
രാഘവൻ മാഷിന്റെ ഓർമ്മദിനം (ഒക്ടോബർ – 19)
ആദ്യചിത്രമായ ‘ഉത്തരായണം’ എടുക്കുമ്പോൾ അതിൽ പിന്നണി ഗാനം ഉണ്ടാവരുത് എന്ന് മനസ്സുകൊണ്ട് തീരുമാനിച്ചയാളാണ് അരവിന്ദൻ. കഥാ സന്ദർഭത്തിന് ഇണങ്ങുംവിധം രണ്ടുമൂന്ന് നാടൻ പാട്ടിന്റെ ശകലങ്ങളും ഒരു കവിതയും ആവാം എന്ന് മാത്രം. പക്ഷേ ജി കുമാരപിള്ള എഴുതി രാഘവൻ മാഷിന്റെ ഈണത്തിൽ യേശുദാസ് പാടിയ ‘ഹൃദയത്തിൻ രോമാഞ്ചം’ ഒഴിച്ചുനിർത്തി നമുക്കെങ്ങനെ ‘ഉത്തരായണ’ത്തെ കുറിച്ച് ചിന്തിക്കാനാകും? മലയാളസിനിമയിലെ ഉദാത്തമായ കാവ്യഗീതികളുടെ കൂട്ടത്തിലാണ് ആ പാട്ടിന്റെ സ്ഥാനം.
കോഴിക്കോട്ടെ പഴയ രത്നഗിരി ഹോട്ടലിൽ ഇരുന്ന് അത് ചിട്ടപ്പെടുത്തിയ കഥ സംഗീത സംവിധായകൻ രാഘവൻ മാസ്റ്റർ വിവരിച്ചു കേട്ടിട്ടുണ്ട്. ”ശരത്ചന്ദ്ര മറാഠേയിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചയാളാണ് അരവിന്ദൻ. സിനിമയുടെ സകലവശങ്ങളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ നിലപാടുകളും ഉള്ള ആൾ. ‘ഹൃദയത്തിൻ രോമാഞ്ചം’ ചിട്ടപ്പെടുത്തുമ്പോൾ ഒന്നുരണ്ടു ഉപാധികൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്. അധികം ആർഭാടം വേണ്ട. പശ്ചാത്തലത്തിൽ ഏറ്റവും ചുരുങ്ങിയ ഉപകരണങ്ങൾ മതി. ഇഷ്ടരാഗമായ ശുഭപന്തുവരാളിയിൽ വേണം അത് സ്വരപ്പെടുത്താൻ. കഴിയുന്നത്ര ഒതുക്കം പാലിച്ചുകൊണ്ടു തന്നെ അതൊരു നല്ല പാട്ടാക്കാൻ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം.”
ഇനിയുള്ള കഥ, ‘ഉത്തരായണ’ ത്തിലെ ഗാനസൃഷ്ടിയുടെ എല്ലാ ഘട്ടങ്ങളിലും സജീവമായി അരവിന്ദന് ഒപ്പമുണ്ടായിരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ എൻ.എൽ. ബാലകൃഷ്ണന്റെ വാക്കുകളിൽ: ”രാഘവൻ മാഷ് കവിത ഈണമിട്ട് പാടിക്കേൾപ്പിച്ചപ്പോൾ നിശബ്ദനായി അത് കേട്ടിരുന്നു അരവിന്ദൻ. എന്നിട്ട് വളരെ പതുക്കെ പറഞ്ഞു: ‘നന്നായിട്ടുണ്ട്. ഇത് മാഷ് തന്നെ പാടിയാൽ മതി.’ ഞാൻ ഉൾപ്പെടെ അവിടെ ഇരുന്നവർ എല്ലാം അതേ അഭിപ്രായക്കാരായിരുന്നു. അത്രയും വിഷാദമധുരമായാണ് മാഷ് പാടിയത്. ഒരു പുഴയിങ്ങനെ ഒഴുകിപ്പോകും പോലെ.
പക്ഷേ സ്വന്തം ശബ്ദത്തിൽ അത് റെക്കോർഡ് ചെയ്യാൻ മാഷിന് വൈമനസ്യം. യേശുദാസിനെ മനസ്സിൽ കണ്ടാണ് താൻ ആ കവിത ചിട്ടപ്പെടുത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒന്നുകൂടി പറഞ്ഞു അദ്ദേഹം: ‘ഞാൻ പാടിയാൽ നിങ്ങൾക്കോ ഈ സിനിമയ്ക്കോ അതുകൊണ്ട് കാര്യമായ മെച്ചമൊന്നും ഉണ്ടാവില്ല. യേശുദാസ് പാടിയാൽ എളുപ്പം ശ്രദ്ധിക്കപ്പെടും. നിങ്ങൾക്ക് അതുകൊണ്ടു ഗുണമുണ്ടാകും..” പാതിമനസ്സോടെ ആണെങ്കിലും രാഘവൻ മാസ്റ്ററുടെ നിലപാടിന് വഴങ്ങുകയായിരുന്നു അരവിന്ദൻ. മലയാളത്തിലെ ഏറ്റവും ഹൃദയസ്പർശിയായ വിഷാദഗീതമായി ‘ഹൃദയത്തിൻ രോമാഞ്ചം’ മാറിയത് പിൽക്കാല ചരിത്രം.
