
36 വർഷം മുൻപു മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ് ടെസ്റ്റ് വിജയം നേടുമ്പോൾ ആതിഥേയർക്കും സന്ദർശകർക്കും എടുത്തുപറയാനൊരു ‘അദ്ഭുതം’ കൂടിയുണ്ടായിരുന്നു. ഇന്ത്യൻ ബാറ്റിങ് നിരയെ കീറിമുറിച്ച സാക്ഷാൽ റിച്ചഡ് ഹാഡ്ലി. രണ്ട് ഇന്നിങ്സിലുമായി 88 റൺസ് മാത്രം വഴങ്ങി 10 വിക്കറ്റ് നേടിയ ഹാഡ്ലിയുടെ ഇരയായിരുന്നു അന്ന് ഇന്ത്യ.
മൂന്നരപ്പതിറ്റാണ്ടിനിപ്പുറം രോഹിത് ശർമയുടെ ടീം ഇന്ത്യ ന്യൂസീലൻഡിനു കീഴടങ്ങുമ്പോൾ അന്നത്തേതുപോലൊരു അദ്ഭുതപ്രതിഭാസമൊന്നും പറയാനില്ല. അതിഥികളായ ന്യൂസീലൻഡിന് ഇന്ത്യൻ മണ്ണിൽ 36 വർഷത്തിനു ശേഷം ഒരു ടെസ്റ്റ് വിജയം ‘സമ്മാനിക്കുകയായിരുന്നു’ ഇന്ത്യൻ ടീം.
ബെംഗളൂരുവിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ബാറ്റിങ് തിരഞ്ഞെടുത്തതും ബംഗ്ലദേശിനെതിരായ ടെസ്റ്റിൽ വിജയിച്ച ആക്രമണ തന്ത്രം കിവീസിനെതിരെ പാളിപ്പോയതും ‘പ്രഥമദൃഷ്ട്യാ’ ഉയർത്താവുന്ന കാരണങ്ങൾ. തോൽവിയുടെ സാഹചര്യം ‘താത്വികമായി’ അവലോകനം ചെയ്യുമ്പോൾ ബാറ്റിങ് ഓർഡറിൽ ഉൾപ്പെടെ കൈവിട്ട തീരുമാനങ്ങളുടെ പ്രതിക്കൂട്ടിലാകും രോഹിത്തും സംഘവും.
∙ കോലി ഡൗൺ!
മൂടിക്കെട്ടിയ അന്തരീക്ഷത്തിലും മൂളിപ്പറക്കുന്ന പന്തുകൾക്കിടയിലും ഉടലും മനവും ഉലയാതെ ക്രീസിൽ കാവൽ നിൽക്കാൻ കെൽപ്പുള്ളവരുടേതാണ് ടെസ്റ്റ് ക്രിക്കറ്റിൽ വൺഡൗൺ പൊസിഷൻ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒന്നാം ഇന്നിങ്സിൽ പതറിയ ഇന്ത്യയെ കാത്തുരക്ഷിക്കാൻ ഒരു മൂന്നാം നമ്പർ സ്പെഷലിസ്റ്റ് ഇല്ലാതെ പോയിടത്താണു കാര്യങ്ങൾ ന്യൂസീലൻഡിന്റെ വഴിക്കു നീങ്ങിത്തുടങ്ങിയത്. മുൻനായകനും പരിശീലകനുമായ അനിൽ കുംബ്ലെ ഇതു തുറന്നു പറഞ്ഞു– ‘ചേതേശ്വർ പൂജാരയെപ്പോലെ ക്ഷമയുള്ളൊരു ബാറ്റർ വിക്കറ്റ് വലിച്ചെറിയില്ല. അങ്ങനെയൊരാൾ ഈ ടീമിലുണ്ടായില്ല’.
