
.news-body p a {width: auto;float: none;}
ദശലക്ഷക്കണക്കിന് ആരാധകരുള്ള ക്യൂൻ ബേ എന്നറിയപ്പെടുന്ന ബിയോൺസിനെ ആർക്കാണ് അറിയാത്തത്? പോപ്പ് രാജ്ഞിയെന്നാണ് ബിയോൺസിനെ വിശേഷിപ്പിക്കുന്നത്. യുവതിക്ക് ലോകമെമ്പാടും ആരാധകരുമുണ്ട്.
ബിയോൺസിന്റെ പിതാവ് മാത്യു നോൾസിനെയും കുറച്ചുപേർക്കെങ്കിലും പരിചയം കാണും. ബിയോൺസിന്റെ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുരുഷ സ്തനാർബുദത്തെ അതിജീവിച്ചയാളുകൂടിയാണ് അദ്ദേഹം.
ഈ ആഴ്ച അമേരിക്ക പുരുഷ സ്തനാർബുദ ബോധവൽക്കരണ വാരമായി ആഘോഷിക്കുകയാണ്. ഇതിനിടെ എഴുപത്തിരണ്ടുകാരനായ മാത്യൂ നോൾസി രോഗത്തെക്കുറിച്ചും, രോഗത്തിനെതിരായ പോരാട്ടത്തെക്കുറിച്ചും, രോഗ നിർണയത്തെക്കുറിച്ചും തുറന്നുപറഞ്ഞു.
യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്തനാർബുദം വരുമോ? എന്തൊക്കെയാണ് ലക്ഷണങ്ങൾ? സ്ത്രീകളിലെ സ്തനാർബുദം ചികിത്സിക്കുന്നതുപോലെ തന്നെയാണോ പുരുഷനിലെ സ്തനാർബുദം ചികിത്സിക്കുന്നത്? തുടങ്ങി നിരവധി സംശയങ്ങൾ ഉള്ളവരുണ്ട്.
എന്താണ് പുരുഷന്മാരിലെ സ്തനാർബുദം?
മിക്കവരും കരുതിയിരിക്കുന്നത് സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം ഉള്ളത് എന്നാണ്. എന്നാൽ ഈ ധാരണ തെറ്റാണ്. പുരുഷന്മാരിലും ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ട്. എന്നാൽ വളരെ അപൂർവമാണെന്ന് മാത്രം.
ശരീരത്തിന്റെ ഏത് ഭാഗത്തും ഉള്ള കോശങ്ങളിൽ ക്യാൻസർ വരാനുള്ള സാദ്ധ്യതയുണ്ടെന്നും ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാമെന്നും അമേരിക്കൻ കാൻസർ സൊസൈറ്റി വിശദീകരിക്കുന്നു. പുരുഷ സ്തനാർബുദത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. പുരുഷന്മാർക്ക് ബ്രെസ്റ്റ് ടിഷ്യു ഉണ്ട്, അവിടെയാണ് അവർക്ക് ക്യാൻസർ ഉണ്ടാകുന്നത്.
പ്രധാനമായും രണ്ട് തരത്തിലാണ് പുരുഷന്മാരിലെ സ്തനാർബുദം കണ്ടുവരുന്നത്. ഇൻവേസീവ് ഡക്റ്റൽ കാർസനോമും ഡക്ടൽ കാർസനോമ ഇൻ സിറ്റു. ആദ്യത്തേതിൽ, ക്യാൻസർ കോശങ്ങൾ രക്ത നാളങ്ങളിൽ ആരംഭിക്കുകയും പിന്നീട് സ്തന കോശത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളരുകയും ചെയ്യുന്നു. രണ്ടാമത്തേതിൽ കാൻസർ കോശങ്ങൾ രക്ത നാളങ്ങളിൽ മാത്രമേയുള്ളൂ,സ്തനത്തിലെ മറ്റ് ടിഷ്യൂകളലേക്ക് പടരില്ല.
യുഎസിൽ 100 സ്തനാർബുദ കേസുകളിൽ ഒരാൾ മാത്രമാണ് പുരുഷൻ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, യുകെയിൽ 2017ൽ 319 പുരുഷന്മാരിൽ സ്തനാർബുദം കണ്ടെത്തി, അതേവർഷം 46,000 സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്.
എന്നിരുന്നാലും ഇപ്പോൾ രോഗബാധിതരാകുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഉദാഹരണത്തിന്, അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ (ACS) കണക്കനുസരിച്ച്, ഈ വർഷം യുഎസിൽ ഏകദേശം 2,790 പുരുഷന്മാരിൽ കേസുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ശരാശരി 726 പേരിൽ ഒരാൾക്കാണ് സ്തനാർബുദം വരാനുള്ള സാദ്ധ്യത. എന്നാൽ ജീവിത രീതിയും മറ്റും അനുസരിച്ച് അപകട സാദ്ധ്യത കൂടിയും കുറഞ്ഞുമിരിക്കും.
അപകട ഘടകങ്ങൾ
പുരുഷ സ്തനാർബുദ സാദ്ധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പ്രായമേറുന്തോറും സ്തനാർബുദ സാദ്ധ്യതയും കൂടുന്നു. ശരാശരി 72 വയസിലാണ് മിക്കവരിലും രോഗം നിർണയിക്കപ്പെടുന്നത്.
ക്ലൈൻഫെൽറ്റർ സിൻഡ്രോം ബാധിച്ച പുരുഷന്മാർക്കും സ്തനാർബുദം വരാനുള്ള സാദ്ധ്യത കൂടുതലാണ്. ക്ലൈൻഫെൽറ്റർ സിൻഡ്രോം എന്നത് ഒരു പുരുഷന് എക്സ് ക്രോമസോം കൂടുതലുള്ള ഒരു അപൂർവ ജനിതക അവസ്ഥയാണ്. ഇങ്ങനെയുള്ളവരുടെ ശരീരത്തിൽ ഈസ്ട്രജൻ അളവ് വളരെ കൂടുതലും ഉയർന്ന അളവിലും ആൻഡ്രോജന്റെ കുറവുമായിരിക്കും. പൊണ്ണത്തടി പുരുഷ സ്തനാർബുദ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ലക്ഷണങ്ങൾ
പുരുഷന്മാരിൽ സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകളുടേതിന് സമാനമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. വേദനയില്ലാത്ത മുഴകൾ, അല്ലെങ്കിൽ ചർമ്മത്തിലെ നിറ വ്യത്യാസം അടക്കമുള്ള മാറ്റങ്ങൾ ഇതിലുൾപ്പെടുന്നു. നേരിയ രക്തസ്രാവവുമുണ്ടാകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെഞ്ചിലെ വ്രണങ്ങളോ മുലക്കണ്ണിന്റെ ആകൃതിയിലോ രൂപത്തിലോ ഉള്ള മാറ്റവുമൊക്കെ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാമെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസസ് വ്യക്തമാക്കി.
ചികിത്സ
സ്ത്രീകൾക്ക് നൽകുന്ന ചികിത്സകൾ തന്നെയാണ് പുരുഷന്മാർക്കും നൽകുന്നത്. പുരുഷന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയാൽ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ഹോർമോൺ തെറാപ്പി അടക്കമുള്ളവ നൽകുന്നു.