
.news-body p a {width: auto;float: none;}
പറന്നുയരുന്ന പല വിമാനങ്ങൾക്കും ബോംബ് ഭീഷണി. പിന്നാലെ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് അടിയന്തര ലാൻഡിംഗും. ഇന്ത്യയിലെ മുൻനിര കമ്പനികളുടെ എയർലൈനുകളെല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശങ്കയോടെയാണ് വിമാനം ടേക്കോഫ് ചെയ്യുന്നത്. ഈ അവസ്ഥ ദിവസങ്ങളായി തുടരുന്നു. പല വിമാനക്കമ്പനികളും തങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കും ചികയുകയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എയർലൈൻ കമ്പനികളിലൊന്നായ എയർ ഇന്ത്യയ്ക്ക് മാത്രം കഴിഞ്ഞ തിങ്കളാഴ്ച മുതൽ 12ൽ കൂടുതൽ ബോംബ് ഭീഷണികളാണ് തേടിയെത്തിയത്. എന്നാൽ ഇതുവരെയുള്ള എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിഞ്ഞു. രാജ്യത്തെ സിഖ് വിഘടനവാദികളുടെ സാന്നിദ്ധ്യവും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്ന സാഹചര്യത്തിൽ ഇത്തരം ബോംബ് ഭീഷണികൾ എത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കാരണം, ഇന്ത്യയും കാനഡയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യോമയാന ദുരന്തത്തിന്റെ ചരിത്രമാണ്. പരിശോധിക്കാം..
മൂന്ന് ദിവസത്തിനിടെ 19 ബോംബ് ഭീഷണികൾ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അടക്കം 19 ബോംബ് ഭീഷണികളാണ് ഇന്ത്യയിലെ എയർലൈനുകൾ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നേരിട്ടത്. എയർ ഇന്ത്യയും മൂന്ന് സ്വകാര്യ എയർലൈനുകളും ഈ പട്ടികയിൽ ഉൾപ്പെടും. ബോംബ് ഭീഷണികൾ വരുന്നത് സാധാരണമാണ്. എന്നാൽ ദിവസേന ഇതൊരു തുടർകഥയാകുന്നത് അത്ര സാധാരണമല്ല.
ബോംബ് ഭീഷണികളും ചരിത്രവും
1985 ജൂൺ 23, അന്നായിരുന്നു കാനഡയിലെ മോൺട്രിയലിൽ നിന്നുള്ള മുംബയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എംപറർ കനിഷ്ക എന്ന ബോയിംഗ് വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ ബോംബ് സ്ഫോടനത്തിൽ തകർന്നുവീണത്. വിമാനത്തിൽ 307 യാത്രക്കാരും 22 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാർ. അമേരിക്കയിൽ 9/11 ആക്രമണത്തിന് മുമ്പ് ലോകം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു അത്. കാനഡയിലെ നാളിതുവരെയായുള്ള ഏറ്റവും വലിയ വ്യോമയാന ദുരന്തം. കനേഡിയൻ സുരക്ഷ ഏജൻസികൾക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണ് ഈ ഭീകരാക്രമണത്തിന് കാരണമെന്ന വിവരം പിന്നീട് പുറത്തുവന്നു.
അതേ ദിവസം തന്നെയായിരുന്നു ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറിയിൽ ബാഗേജ് കൈകാര്യം ചെയ്യുന്ന രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ ബോംബ് ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തെ ലക്ഷ്യം വച്ചായിരിക്കാമെന്ന നിഗമനത്തിലേക്ക് പിന്നീടെത്തി. ഇതോടെയാണ് എംപറർ കനിഷ്കയും ബോംബ് സ്ഫോടനത്തിലാണ് തകർന്നതെന്ന് വ്യക്തമായത്. സ്ഫോടനത്തെക്കുറിച്ച് പിന്നീട് നടത്തിയ അന്വേഷണങ്ങളെല്ലാം എത്തിച്ചേർന്നത് സിഖ് വിഘടനവാദികളിലേക്കായിരുന്നു.
സൈനിക നടപടിയിലെ പ്രതികാരം
1984 ജൂണിൽ ഖാലിസ്താൻ വാദം ശക്തിപ്രാപിച്ച സമയത്ത് സായുധ പോരാട്ടത്തിന് നീക്കം നടത്തിയ ഭിന്ദ്രൻവാലയെയും അനുയായികളെയും അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ കടന്നുകയറി വധിച്ചതിലെ പ്രതികാരമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തി. അന്നത്തെ സൈനിക നടപടി സിഖ് വിഭാഗങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. അതിനുശേഷം, ഖാലിസ്ഥാൻ പ്രസ്ഥാനം ഇന്ത്യയിൽ ഏറെക്കുറെ ഇല്ലാതെയായി, എന്നാൽ കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സിഖ് വിഭാഗങ്ങൾക്കിടയിൽ ശക്തമായ പിന്തുണ വിഘടനവാദികൾക്കുണ്ട്.
