
പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രങ്ങളും വെബ്സീരീസുകളും ഒ.ടി.ടി.യിൽ പ്രദർശനത്തിനെത്തി. കൊണ്ടൽ, ലെവൽ ക്രോസ്, വാഴൈ തുടങ്ങി മലയാളത്തിലും അന്യഭാഷകളിലുമായി പത്തിലധികം ചിത്രങ്ങളാണ് ഒ.ടി.ടി.യിൽ റിലീസായത്.
ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി. ഷെട്ടി ഒന്നിച്ച ചിത്രം കൊണ്ടൽ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിച്ച് അജിത് മാമ്പള്ളി സംവിധാനംചെയ്ത ചിത്രമാണിത്. കൂമനുശേഷം ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് നിർമിച്ച ലെവൽ ക്രോസ് ആമസോൺ പ്രൈമിലൂടെയാണ് ഒ.ടി.ടി.യിലെത്തിയത്. ജിത്തു ജോസഫിന്റെ സംവിധാനസഹായിയായിരുന്ന അർഫാസ് അയൂബാണ് സംവിധാനം. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ആസിഫിനൊപ്പം പ്രധാനവേഷങ്ങളിൽ അമലാപോളും ഷറഫുദ്ദീനുമുണ്ട്.
സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസായ ജയ് മഹേന്ദ്രൻ മികച്ച പ്രതികരണങ്ങളിലൂടെ സ്ട്രീമിങ് തുടരുകയാണ്. സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായെത്തുന്ന ജയ് മഹേന്ദ്രനിൽ സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ് ശിവ തുടങ്ങി വൻതാരനിര അണിനിരക്കുന്നു. ശ്രീകാന്ത് മോഹൻ സംവിധാനംചെയ്ത സീരീസിന്റെ രചനയും നിർമാണവും നിർവഹിച്ചിരിക്കുന്നത് രാഹുൽ റിജി നായരാണ്.
മാരിസെൽവരാജിന്റെ സംവിധാനത്തിൽ തിയേറ്ററിൽ മികച്ച വിജയംനേടിയ ചിത്രമാണ് വാഴൈ. മലയാളി താരം നിഖില വിമൽ നായികയായ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ചെയ്യുന്നത്. സൂര്യ നായകനായി 2020-ൽ പുറത്തിറങ്ങിയ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സർഫിറ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തിക്കഴിഞ്ഞു. സുധ കൊങ്കര സംവിധാനംചെയ്ത ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകൻ.
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച സ്ത്രീ 2 ആമസോൺ പ്രൈം വീഡിയോയിൽ കാണാം. അമർ കൗശിക് സംവിധാനംചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും ചിത്രത്തിൽ അതിഥിവേഷങ്ങളിലെത്തുന്നു. അനന്യ പാണ്ഡെയും വിഹാൻ സമത്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈബർ ത്രില്ലറാണ് കൺട്രോൾ (CTRL). വിക്രമാദിത്യ മോട്വാനെ, അവിനാഷ് സമ്പത്ത് എന്നിവർ ചേർന്ന് സംവിധാനംചെയ്ത ചിത്രം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാം.
വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത പുതിയ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യുന്നു. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വി.ടി.വി. ഗണേഷ്, സ്നേഹ, ലൈല തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം കാണാം. സൂരി, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.എസ്. വിനോദ് രാജ് സംവിധാനംചെയ്ത കൊട്ടുകാളി ആമസോൺ പ്രൈമിൽ ലഭ്യമാണ്. റഷ്യയിൽനടന്ന 22-ാമത് അമുർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രീ അവാർഡ് നേടിയ സിനിമയാണ് കൊട്ടുകാളി. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രംകൂടിയാണിത്.
ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ഉലാജ് നെറ്റ്ഫ്ളിക്സിൽ കാണാം. മലയാളി താരം റോഷൻ മാത്യുവും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനാർക്കലി മരയ്ക്കാർ, സുഹാസിനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന പുതിയ മലയാളം വെബ് സീരീസാണ് സോൾ സ്റ്റോറീസ്. സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന വെബ് സീരീസിൽ രഞ്ജി പണിക്കർ, ആർജെ കാർത്തിക്, വഫ ഖതീജ, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസാണ് 1000 ബേബീസ്. തെന്നിന്ത്യയുടെ പ്രിയതാരം റഹ്മാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണിത്. നീന ഗുപ്തയും റഹ്മാനൊപ്പം പ്രധാനവേഷത്തിലെത്തുന്നു. സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ഴോണറിലുള്ള സീരീസ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴു ഭാഷകളിൽ കാണാം.
കോളിവുഡിൽ മികച്ചപ്രതികരണം നേടി ബോക്സോഫീസിൽ ഹിറ്റായ ലബ്ബർപന്താണ് ഒ.ടി.ടി.യിൽ പ്രദർശനത്തിനൊരുങ്ങുന്ന പുതിയചിത്രം. സ്വാസിക കേന്ദ്രകഥാപാത്രമായെത്തിയ ലബ്ബർ പന്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് തമിഴ് അരശനും പച്ചമുത്തുവും ചേർന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]