
.news-body p a {width: auto;float: none;}
36 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ജയിച്ച് ന്യൂസിലാൻഡ്
ബംഗളുരു ടെസ്റ്റിൽ ന്യൂസിലാൻഡിന്റെ വിജയം എട്ട് വിക്കറ്റിന്
ബംഗളുരു : ആദ്യ ഇന്നിംഗ്സിൽ 46 റൺസിന് ആൾഔട്ടായിപ്പോയ ഇന്ത്യൻ ടീം രണ്ടാം ഇന്നിംഗ്സിൽ ഭഗീരഥപ്രയത്നം നടത്തിയിട്ടും അനിവാര്യമായ തോൽവി ഒഴിവാക്കാനായില്ല. ന്യൂസിലാൻഡിനെതിരെ ബംഗളുരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ടുവിക്കറ്റിന്റെ തോൽവിയാണ് ഇന്നലെ ഇന്ത്യ ഏറ്റുവാങ്ങിയത്. 1988ന് ഇന്ത്യൻ മണ്ണിൽ ന്യൂസിലാൻഡ് ടീം നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്.ഇതോടെ മൂന്നു മത്സര പരമ്പരയിൽ കിവികൾ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഈ മാസം 24 മുതൽ പൂനെയിൽ നടക്കും. നവംബർ ഒന്നുമുതൽ മുംബയ്യിലാണ് മൂന്നാം ടെസ്റ്റ്.
ബംഗളുരു ടെസ്റ്റിന്റെ അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിലെ വിജയലക്ഷ്യമായ 107 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു കിവീസ്.നാലാം ദിവസം വൈകിട്ട് റണ്ണൊന്നുമെടുക്കാതെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്ന കിവീസിന് ഇന്നലത്തെ രണ്ടാം പന്തിൽതന്നെ നായകൻ ടോം ലതാമിനെ(0) നഷ്ടമായെങ്കിലും ഡെവോൺ കോൺവേയ് (17),വിൽ യംഗ് (48 നോട്ടൗട്ട്),രചിൻ രവീന്ദ്ര (39 നോട്ടൗട്ട്) എന്നിവർ ചേർന്ന് വിജയത്തിൽ എത്തിക്കുകയായിരുന്നു. ആദ്യ ഓവറിൽ ലതാമിനെയും 13-ാം ഓവറിൽ കോൺവേയേയും വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കിയത് ബുംറയാണ്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയിരുന്ന (134) ഇന്ത്യൻ വംശജനായ കിവീസ് ബാറ്റർ രചിൻ രവീന്ദ്രയാണ് മാൻ ഒഫ് ദ മാച്ച്.
ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യദിനം മഴമൂലം കളിനടന്നിരുന്നില്ല. രണ്ടാം ദിനം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അപ്രതീക്ഷിതമായി കിവീസ് പേസർമാർക്ക് മുന്നിൽ വെറും 46 റൺസിന് തകർന്നടിയുകയായിരുന്നു. തുടർന്ന് ആദ്യ ഇന്നിംഗ്സിനിറങ്ങിയ കിവീസ് ആദ്യ ദിനം തന്നെ 180/3 എന്ന സ്കോറിലെത്തി ആധിപത്യമുറപ്പിച്ചിരുന്നു. മൂന്നാം ദിനം കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് 402 റൺസിൽ അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 231/3 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സിൽ പൊരുതിനിന്നു. നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 462 റൺസിന് അവസാനിച്ചപ്പോഴാണ് കിവീസിന് ലക്ഷ്യമായി 107 റൺസ് കുറിക്കപ്പെട്ടത്.
യുവതാരം സർഫറാസ് ഖാന്റെ സെഞ്ച്വറിയും (150),റിഷഭ് പന്തിന്റെ സെഞ്ച്വറിക്ക് ഒരു റൺ അകലെ വീണുപോയ ഇന്നിംഗ്സ്സും (99) വിരാട് കൊഹ്ലിയുടെയും (70), രോഹിത് ശർമ്മയുടെയും (52) അർദ്ധസെഞ്ച്വറികളും യശസ്വി ജയ്സ്വാളിന്റെ 35 റൺസുമാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് കരുത്തേകിയത്. എന്നാൽ ഒരു ഘട്ടത്തിൽ 433/4 എന്ന നിലയിലായിരുന്ന ഇന്ത്യ 462ൽ ആൾഔട്ടായത് പ്രതീക്ഷകൾ പിന്നെയും തകിടം മറിച്ചു.ഇതോടെയാണ് കിവീസ് വീണ്ടും കളിയിലേക്ക് കയറിവന്നത്. 99ൽ വച്ച് റിഷഭിനെ ബൗൾഡാക്കിയ ഒ റൂർക്കേ കെ.എൽ രാഹുലിനെയും (12) രവീന്ദ്ര ജഡേജയേയും (5) കൂടി പുറത്താക്കിയതോടെ കളി കറങ്ങിത്തിരിഞ്ഞു. ഇന്ത്യയുടെ സമനില മോഹം പോലും വിഫലമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]