1985ലെ സ്ഫോടനങ്ങളിൽ നിരവധി പേർ കുറ്റാരോപിതനാണെങ്കിലും ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബ്രിട്ടീഷ് കനേഡിയൻ ഇലക്ട്രീഷ്യനായ ഇന്ദർജിത് സിംഗ് റിയാത്ത്. ഇയാൾ 1991 നും 2016 നും ഇടയിൽ കാനഡയിലും യുകെയിലും ശിക്ഷ അനുഭവിച്ചു. കനേഡിയൻ സിഖ് വിഘടനവാദി നേതാവ് തൽവീന്ദർ സിംഗ് പർമറിനെ റിയാത്തിനൊപ്പം വിചാരണ ചെയ്തുവെങ്കിലും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിയാത്തതിനാൽ പിന്നീട് വിട്ടയച്ചു.
2000ൽ കനേഡിയൻ പൊലീസ്, വാൻകൂവറിലെ വ്യവസായി റിപുദാമൻ സിംഗ് മാലിക്, ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള മിൽ തൊഴിലാളിയായ അജൈബ് സിംഗ് ബാഗ്രി എന്നിവരെയും കൂട്ടക്കൊല, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് ഇരുവരെയും വിട്ടയക്കേണ്ടി വന്നു. കനേഡിയൻ അധികാരികൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ഇരകളുടെ കുടുംബങ്ങൾ ദീർഘകാലമായി ആരോപിച്ചിരുന്നു.
2023ലെ ഭീഷണി
2023ന്റെ അവസാനത്തിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണി ഏറെ ഞെട്ടിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ സിഖുകാർ യാത്ര ചെയ്യരുതെന്നും അത് ജീവൻ അപകടത്തിലാക്കുമെന്നാണ് പന്നൂൻ പറഞ്ഞത്. എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് തടസപ്പെടുത്തുമെന്നും പന്നൂൻ ഭീഷണി മുഴക്കി. കൂടാതെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളം 19ന് അടഞ്ഞുകിടക്കുമെന്നും പന്നൂൻ അവകാശപ്പെട്ടു. യുഎസിൽ വച്ച് പന്നൂനിനെ വധിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇമിഗ്രേഷൻ അഭിഭാഷകനായ പന്നൂൻ, ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ് ഗ്രൂപ്പിന്റെ (എസ്എഫ്ജെ) നേതാവാണ്. ഇന്ത്യൻ വിരുദ്ധത മാത്രമുള്ള പന്നൂൻ ഇന്ത്യൻ പതാകയെ അപമാനിക്കാനും ഇന്ത്യ വിരുദ്ധ ഗ്രാഫിറ്റികൾ എഴുതാനും ആളുകളെ പ്രത്സാഹിപ്പിക്കാറുണ്ട്. 2023 ഒക്ടോബറിൽ, ഇന്ത്യയ്ക്കെതിരെ ‘ഹമാസിനെ പോലുള്ള’ ആക്രമണം നടത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ഇന്ത്യ- കാനഡ ഇപ്പോഴത്തെ ബന്ധം
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ച ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെ ആറു നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. കാനഡ ഇത് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ,ഡൽഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യ-കാനഡ ബന്ധം വീണ്ടും വഷളായത്.
ഇതോടൊപ്പം ഇന്ത്യൻ നയതന്ത്രജ്ഞരും കോൺസുലർ ഉദ്യോഗസ്ഥരും സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് രഹസ്യ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കമ്മിഷണർ മൈക്ക് ഡ്യൂഹെം വാർത്താ സമ്മേളനം നടത്തി ആരോപിച്ചു. ഇന്ത്യാ ഗവണമെന്റ് നടത്തുന്ന ഇടപെടലുകൾ കാനഡയിലെ പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും പൊലീസ് കമ്മിഷണർ ചൂണ്ടിക്കാട്ടി.
ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് ഇന്ത്യ പുറത്താക്കിയത്. ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്ക, പോള ഓർജുവേല എന്നിവരാണ് പുറത്തായ മറ്റുദ്യോഗസ്ഥർ. നിജ്ജർ കൊലപാതകവുമായി ബന്ധപ്പെടുത്തി ഹൈക്കമ്മിഷണറുടെ അടക്കം പേരുകൾ പരാമർശിച്ചുകൊണ്ട് കാനഡയിൽ നിന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് കത്തു ലഭിതോടെയാണ് ബന്ധം വഷളായത്.
ഇന്ത്യയിലെ കനേഡിയൻ ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് വീലറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. വിശ്വസനീയവും നിഷേധിക്കാനാവാത്തതുമായ തെളിവുകൾ ഇന്ത്യയ്ക്ക് നൽകിയെന്നാണ് സ്റ്റുവർട്ട് വീലർ പ്രതികരിച്ചത്. ഭീകരതയുടെയും അക്രമത്തിന്റെയും അന്തരീക്ഷത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ ട്രൂഡോ സർക്കാരിന് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിനാൽ, ഹൈക്കമ്മിഷണറെ പിൻവലിക്കാൻ തീരുമാനിച്ചതായി ഇന്ത്യയും പ്രഖ്യാപിച്ചു.