്രയിൽ നൂറും കോഴിക്കോട് കോറണേഷനിൽ 75 ദിവസവും പടം ഓടി. കോറണേഷന്റെ ഉടമ വേണുഗോപാൽ നീലക്കുയിലിന്റെ ആദ്യ നാലുദിവസത്തെ കളക്ഷൻ കൊണ്ടാണ് അദ്ദേഹത്തിന്റെ കടംവീട്ടിയത്.
ഭാർഗവീനിലയം വേറിട്ട അനുഭവമായിരുന്നെന്നും പ്രഭു പറയുന്നു. തൃശ്ശൂരിൽ പോകാനായി കോഴിക്കോട് ബസ്സ്റ്റാൻഡിൽ കാത്തുനിന്ന വൈക്കം മുഹമ്മദ് ബഷീറിനെ എഴുത്തുകാരൻ വി. അബ്ദുള്ളയും ശോഭനാ പരമേശ്വരൻ നായരും കാറിൽ മദ്രാസിലേക്കു കൊണ്ടുവന്നു. ഒരുമാസംകൊണ്ട് ബഷീർ ഭാർഗവീനിലയത്തിന്റെ തിരക്കഥ പൂർത്തിയാക്കി. രാമുകാര്യാട്ടും പി. ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്യാനായിരുന്നു തീരുമാനം. അവരാണെങ്കിൽ തിരക്കഥ തരില്ലെന്ന് ബഷീർ ശഠിച്ചു. വിൻസെന്റിനെ സംവിധായകനാക്കിയതിനു കാരണക്കാരനും ബഷീറായിരുന്നു. സത്യ സ്റ്റുഡിയോയിൽ 45 ദിവസംകൊണ്ട് സിനിമ പൂർത്തിയാക്കി. 14 പ്രിന്റ് അടക്കം മൊത്തം ചെലവ് 2.10 ലക്ഷം. അഞ്ചാഴ്ച പടം ഓടി മൂന്നുലക്ഷം കളക്ഷൻ നേടി. 3000 രൂപയാണ് ബഷീറിനുള്ള പ്രതിഫലം. മധുവിനും വിജയ നിർമലയ്ക്കും 1000 രൂപ വീതം.
എറണാകുളം വടക്കൻ പറവൂർ കണ്ണംപറമ്പിൽ സ്വദേശിയാണ് പ്രഭു. രാജമല്ലി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ആഭിജാത്യം, തീർഥയാത്ര, തെക്കൻകാറ്റ്, ആരണ്യകാണ്ഡം, അപരാജിത, അവതാരം തുടങ്ങി 13 ചിത്രങ്ങൾ നിർമിച്ചു. ഭാര്യ ശാരദയ്ക്കൊപ്പം ഇപ്പോൾ വിശ്രമജീവിതത്തിലാണ് പ്രഭു. മക്കൾ: രാജഗോപാൽ, രമേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]