രാഹുൽ ദ്രാവിഡും പൂജാരയുമെല്ലാം ഇളകാതെ കാത്ത ആ റോളിലേക്കു ചിന്നസ്വാമി ടെസ്റ്റിൽ ടീം ഇന്ത്യ നിയോഗിച്ചതു വിരാട് കോലിയെയാണ്. എട്ടു വർഷത്തിനു ശേഷമാണ് വൺഡൗൺ ബാറ്ററായി കോലി ഇറങ്ങിയത്. ടെസ്റ്റിൽ തന്റെ സ്വാഭാവിക സ്ഥാനമായ നാലാം നമ്പറിൽ പോലും പെരുമയ്ക്കൊത്ത പ്രകടനം നടത്താനാകാത്ത കോലിക്ക് അധികസമ്മർദം സമ്മാനിക്കുന്ന ഒന്നായി ആ തീരുമാനം. വൺഡൗൺ ആയി 6 ഇന്നിങ്സ് കളിച്ച് 19.4 റൺസ് ശരാശരിയോടെ 97 റൺസ് മാത്രം സ്കോർ ചെയ്തിട്ടുള്ള കോലി ഒരുവട്ടം കൂടി പരാജയപ്പെട്ടതോടെ ആ നീക്കം തിരിച്ചടിയായി.
ഓപ്പണിങ് റോൾ മുതൽ കളിച്ചു പരിചയമുള്ള കെ.എൽ.രാഹുലിനു മൂന്നാം നമ്പറിലേക്കു സ്ഥാനക്കയറ്റം നൽകുന്നതിനു പകരം കോലിയെ പരിചിതമായ റോളിൽ നിന്നിളക്കി പരീക്ഷിച്ച തീരുമാനമാണ് ടീം ടോട്ടൽ 46 റൺസ് എന്ന മാനക്കേടിൽ കൊണ്ടെത്തിച്ചത്.
∙ ഇംഗ്ലണ്ടിനു റൂട്ടുണ്ട്; ഇന്ത്യയ്ക്കോ ?
സമീപകാലത്ത് ഇംഗ്ലണ്ട് പരീക്ഷിച്ചു വിജയിച്ച ബാസ്ബോൾ തന്ത്രത്തിന്റെ മാതൃകയിലാണ് ഗൗതം ഗംഭീറിന്റെ ഇന്ത്യയും സഞ്ചരിക്കുന്നത്. ബെംഗളൂരുവിലെ പരാജയത്തിനു ശേഷവും ആക്രമണമെന്ന ശൈലി മാറ്റാനില്ലെന്നു ക്യാപ്റ്റൻ രോഹിത് ആവർത്തിക്കുകയും ചെയ്തു. ദുർബലരായ ബംഗ്ലദേശിനെതിരെ പ്രതികൂല സാഹചര്യത്തിലും അതിവേഗ ബാറ്റിങ് കൊണ്ടു കളി പിടിച്ചുവെന്നതാണു ‘ഇന്ത്യൻ ബാസ്ബോൾ’ തന്ത്രത്തിന്റെ വിജയോദാഹരണമായി ക്യാപ്റ്റൻ ഉയർത്തിയത്. പക്ഷേ, എല്ലാ എതിരാളികളും ബംഗ്ലദേശല്ല എന്ന ഓർമപ്പെടുത്തൽ കൂടിയായി ന്യൂസീലൻഡിന്റെ പ്രഹരം.
ഇംഗ്ലണ്ടിനെപ്പോലെ ബാറ്റിങ് ആളിക്കത്തിക്കുമെന്ന വാദത്തിനിടയിലും ഇന്ത്യൻ മാനേജ്മെന്റ് മറക്കുന്ന ഒരു കാര്യം കൂടിയുണ്ട്. എതിർ ബോളർമാർ വെല്ലുവിളി ഉയർത്തുന്ന സാഹചര്യം വന്നാൽ ക്രീസിൽ വേരൂന്നാൻ ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ ഒരു ജോ റൂട്ട് ഉണ്ടെന്നതാണത്. കോലിയും സ്മിത്തും വില്യംസനുമെല്ലാം ഉൾപ്പെട്ട ‘ഫാബ് ഫോർ’ ഗണത്തിൽ ഇന്നും ക്ലാസ് നിലനിർത്തുന്ന താരമാണ് റൂട്ട്. കോലിക്കും കാലിടറിത്തുടങ്ങിയ സാഹചര്യത്തിൽ ടീം ഇന്ത്യയ്ക്ക് ഇല്ലാത്തതും ഒരു ‘മിസ്റ്റർ ഡിപ്പൻഡബിൾ’ ബാറ്റർ തന്നെ.
English Summary:
New Zealand’s test match win after 36 years was gifted by India
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]