
.news-body p a {width: auto;float: none;}
ടെൽ അവീവ്: വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കും. അതേസമയം, ഹമാസ് മരണസംഖ്യ പെരുപ്പിച്ചു കാട്ടുകയാണെന്നും സംഭവം പരിശോധിച്ചു വരികയാണെന്നും ഇസ്രയേൽ പ്രതികരിച്ചു. മേഖലയിലെ ഇൻഡോനേഷ്യൻ ആശുപത്രിക്ക് നേരെ വെടിവയ്പുമുണ്ടായി. വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് മൂലം രണ്ട് രോഗികൾ മരിച്ചു. ഗാസയിലെ മരണം 42,600 കടന്നു.
ശനിയാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. തലസ്ഥാനമായ ബെയ്റൂട്ടിലുള്ള ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനം തകർത്തു. മൂന്ന് ഹിസ്ബുള്ള കമാൻഡർമാർ കൊല്ലപ്പെട്ടു.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ഹാരെക് ഹ്രെയ്ക്, ഹദാത്ത് മേഖലകളിൽ നിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. നബാത്തിയേയിൽ ഇസ്രയേൽ വ്യോമാക്രമണത്തിനിടെ സൈനിക വാഹനം പൊട്ടിത്തെറിച്ച് മൂന്ന് ലെബനീസ് സൈനികർ കൊല്ലപ്പെട്ടു.
ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ലെബനീസ് സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങൾ സ്ഥിതിഗതികൾ വഷളാക്കിയേക്കും. ഇതിനിടെ രാജ്യത്തിന്റെ വടക്കൻ മേഖലകളെ ലക്ഷ്യമാക്കിയ 160 ഹിസ്ബുള്ള റോക്കറ്റുകളിൽ ഭൂരിഭാഗവും ഇസ്രയേൽ സൈന്യം തകർത്തു. ആളപായമില്ല.
സിൻവാർ ഒളിവിൽ കഴിഞ്ഞത്
ടണലിൽ: ദൃശ്യം പുറത്ത്
2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഗാസയിലെ ഭൂഗർഭ ടണലിലൂടെ രക്ഷപെടുന്ന ഹമാസ് മുൻ തലവൻ യഹ്യാ സിൻവാറിന്റെ ദൃശ്യം പുറത്ത്. ഭാര്യയും രണ്ട് മക്കൾക്കും ഒപ്പം ടെലിവിഷൻ സെറ്റ് അടക്കമുള്ള സാധനങ്ങളുമായാണ് സിൻവാർ രക്ഷപ്പെട്ടത്. സിൻവാർ, ഖാൻ യൂനിസിലെ ടണലിലാണ് കഴിഞ്ഞതെന്ന് സൈന്യം പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]