ദേവരാജൻ മാസ്റ്റർക്കും ഏറെ പ്രിയപ്പെട്ട ഗാനമായിരുന്നു അത്. ചരണത്തിലെ ‘തിരശ്ശീല മന്ദമായ് ഊർന്നു വീഴ്കെ’ എന്ന വരിക്ക് രാഘവൻ മാസ്റ്റർ നൽകിയ ഈണത്തിന്റെ ഔചിത്യഭംഗിയെ ഒരിക്കൽ ദേവരാജൻ മതിപ്പോടെ വിലയിരുത്തിയതോർക്കുന്നു. ഈ രാഗത്തിന്റെ മൂഡിൽ തന്റെ സിനിമയിലും ഒരു വിഷാദഗാനം വേണമെന്ന സംവിധായകൻ ഐ.വി. ശശിയുടെ ആഗ്രഹത്തിന് വഴങ്ങിയാണ് രണ്ടു വർഷം കഴിഞ്ഞു ദേവരാജൻ ‘ഇന്നലെ ഇന്ന്’ എന്ന സിനിമക്ക് വേണ്ടി ശുഭപന്തുവരാളി രാഗത്തിൽ മറ്റൊരു മനോഹര ഗാനം ചിട്ടപ്പെടുത്തിയത്: ‘സ്വർണ യവനികക്കുള്ളിലെ സ്വപ്നനാടകം…’ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ രചിച്ച ഈ ഗാനത്തിനും ശബ്ദം പകർന്നത് യേശുദാസ് തന്നെ.
പിന്തുടർന്നു വന്ന സിനിമകളിൽ പലതിലും (തമ്പ്, കുമ്മാട്ടി) ഫോക്ക് സംഗീതത്തിന്റെ സാദ്ധ്യതകൾ അരവിന്ദൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ‘പോക്കുവെയി’ലിൽ കവിതയുടെയും. എങ്കിലും ‘ഹൃദയത്തിൻ രോമാഞ്ചം’ അരവിന്ദൻ സിനിമകളുടെ മുദ്രാഗീതമായിത്തന്നെ ഇന്നും നിലനിൽക്കുന്നു. പല വേദികളിലും അരവിന്ദൻ തന്നെ ഈ ഗാനം പാടിക്കേട്ടിട്ടുണ്ട്. ആത്മവിസ്മൃതിയുടെ തലത്തിലേക്കുയരുന്ന ആലാപനം. രാഘവൻ മാഷിന്റെയോ യേശുദാസിൻെറയോ അല്ല, അരവിന്ദന്റെ മാത്രമാണ് ‘ഹൃദയത്തിൻ രോമാഞ്ചം’ എന്ന് തോന്നിപ്പോകും അപ്പോൾ.
യേശുദാസിനെ ഉദ്ദേശിച്ചു ചിട്ടപ്പെടുത്തിയ മറ്റു രണ്ടു പാട്ടുകൾ വിധിനിയോഗമെന്നോണം സ്വയം പാടേണ്ടി വന്നിട്ടുണ്ട് രാഘവൻ മാഷിന്. ‘അസുരവിത്തി’ലെ പകലവനിന്ന് മറയുമ്പോൾ, ‘കടമ്പ’യിലെ അപ്പോഴും പറഞ്ഞില്ലേ എന്നീ ഗാനങ്ങൾ. ”ദാസിനെ കേൾപ്പിക്കാൻ വേണ്ടി ഞാൻ പാടിവെച്ച പാട്ടാണ് നിർമ്മാതാവിന്റെയും സംവിധായകൻ വിൻസന്റ് മാഷിന്റെയും നിർബന്ധത്തിന് വഴങ്ങി ഒടുവിൽ അസുരവിത്തിൽ ഉപയോഗിച്ചത്… ‘അപ്പോഴും പറഞ്ഞില്ലേ’ പാടിയത് കടമ്പയുടെ സംവിധായകൻ പി.എൻ. മേനോൻ വാശി പിടിച്ചതുകൊണ്ടും. ഭാഗ്യവശാൽ ഈ പാട്ടുകളൊക്കെ ആളുകൾ സ്വീകരിച്ചു. സന്തോഷമുള്ള കാര്യം.”– വിനയപൂർവം രാഘവൻ മാഷ് പറഞ്ഞു.
(പുനഃപ്രസിദ്ധീകരണം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]